ഡ്രൈവിങ് ലൈസൻസ് നേത്രപരിശോധന; 100 കേന്ദ്രങ്ങൾ കൂടി തുറന്ന് ദുബായ് ആർടിഎ.
ദുബായ് : ഡ്രൈവിങ് ലൈൻസിനായുള്ള കാഴ്ച പരിശോധന കേന്ദ്രങ്ങളുടെ എണ്ണം വർധിപിപിച്ചതായി ദുബായ് ആർടിഎ. വർഷത്തിന്റെ ആദ്യ പകുതിയിൽ പുതിയതായി 100 നേത്ര പരിശോധന കേന്ദ്രങ്ങൾ ആർടിഎയുമായി സഹകരിക്കാൻ തീരുമാനിച്ചു. ഇതോടെ, ദുബായിൽ ലൈസൻസ്, ലൈസൻസ് പുതുക്കൽ എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന നേത്രപരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം 434 ആയി. പുതിയ ലൈസൻസ് എടുക്കുന്നതിനും നിലവിലുള്ളതു പുതുക്കുന്നതിനും കാഴ്ച പരിശോധന നിർബന്ധമാണ്.കഴിഞ്ഞ വർഷം 9.40 ലക്ഷം പരിശോധന ഫലങ്ങളാണ് ഈ കേന്ദ്രങ്ങൾ നൽകിയത്. ഈ വർഷം ഇതുവരെ 8.54 ലക്ഷം നേത്രപരിശോധന റിപ്പോർട്ടുകൾ ഇവിടെ നിന്ന് ആർടിഎയ്ക്കു ലഭിച്ചു. പരിശോധന ഫലം ടെസ്റ്റിങ് കേന്ദ്രങ്ങളിൽ നിന്നു നേരിട്ട് ആർടിഎയുടെ ഡിജിറ്റൽ സംവിധാനത്തിലേക്ക് നൽകുന്നതാണ് രീതി. പരിശോധനാ ഫലം അപ്‌ലോഡ് ചെയ്യുന്നതു പോലുള്ള സാങ്കേതിക കാര്യങ്ങൾക്കായി അപേക്ഷകർ മിനക്കെടേണ്ടതില്ലെന്ന് ആർടിഎ അറിയിച്ചു. കാഴ്ച പരിശോധനയ്ക്ക് പരമാവധി 5 – 10 മിനിറ്റാണ് വേണ്ടി വരുന്നത്.