PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIമന്ത്രിസഭായോഗത്തിൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവർ

മന്ത്രിസഭായോഗത്തിൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവർ

മന്ത്രിസഭായോഗത്തിൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവർ

അബുദാബി : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 3000 കോടി ദിർഹത്തിന്റെ സാമ്പത്തിക നയത്തിന് അംഗീകാരം നൽകി. ഇതോടൊപ്പം വാർഷിക യോഗങ്ങളുടെ അജൻഡയും അംഗീകരിച്ചു. ബുധനാഴ്ച അബുദാബി ഖസർ അൽ വതനിൽ ചേർന്ന സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിലാണ് തീരുമാനം. യോഗത്തിൽ ശൈഖ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഓരോ എമിറേറ്റിന്റെയും മത്സരനേട്ടങ്ങൾ വിലയിരുത്തി. ദേശീയതലത്തിൽ സമാനസ്വഭാവമുള്ള വ്യവസായങ്ങൾ, സേവനങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ ഗ്രൂപ്പുണ്ടാക്കുന്നതിനുള്ള സാമ്പത്തിക ക്ലസ്റ്ററുകൾക്കായുള്ള ദേശീയ നയത്തിനാണ് അംഗീകാരം നൽകിയതെന്ന് ശൈഖ് മുഹമ്മദ് എക്സിൽ കുറിച്ചു.

സാമ്പത്തികമേഖലകൾ ശക്തിപ്പെടുത്താനും കഴിവുകൾ വികസിപ്പിക്കാനും ആഗോളവിപണികളിലേക്കുള്ള പ്രവേശനത്തെ പിന്തുണയ്ക്കാനും നയത്തിലൂടെ ശ്രമം നടത്തും. രാജ്യത്തിന്റെ ജിഡിപിയിൽ 3000 കോടി ദിർഹത്തിന്റെ വാർഷിക അധികമൂല്യം സൃഷ്ടിക്കാനും സമ്പദ്‌വ്യവസ്ഥയുടെ ആഗോള മത്സരശേഷി വർധിപ്പിക്കാനും നയത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. നവംബർ നാലുമുതൽ ആറുവരെ അബുദാബിയിൽ രാജ്യത്തെ 500 മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ നടക്കുന്ന യുഎഇ ഗവൺമെന്റ് വാർഷിക യോഗങ്ങളുടെ അജൻഡയ്ക്കും മന്ത്രിസഭ അംഗീകാരം നൽകി. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, കുടുംബം, ദേശീയ ഐഡന്റിറ്റി, സമ്പദ്‌വ്യവസ്ഥ, കൃത്രിമബുദ്ധി ആപ്പ് എന്നിവയിലായിരിക്കും ഈ വർഷത്തെ അജൻഡ ശ്രദ്ധ കേന്ദ്രീകരിക്കുക.വ്യോമയാനമേഖലയ്ക്കായി പുതുക്കിയ ദേശീയപദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകി. സുസ്ഥിരത സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ വൈവിധ്യമാർന്ന പ്രകൃതി, ജൈവ വിഭവങ്ങൾ സംരക്ഷിക്കുന്നതിനും ലക്ഷ്യമിടുന്ന ദേശീയ പരിസ്ഥിതി നയത്തിന്റെ ഫലങ്ങൾ, ഈ മേഖലയിലെ ഫെഡറൽ, പ്രാദേശിക ശ്രമങ്ങളെ ഏകോപിപ്പിക്കുന്ന ദേശീയ വായുഗുണനിലവാര അജൻഡ 2031-ന്റെ ഫലങ്ങളും യോഗം അവലോകനം ചെയ്തു.

പരിസ്ഥിതിസംരക്ഷണം യുഎഇയുടെ സുസ്ഥിര വികസന യാത്രയുടെ ഒരു കേന്ദ്ര സ്തംഭമായി തുടരുമെന്ന് ശൈഖ് മുഹമ്മദ് ആവർത്തിച്ചു. അൻവർ ഗർഗാഷ് ഡിപ്ലോമാറ്റിക് അക്കാദമി, യുഎഇ കൗൺസിൽ ഫോർ ഡിജിറ്റൽ ഇക്കോണമി, ഓൺട്രപ്രനേർഷിപ്പ് കൗൺസിൽ എന്നിവയുടെ ട്രസ്റ്റിബോർഡ് പുനഃസംഘടിപ്പിക്കുക, ഒന്നിലധികം മേഖലകളിലായി 85 അന്താരാഷ്ട്ര കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെക്കുക.യുഎഇ സർക്കാരിന്റെ പിന്തുണയോടെ 12 പ്രത്യേക അന്താരാഷ്ട്ര പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാനും മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്തെ എല്ലാ ദേശീയ ടീമുകളും അവരുടെ പദ്ധതികൾക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നത്. അവരുടെ ശ്രമങ്ങൾ വിജയത്തിലെത്തുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായിയുടെ ഒന്നാം ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment