ദുബായ് നഗരാതിർത്തികളിലേക്കും സാന്നിധ്യം വിപുലമാക്കി ലുലു; മൂപ്പൻസ് മാളിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു
ദുബായ്: റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി ദുബായ് നഗരാതിർത്തികളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ച് ലുലു ഗ്രൂപ്പ്. ഔദ് അൽ മുത്തീനയിലെ മൂപ്പൻസ് മാളിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ ദുബായ് മുനിസിപ്പാലിറ്റി ഇൻസ്റ്റിറ്റ്യൂഷണൽ സപ്പോർട്ട് സർവീസസ് സെക്ടർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സയീദ് ഇസ്മായിൽ അൽ ഹാഷിമി ഉദ്ഘാടനം നിർവഹിച്ചു.പ്രധാന നഗരങ്ങൾക്ക് പുറത്തുള്ള ജനവാസ മേഖലകളിലേക്കും ലുലുവിന്റെ സേവനങ്ങൾ വ്യാപിപ്പിക്കുകയാണെന്നും മികച്ച ഷോപ്പിങ് സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് ലുലുവെന്നും ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. ദുബായ് മേഖലയിൽ മാത്രം ഏഴ് പുതിയ പദ്ധതികൾ ഉൾപ്പെടെ നിരവധി വികസന പദ്ധതികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

40,000 ചതുരശ്രയടി വിസ്തീർണത്തിലാണ് പുതിയ ഹൈപ്പർമാർക്കറ്റ് ഒരുക്കിയിരിക്കുന്നത്. പഴം, പച്ചക്കറി, പലചരക്ക് സാധനങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ, റെഡി ടു ഈറ്റ് ഭക്ഷണങ്ങൾ തുടങ്ങി നിത്യോപയോഗത്തിനാവശ്യമായ വിപുലമായ ഉൽപ്പന്നനിര ലഭ്യമാണ്. ഫാഷൻ ആക്സസറികൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ് എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളുമുണ്ട്. സെൽഫ് ചെക്കൗട്ട് കൗണ്ടറുകൾ, സൗജന്യ പാർക്കിങ്, സുഗമമായ പ്രവേശന സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനത്തോടൊപ്പം മൂപ്പൻസ് മാളിന്റെ ഉദ്ഘാടനവും എം.എ. യൂസഫലി നിർവഹിച്ചു. മൂപ്പൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും സിഇഒയുമായ സലിം മൂപ്പന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം.എ., ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ., ഗ്ലോബൽ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ തുടങ്ങിയവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.