ആദ്യ ബജറ്റ് പ്രഖ്യാപനത്തിൽ ആരോഗ്യമേഖലയ്ക്ക് പ്രഥമ പരിഗണന : എല്ലാ കുടുംബങ്ങൾക്കും സൗജന്യ ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ ; ചികിത്സാ ചെലവ് കുറയ്ക്കും.
ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി
അപ്രതീക്ഷിതമായ ചികിത്സാ ചെലവുകൾ പല കുടുംബങ്ങളെയും വൻ സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കുന്നുണ്ട്. ഇത്തരം ബാധ്യത ലഘൂകരിക്കുന്നതിനും കുടുംബങ്ങൾക്ക് കൈത്താങ്ങാകുന്നതിനുമായി എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ “ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കും. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി 10 കോടി രൂപ വകയിരുത്തുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളജ് പ്രവർത്തനക്ഷമമാക്കുമെന്ന് ബജറ്റിൽ പറയുന്നു. ഹരിപ്പാട് ഒരു പുതിയ മെഡിക്കൽ കോളജ് സ്ഥാപിക്കും. കാസർഗോഡ്, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കൽ കോളജുകളുടെ അവസ്ഥ ഇപ്പോഴും ശോചനീയമായി തുടരുകയാണ്. ഇവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, ജീവനക്കാർ, ഉപകരണങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിനെല്ലാമായി 100 കോടി രൂപ വകയിരുത്തുന്നുണ്ട്. കേരളത്തിൽ ഉയർന്നു നിൽക്കുന്ന ആരോഗ്യ ചികിത്സാ ചെലവ് (Out of Pocket Expenditure) കുറച്ച് കൊണ്ടുവരാൻ സർക്കാർ ഇടപെടൽ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
ആരോഗ്യമേഖലയെ മുൻനിർത്തിയുള്ള മറ്റ് പ്രഖ്യപനങ്ങൾ ഇങ്ങനെ:
∙ കേരളത്തെ ആരോഗ്യ ടൂറിസത്തിന്റെ ഡെസ്റ്റിനേഷൻ ആക്കി മാറ്റാൻ ‘Reach Kerala’ എന്ന പദ്ധതി ആവിഷ്കരിക്കും. ഇതിന്റെ ഭാഗമായി ആരോഗ്യം-ആയുഷ്-ടൂറിസം മറ്റു അനുബന്ധ വകുപ്പുകൾ എന്നിവ തമ്മിലുള്ള പ്രവർത്തനം ഏകോപിപ്പിച്ച് മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും.
∙ തിരഞ്ഞെടുത്ത മെഡിക്കൽ കോളേജുകൾക്ക് സ്വയംഭരണ പദവിയും അവയ്ക്ക് ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങളും അന്താരാഷ്ട്ര മികവും കൈവരിക്കാൻ ആവശ്യമായ പിന്തുണയും സർക്കാർ നൽകും.
തിരഞ്ഞെടുത്ത മെഡിക്കൽ കോളേജുകൾക്ക് സ്വയംഭരണ പദവിയും അവയ്ക്ക് ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങളും അന്താരാഷ്ട്ര മികവും കൈവരിക്കാൻ ആവശ്യമായ പിന്തുണയും സർക്കാർ നൽകും.
∙ വിദ്യാർഥികൾക്കും യുവതലമുറയ്ക്കും ആരോഗ്യപരവും ശുചിത്വപരവുമായ ജീവിതശൈലികളെക്കുറിച്ച് പരിശീലനവും പ്രായോഗിക അറിവും നൽകുന്നതിനു വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സ്കൂൾ ഹെൽത്ത് ബ്രിഗേഡ് രൂപീകരിക്കും.
∙ അപകട-ട്രോമ ചികിത്സ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ലഭ്യമാക്കുന്നതിനായി ആരോഗ്യ സ്ഥാപനങ്ങൾ തമ്മിൽ മികച്ച ഏകോപനം ഉറപ്പാക്കിക്കൊണ്ടും ഡിജിറ്റലൈസ്ഡ് സംവിധാനം ലഭ്യമാക്കിക്കൊണ്ടും ‘ഗോൾഡൻ അവർ പ്രൊജക്ട്’ നടപ്പിലാക്കും.
∙ പകർച്ച വ്യാധികളെ ഫലപ്രദമായി തടയുന്നതിനും നേരിടുന്നതിനുമായി ആരോഗ്യവകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങൾ സൃഷ്ടിക്കും.
ധനസഹായം
∙ രോഗങ്ങൾ വരുന്നതിനു മുൻപ് തന്നെ അവ കണ്ടെത്തി തടയുന്നതിനും ചികിത്സാ ചെലവ് കുറയ്ക്കുന്നതിനുമായി 40 വയസ്സ് കഴിഞ്ഞവർക്ക് വർഷത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്തുന്നതിനായി ധനസഹായം നൽകുന്ന പദ്ധതി ആവിഷ്കരിക്കും.
∙ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി, ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് സൊസൈറ്റി എന്നിവയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും പിരിക്കുന്ന പണം കൃത്യമായ രീതിയിൽ രോഗികൾക്ക് വേണ്ടി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്താനും പരിഷ്കാരങ്ങൾ നടപ്പിലാക്കും. സർക്കാർ ആശുപത്രികളുടെ നടത്തിപ്പിൽ അമിത രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കും.
∙ കെ.എം.എസ്.സി.എൽ ന്റെ മരുന്ന് സംഭരണ പ്രക്രിയ പുനഃപരിശോധിക്കുകയും, കാര്യക്ഷമമാക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യും.
∙ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലെ കുടിശ്ശിക ഘട്ടം ഘട്ടമായി തീർത്ത് പദ്ധതിയുടെ കാര്യക്ഷമത ഉറപ്പുവരുത്തും.
∙ ആദിവാസി മേഖലയിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി ‘ട്രൈബൽ ഹെൽത്ത് മിഷനുകൾ’ ആരംഭിക്കും.
∙ തീരദേശ മേഖലയിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി പ്രത്യേക ‘കോസ്റ്റൽ കെയർ യൂണിറ്റുകൾ’ സ്ഥാപിച്ച് ചികിത്സ ഉറപ്പാക്കും.
∙ രോഗ നിർണ്ണയ ടെസ്റ്റുകൾക്കായി ലാബ് സൗകര്യങ്ങൾ കുറവുള്ള ഗ്രാമീണ മേഖലകളിൽ മൊബൈൽ ടെസ്റ്റിംഗ് ലാബ് സൗകര്യം ഏർപ്പെടുത്തും. ആദ്യഘട്ടമായി 2 കോടി രൂപ വീതം ചെലവിൽ 10 ലാബുകൾ സജ്ജീകരിക്കുന്നതാണ്. ഇതിനായി 20 കോടി രൂപ വകയിരുത്തുന്നു.
കേരള ഹെൽത്ത് ആന്റ് ലൈഫ് സയൻസ് സിറ്റി
മൾട്ടി–സ്പെഷ്യാലിറ്റി ആശുപത്രീകൾ, മെഡിക്കൽ കോളജുകൾ, പരിശീലന കേന്ദ്രങ്ങൾ, ഗവേഷണ ലബോറട്ടറികൾ, ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയും രോഗികൾക്കും കുടുംബാംഗങ്ങൾക്കും ആവശ്യമായ അനുബന്ധ സൗകര്യങ്ങളും സംയോജിപ്പിച്ച് വികസിപ്പിക്കുന്ന ആരോഗ്യ സംവിധാനമാണ് കേരള ഹെൽത്ത് ആന്റ് ലൈഫ് സയൻസ് സിറ്റി.
ഇതുവഴി ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിനും, മെഡിക്കൽ വിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനും, മെഡിക്കൽ ടൂറിസം വികസിപ്പിക്കുന്നതിനും, ആരോഗ്യ മേഖലയിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും സാധിക്കും. ഈ പദ്ധതിക്കായി 100 കോടി രൂപ വകയിരുത്തി.
കെയർ ഗിവർ പദ്ധതി
വീടുമാറാത്ത രോഗങ്ങൾ അല്ലെങ്കിൽ വാർധക്യ സഹജമായ ബുദ്ധിമുട്ടുകൾ, വൈകല്യങ്ങൾ എന്നിവ നേരിടുന്നവരെ സഹായിക്കുന്നതിനായി തൊഴിൽധിഷ്ഠിത പരിശീലനം നൽകുന്നതിന് സർക്കാർ-സ്വകാര്യ നഴ്സിങ് കോളജുകളും തെരഞ്ഞെടുത്ത ആശുപത്രികളിലും ആറ് മാസകാലയളവിലേക്കുള്ള സർക്കാർ അംഗീകാരത്തോടെ നിലവാരമുള്ള കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആരംഭിക്കും. ഇതിലൂടെ ആവശ്യമുള്ളവർക്ക് പരിശീലനവും തൊഴിൽ രഹിതരായ യുവജനങ്ങൾക്ക് മാന്യമായ തൊഴിലും ലഭ്യമാകും.
മുതിർന്ന പൗരന്മാരെ സജീവരാക്കുന്നതിന് വയോജന പാർക്കുകളും പകൽ വീടുകളും ഫിറ്റ്നസ് സെന്ററുകളും ഒരുക്കും.