43ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് സമാപനമായി.
ഷാർജ : 118 രാജ്യങ്ങളിൽനിന്നുള്ള 2350 പ്രസാധകർ ഇത്തവണ മേളയുടെ ഭാഗമായി. ‘നിങ്ങളും പുസ്തകവും തമ്മിൽ’ എന്നതായിരുന്നു ഇത്തവണത്തെ മേളയുടെ പ്രമേയം
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിന് കീഴിലാണ് മേള ആരംഭിച്ചത്. 12 ദിവസങ്ങളിലായി നടന്ന മേള സന്ദർശിക്കാൻ ഏഴു എമിറേറ്റുകളിൽനിന്നായി മലയാളികൾ ഉൾപ്പെടെ പതിനായിരങ്ങൾ എത്തി.
നവംബർ അഞ്ചിന് ആരംഭിച്ച പുസ്തകോത്സവത്തിൽ മലയാളികളുടെത് ഉൾപ്പെടെ അനേകം യുവ സാഹിത്യ പ്രതിഭകളുടെ പുസ്തകങ്ങൾ പ്രകാശിതമായി. മലയാളത്തിൽ കവി സച്ചിദാനന്ദൻ ഉൾപ്പെടെ പ്രമുഖർ അതിഥികളായെത്തി. ഹോളിവുഡ് നടൻ വിൽസ്മിതിന്റെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. ഗ്രീസായിരുന്നു ഇത്തവണ അതിഥി രാജ്യം. കഴിഞ്ഞ വർഷത്തേക്കാൾ 10 രാജ്യങ്ങൾ കൂടുതലായി ഇത്തവണ മേളയിൽ പങ്കെടുത്തു. എട്ട് ഭാഷകളിലായി സായാഹ്ന കവിതാ സദസ്സുകൾ ഒരുക്കുന്ന പരിപാടിയും ഇത്തവണ സംഘടിപ്പിച്ചിരുന്നു. പ്രസാധകർക്ക് പിന്തുണയർപ്പിച്ച് പുസ്തകങ്ങൾ വാങ്ങാൻ 45 ലക്ഷം ദിർഹമിന്റെ പുസ്തകങ്ങൾ വാങ്ങാൻ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടിരുന്നു.