PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIമരണത്തിന് ആമുഖമായ പുസ്തകം : ഡോ. ധനലക്ഷ്മിയുടെ കവിതാ സമാഹാരം “ഇനി എത്ര നാൾ” പുറത്ത്

മരണത്തിന് ആമുഖമായ പുസ്തകം : ഡോ. ധനലക്ഷ്മിയുടെ കവിതാ സമാഹാരം “ഇനി എത്ര നാൾ” പുറത്ത്

മരണത്തിന് ആമുഖമായ പുസ്തകം : ഡോ. ധനലക്ഷ്മിയുടെ കവിതാ സമാഹാരം “ഇനി എത്ര നാൾ” പുറത്ത്

അബുദാബി: അകാലത്തിൽ വിടവാങ്ങിയ പ്രവാസി ഡോക്ടറും എഴുത്തുകാരിയുമായ ഡോ. ധനലക്ഷ്മി മരണത്തിന് ആമുഖമായി എഴുതിയ കവിതാ സമാഹാരം കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മുൻകൈയിൽ വായനക്കാരിലേക്ക്. ഒരു വർഷം മുൻപ് എഴുതി പ്രസിദ്ധീകരിക്കാതെ പോയ മരണവും പ്രണയവും പ്രമേയമായ കവിതകളാണ് യുഎഇയിൽ പ്രകാശനം ചെയ്തത്.

“എല്ലാ വാക്കുകളും എന്റെ കൂടെ പൊടിപിടിച്ച് മണ്ണിൽ തിരിഞ്ഞു പോവട്ടെ,” ജീവിതം പാതി വഴിയിൽ അവസാനിപ്പിക്കുന്നതിന് മുൻപ് ഡോക്ടർ കുറിച്ചുവച്ചു. എന്നെങ്കിലും പ്രകാശിപ്പിക്കാമെന്ന ആഗ്രഹത്തോടെ ഹരിതം ബുക്സിന്റെ പ്രതാപൻ തായാട്ടിന് ആ കവിതകൾ അയച്ചുകൊടുത്തു. പ്രസാധനത്തിനും മുൻപേ കഴിഞ്ഞ ജൂലൈയിൽ ഡോ. ധനലക്ഷ്മിയെ അബുദാബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് അവരെ അറിയുന്നവർക്കെല്ലാം വലിയ നടുക്കമായിരുന്നു.

കുടുംബത്തിന്റെ അന്വേഷണത്തിൽ പുതു ജീവൻ നേടിയ പുസ്തകം

എഴുത്തിനെയും സൗഹൃദങ്ങളെയും സ്നേഹിച്ച ഡോ. ധനലക്ഷ്മിയുടെ പ്രസിദ്ധീകരിക്കപ്പെടാത്ത സൃഷ്ടികൾ തേടിയുള്ള കുടുംബത്തിന്റെ അന്വേഷണമാണ് “ഇനി എത്ര നാൾ” എന്ന പുസ്തകത്തിന് പുതു ജീവനേകിയത്. ഡോക്ടറുടെ കുടുംബാംഗങ്ങൾ പ്രമുഖ പ്രസാധകരെ ബന്ധപ്പെട്ട് ഡോ. ധനലക്ഷ്മിയുടെ സൃഷ്ടികൾ അവരുടെ പക്കൽ ഉണ്ടോയെന്ന അന്വേഷണത്തിലായിരുന്നു. കവിതകൾ ഉണ്ടെന്ന കാര്യം പ്രതാപൻ തായാട്ട് അറിയിച്ചതോടെ “ഇനി എത്ര നാൾ” പുസ്തകത്തിന്റെ പ്രസാധനത്തിലേക്ക് കടന്നു. വിടവാങ്ങൽ നിശ്ചയിച്ചുറപ്പിച്ചതെന്ന് തോന്നിപ്പിക്കും പോലെയാണ് പുസ്തകത്തിലെ കവിതകളെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.

 

അനുസ്മരണവും ആദരവുമായി പുസ്തകാവതരണം

യുഎഇയിലെ കലാ സാമൂഹിക സാംസ്കാരിക സദസ്സുകളിൽ സജീവമായിരുന്ന ഡോ. ധനലക്ഷ്മിയുടെ പുസ്തകത്തിന്റെ പ്രകാശനം വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പങ്കാളിത്തത്തിലൂടെ അവർക്കുള്ള ആദരവായി മാറി. ഡോ. ധനലക്ഷ്മി ദന്ത ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്ന എൽഎൽച്ച് ഹോസ്പിറ്റൽ മുസഫ ഉൾപ്പെടുന്ന ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലിന് ദുബായിൽ പുസ്തകം കൈമാറി. ഒപ്പം ഷാർജ അന്താരാഷ്‌ട്ര പുസ്തക മേളയിലും അബുദാബി മലയാളി സമാജത്തിലും പുസ്തകം അവതരിപ്പിച്ചു.

മരണത്തെയും പ്രണയത്തെയും പറ്റിയാണ് കവിതകളിലേറെയും, പ്രണയം എന്നത് മരണത്തോടുള്ള പ്രണയമാണെന്ന് തോന്നും, പ്രതാപൻ തായാട്ട് പറഞ്ഞു. സ്നേഹിച്ചു മതിവരാതെയാണ് ഡോ. ധനലക്ഷ്മി മടങ്ങിയതെന്ന് അബുദാബി മലയാളി സമാജത്തിൽ പുസ്തകം ഏറ്റുവാങ്ങിയ എഴുത്തുകാരി കെ.പി സുധീര പറഞ്ഞു.പുസ്തകാവതരണ ചടങ്ങുകളിൽ എഴുത്തുകാരനും നിർമ്മാതാവുമായ മൻസൂർ പള്ളൂർ, അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, കുടുംബാഗം ജയകൃഷ്ണൻ, എന്നിവർ സംസാരിച്ചു. അഡ്വ. ഹാഷിക് ടികെ, അബ്ദുൾ ജലീൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഡോ. ധനലക്ഷ്മിയുടെ ഇംഗ്ലീഷ് നോവലായ ‘അൺഫിറ്റഡ്’ എന്ന സൃഷ്ടിയെക്കുറിച്ച് മൻസൂർ പള്ളൂരിൽ നിന്ന് കുടുംബത്തിന് വിവരം ലഭിച്ചിട്ടുണ്ട്. വൈകാതെ ഇതും വെളിച്ചത്തെത്തിക്കാനാണ് കുടുംബത്തിന്റെ ശ്രമം. കണ്ണൂർ തളാപ്പ് സ്വദേശിയായിരുന്ന ഡോ. ധനലക്ഷ്മി മലയാളം കഥകളും കവിതകളും അടങ്ങുന്ന നാല് പുസ്തകങ്ങളുടെയും ഒരു ഇംഗ്ളീഷ് കവിതാ സമാഹാരത്തിന്റെയും രചയിതാവാണ്.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment