ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് യുഎഇയിൽ വൻ അവസരം; നിക്ഷേപ ബന്ധം ശക്തമാക്കാൻ കരാർ.
ദുബായ്∙ ആഗോളതലത്തിൽ സാന്നിധ്യം ഉറപ്പിക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപകർക്കും ഫണ്ട് മാനേജർമാർക്കും യുഎഇയുടെ വെഞ്ചർ ക്യാപിറ്റൽ മേഖലയിലേക്ക് എളുപ്പത്തിൽ പ്രവേശനം നൽകുന്ന തന്ത്രപ്രധാന കരാറിൽ ദുബായ് ഫ്യൂച്ചർ ഡിസ്ട്രിക്റ്റ് ഫണ്ടും (ഡിഎഫ്ഡിഎഫ്) ബുയിമെർക് കോർപറേഷനും ഒപ്പുവച്ചു. ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക, നവീകരണ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനും ദുബായിലെ വെഞ്ചർ ക്യാപിറ്റൽ അന്തരീക്ഷത്തിന് പുതുജീവൻ നൽകാനും ലക്ഷ്യമിട്ടാണ് ഈ പങ്കാളിത്തം. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ, ദുബായ് കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണു വർധൻ റെഡ്ഡി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവച്ചത്. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന പുതിയ തലമുറ ഇന്ത്യൻ കമ്പനികൾക്ക് ദുബായി കേന്ദ്രമാക്കി വളരാൻ ഇത് വൻ അവസരമൊരുക്കുമെന്ന് അധികൃതർ പറഞ്ഞു.
വിപണി വിവരങ്ങളും അനുഭവപരിചയവും പരസ്പരം പങ്കുവയ്ക്കൽ, ഇന്ത്യൻ വ്യവസായ സ്ഥാപനങ്ങൾക്കും ഫണ്ട് മാനേജർമാർക്കും ദുബായിൽ പ്രവർത്തനങ്ങൾ ആരംഭിക്കാനും ഓഫിസുകൾ തുറക്കാനും സഹായം നൽകൽ എന്നിവയാണ് ഈ പങ്കാളിത്തത്തിന്റെ പ്രധാന മേഖലകൾ. ഇതിനുപുറമെ ഇരുരാജ്യങ്ങളിലെയും സംരംഭകർക്കായി പ്രത്യേക പ്രോഗ്രാമുകൾ, പ്രതിനിധി സംഘങ്ങളുടെ പഠനസന്ദർശനങ്ങൾ, ഉച്ചകോടികൾ എന്നിവയും സംയുക്തമായി സംഘടിപ്പിക്കും. വൈകാതെ ഇതിനായുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ സംരംഭങ്ങൾക്ക് ദുബായിൽ ശക്തമായ അടിത്തറയൊരുക്കാൻ ഈ നീക്കം ഏറെ സഹായകമാകും.

ദുബായിയെ ലോകത്തിലെ പ്രമുഖ നിക്ഷേപ-നവീകരണ കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്ന ‘ദുബായ് ഇക്കണോമിക് അജൻഡ (ഡി33)’ പദ്ധതിക്ക് ഈ കരാർ വലിയ പിന്തുണ നൽകും. അടുത്ത പത്തുവർഷത്തിനുള്ളിൽ സാമ്പത്തിക വ്യവസ്ഥയുടെ വലുപ്പം ഇരട്ടിയാക്കാനും ആഗോളതലത്തിൽ നിക്ഷേപം നടത്താനും ജീവിക്കാനും ജോലിയെടുക്കാനും ഏറ്റവും അനുയോജ്യമായ ആദ്യ മൂന്ന് നഗരങ്ങളിൽ ഒന്നായി ദുബായിയെ ഉയർത്താനുമാണ് ഡി33 പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിലേക്ക് വലിയൊരു ചുവടുവയ്പാണ് ശക്തമായ വെഞ്ചർ ക്യാപിറ്റൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ സാധ്യമാകുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക കൂട്ടുകെട്ടിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഈ പങ്കാളിത്തം വഴിതെളിക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ പറഞ്ഞു. ഇന്ത്യൻ സാങ്കേതിക വിദ്യകൾക്കും സ്റ്റാർട്ടപ്പുകൾക്കും യുഎഇ നിക്ഷേപ വിപണിയുടെ വലിയ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കരാർ സഹായകമാകുമെന്ന് കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണു വർധൻ റെഡ്ഡിയും അഭിപ്രായപ്പെട്ടു. ദുബായ് ഫ്യൂച്ചർ ഡിസ്ട്രിക്റ്റ് ഫണ്ട് ചെയർമാനും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ സിഇഒയുമായ ഷെയ്ഖ് ഖൽഫാൻ ബെൽഹൂൽ, ഡിഐഎഫ്സി അതോറിറ്റി സിഇഒ ആരിഫ് അമിരി, ഡിഎഫ്ഡിഎഫ് മാനേജിങ് ഡയറക്ടർ നാദർ അൽബസ്താകി, ബുയിമെർക് എക്സിക്യൂട്ടീവ് ചെയർമാനും സിഇഒയുമായ സിദ്ധാർഥ് ബാലചന്ദ്രൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.