ചോദ്യം വിവാദ യൂട്യൂബറെ കുറിച്ച് ; എല്ലാത്തിനും പരിധിയുണ്ടെന്ന് യൂസുഫലിയുടെ മറുപടി
ദുബൈ: ആർക്ക് ആരെ പറ്റിയും പറയാമെന്നും എല്ലാത്തിനും പരിധിയുണ്ടെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി. നമുക്ക് വേറെ എത്ര നല്ലകാര്യങ്ങൾ ചർച്ച ചെയ്യാനുണ്ട്. ഉദ്ഘാടനം നല്ല കാര്യങ്ങൾ സംസാരിക്കാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദ യൂട്യൂബർ നടത്തിയ ആരോപണത്തെ കുറിച്ചും ഇതിനെതിരെ ലുലു ഗ്രൂപ്പ് സ്വീകരിച്ച നിയമനടപടിയും സംബന്ധിച്ച ചോദ്യത്തിനാണ് യൂസുഫലി ഇത്തരത്തിൽ മറുപടി നൽകിയത്. ഊദ് അൽ മുതിനയിൽ ലുലു ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടന വേളയിലായിരുന്നു യൂസുഫലി വിഷയത്തിൽ ഇത്തരത്തിൽ പ്രതികരിച്ചത്.
അതേസമയം, വിവാദ യൂട്യൂബർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അതിൽ വിട്ടുവീഴ്ചയില്ലെന്നും ലുലു ഗ്രൂപ്പ് അധികൃതർ വ്യക്തമാക്കി. തിരുവനന്തപുരം, ഡൽഹി, ലക്നോ കോടതികളിൽ കേസ് നൽകിയിട്ടുണ്ടെന്നും അത് തുടരുമെന്നും ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷൻസ് മേധാവി വി. നന്ദകുമാർ ആവർത്തിച്ചു. ഈ നടപടികളിൽ ഒരു മാറ്റവും ഉണ്ടാകില്ല. നേരത്തേയും ലുലു ഗ്രൂപ്പ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. വിവാദ യൂട്യൂബറുടെ മാപ്പപേക്ഷയും ഖേദപ്രകടനവുമൊക്കെ വ്യക്തിപരമായ കാര്യമാണെന്ന നിലപാടും ലുലു ഗ്രൂപ്പ് സ്വീകരിച്ചിരുന്നു.
അതേസമയം, കേരളത്തിലെ ബാങ്കുകൾ വീടുകൾ ജപ്തി ചെയ്യുമ്പോൾ മാനുഷിക നിലപാട് സ്വീകരിക്കണമെന്ന് യൂസുഫലി ആവശ്യപ്പെട്ടു. ജപ്തി ചെയ്യുന്ന ബാങ്കുകൾ കുടുംബങ്ങൾക്ക് ആറ് മാസം താമസ സൗകര്യം ഒരുക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. വീടുകളിലെ താമസക്കാരെ തെരുവിൽ ഇറക്കി വിടുന്ന അവസ്ഥ ഉണ്ടാവരുത്. കണ്ണൂരിലെ അശ്വതിയുടെ അവസ്ഥ പരാമർശിക്കവെയാണ് പ്രതികരണം.കേരളാ ബാങ്ക് ആണ് കണ്ണൂരിൽ വീട് ജപ്തി ചെയ്തത്. കേരളാ ബാങ്കും ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വർഗീയത പരത്തുന്ന യൂട്യൂബർമാരെ പ്രോത്സാഹിപ്പിക്കരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി ടി.എൻ. പ്രതാപൻ ആവശ്യപ്പെട്ടു. വിവാദ യൂട്യൂബർക്ക് എതിരെ യൂസഫലി ഉൾപ്പടെ നൽകിയ കേസുകൾ പിൻവലിക്കരുത്. ദുബൈയിൽ മദ്യപിച്ചു എന്ന് പ്രചരിപ്പിച്ചതിന് നൽകിയ കേസ് താൻ തുടരുമെന്ന് പ്രതാപൻ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രി ഉൾപ്പടെ കോൺഗ്രസ് നേതാക്കൾ വിവാദ യൂട്യൂബറെ സന്ദർശിച്ചത് ചൂണ്ടിക്കാട്ടിയപ്പോൾ അത് അവരുടെ വ്യക്തിപരമായ നിലപാട് ആണെന്ന് ആയിരുന്നു പ്രതികരണം.