മദ്യദുരന്തം; മരിച്ചത് ആരൊക്കെ? ഞെട്ടലിൽ പ്രവാസി സമൂഹം
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ച് 13 പേർ മരിക്കുകയും നിരവധിപേർ ആശുപത്രിയിലാകുകയും ചെയ്ത സംഭവത്തിൽ പ്രവാസി സമൂഹം ഞെട്ടലിൽ. ദുരന്തത്തിൽ പെട്ട നിരവധിപേർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ തുടരുകയാണ്.സമ്പൂർണ മദ്യനിരോധവും ലഹരിക്കെതിരെ കർശന നടപടികളും നിലനിൽക്കുന്ന രാജ്യമാണ് കുവൈത്ത്. അധികൃതരുടെ കണ്ണുവെട്ടിച്ചുള്ള നിയമവിരുദ്ധ പ്രവർത്തനമാണ് വൻ ദുരന്തത്തിന് കാരണമായത്
ദുരന്തത്തിൽ മരിച്ചവർ ആരൊക്കെയെന്ന പൂർണവിവരം അധികൃതർ പുറത്തുവിട്ടില്ല. ആശുപത്രിയിൽ കഴിയുന്നവർ ആരെന്നും വ്യക്തല്ല. മരിച്ചവരിൽ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ ഉണ്ടെന്നാണ് സൂചന. ഇവരുടെ പേരുവിവരങ്ങളും പുറത്തുവിട്ടിട്ടില്ല. മരിച്ചവരുടെയും ആശുപത്രിയിൽ കഴിയുന്നവരെയും ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ മലയാളികൾ അടക്കമുള്ളവർ ആശങ്കയിലാണ്. ദിവസങ്ങളായി കാണാതായവരും ഫോണിൽ ലഭ്യമല്ലാത്ത പലരും അപകടത്തിൽ അകപ്പെട്ടോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇത് തെറ്റായ വാർത്തകൾ പ്രചരിക്കാനും ഇടയാക്കുന്നുണ്ട്.
അതേസമയം, മദ്യദുരന്തത്തിൽ 40ഓളം ഇന്ത്യക്കാരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇതിൽ ചിലർ അത്യാഹിത നിലയിലാണ്. ഇവരുടെയും വിവരങ്ങൾ ലഭ്യമല്ല. വിവരങ്ങൾ അറിയുന്നതിനായി എംബസി ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. വിഷയത്തിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായും ആശുപത്രികളുമായും എംബസി എകോപനം നടത്തിവരികയാണ്.