അബുദാബിയിൽ ‘എക്സലൻസ് ഗ്ലോബൽ സ്‌കൂൾ’ തുറന്നു; അൽ ധനാ സിറ്റിയിലെ ആദ്യ ബ്രിട്ടീഷ് കരിക്കുലം സ്‌കൂളാണ് പ്രവർത്തനം ആരംഭിച്ചത്.
അബുദാബി: അബുദാബി അൽ ധന്ന സിറ്റിയിൽ ‘എക്സലൻസ് ഗ്ലോബൽ സ്‌കൂൾ’ തുറന്നു. മേഖലയിലെ ആദ്യ ബ്രിട്ടീഷ് കരിക്കുലം സ്‌കൂൽ ആണ് പ്രവർത്തനം ആരംഭിച്ചത്. അഡക്കിന്റെ അംഗീകാരത്തോടെ പ്രീ- കെ.ജി മുതൽ ഗ്രേഡ് 6 വരെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് സ്‌കൂൾ പഠന സൗകര്യം ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനം അഡ്‌നോക്ക് അൽ ധഫ്റാ മേഖല വൈസ് പ്രസിഡന്റ് മുബാറക് ഒ. അൽ മൻസൂരി നിർവഹിച്ചു. അഡ്‌നോക്ക് ഉദ്യോഗസ്ഥരും നഗരത്തിലെ പ്രമുഖരും രക്ഷിതാക്കളും കുട്ടികളും ചടങ്ങിൽ പങ്കെടുത്തു. അൽ ധന്നയിലെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി അഡ്‌നോക്കിന്റെ പിന്തുണ തുടരുമെന്നും മൻസൂരി ഉത്‌ഘാടന വേളയിൽ അറിയിച്ചു.

ഗ്ലോബൽ എഡ്യൂക്കേഷണൽ സൊല്യൂഷൻസ് ചെയർമാൻ പാറയിൽ കുഞ്ഞി മുഹമ്മദ് അൻസാരി, മാനേജിങ് ഡയറക്ടർ ഡോ. മുനീർ അൻസാരി പാറയിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ആയിരം സീറ്റുള്ള മൾട്ടി-പർപ്പസ് ഹാൾ, ടർഫ് ഗ്രൗണ്ട്, ഇനോവേഷൻ ഹബ്, സ്മാർട്ട് ക്ലാസുകൾ എന്നിവ എല്ലാം ഉൾപ്പെടുത്തിയാണ് സ്‌കൂൾ ഒരുക്കിയിട്ടുള്ളത്. അബുദാബിയിലെ ബ്രിട്ടീഷ് കരിക്കുലം വിദ്യാഭ്യാസത്തിന് ഒരു പുതിയ നിലവാരം സൃഷ്ടിക്കാനാണ് ഈ സ്കൂൾ ലക്ഷ്യമിടുന്നത് എന്നും യുഎഇയുടെ 54-ാം ദേശീയദിനവും 2026-ലെ “ഇയർ ഓഫ് ദ് ഫാമിലി” പ്രഖ്യാപനവും ആഘോഷിക്കുന്ന സമയത്ത് സ്കൂൾ ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും അധികൃതർ അറിയിച്ചു.
