പത്തുലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന അപൂർവ രോഗം; അബുദാബിയിൽ 34-കാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് മലയാളി ഡോക്ടർ
അബുദാബി: ലോകത്തിൽ പത്തു ലക്ഷത്തിൽ ഒന്നോ നാലോ പേർക്ക് മാത്രം വരാൻ സാധ്യതയുള്ള അതീവ ഗുരുതരവും അപൂർവവുമായ രോഗം ബാധിച്ച 34-കാരനായ യുവാവിനെ കൃത്യമായ രോഗനിർണയത്തിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് മലയാളി ഡോക്ടർ. അബുദാബി ബുർജീൽ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റും മലപ്പുറം സ്വദേശിയുമായ ഡോ. നിയാസ് ഖാലിദിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് സമയബന്ധിതമായ ഇടപെടലിലൂടെ രോഗിയെ സുഖപ്പെടുത്തിയത്. ‘അഡൽറ്റ്-ഓൺസെറ്റ് സ്റ്റിൽസ് ഡിസീസ്’ (Adult-Onset Still’s Disease – AOSD) എന്ന അപൂർവ ഓട്ടോഇമ്മ്യൂൺ രോഗമാണ് യുവാവിനെ ബാധിച്ചിരുന്നത്. ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. അബ്ദുൽ ഹക്കീം മുഹമ്മദും ചികിത്സാ സംഘത്തിലുണ്ടായിരുന്നു.
കടുത്ത പനി, മറ്റ് ലക്ഷണങ്ങൾ
പൂർണ്ണ ആരോഗ്യവാനായിരുന്ന യുവാവിന് രണ്ടാഴ്ചയിലധികമായി വിട്ടുമാറാത്ത കടുത്ത പനി അനുഭവപ്പെടുകയായിരുന്നു. വിവിധ ആശുപത്രികളിൽ രക്തപരിശോധനയും അണുബാധ പരിശോധനയും ഉൾപ്പെടെ വിപുലമായ ടെസ്റ്റുകൾ നടത്തിയെങ്കിലും പനിയുടെ യഥാർത്ഥ കാരണം കണ്ടെത്താനായില്ല. ദിവസങ്ങൾ കഴിയുംതോറും പനി കൂടുകയും കടുത്ത സന്ധിവേദന, കഠിനമായ ക്ഷീണം, കരളിനെ ബാധിക്കുന്ന തരത്തിലുള്ള അണുബാധയുടെ ലക്ഷണങ്ങൾ എന്നിവ പ്രകടമാകുകയും ചെയ്തതോടെ മെഡിക്കൽ സംഘം അടിയന്തരമായി ഇടപെടുകയായിരുന്നു.
സങ്കീർണമായ രോഗനിർണയം
സാധാരണ കാണാറുള്ള മറ്റ് അണുബാധകളുടെയും രോഗങ്ങളുടെയും ലക്ഷണങ്ങളുമായി ഇതിന് ഏറെ സാമ്യമുണ്ടായിരുന്നു, അതാണ് ‘എ.ഒ.എസ്.ഡി’ തിരിച്ചറിയാൻ ബുദ്ധിമുട്ടായതെന്ന് ഡോ. നിയാസ് ഖാലിദ് വ്യക്തമാക്കി.
“കഠിനമായ അണുബാധകൾ, ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ, കരൾ രോഗം, കാൻസർ എന്നിവയുടെയൊക്കെ ലക്ഷണങ്ങളുമായി ഇതിന് സാമ്യമുണ്ട്. പ്രത്യേകിച്ച് പനി സാധാരണയായി കാണാറുള്ള പ്രദേശങ്ങളിൽ ഇത്തരം അപൂർവ രോഗങ്ങൾ തിരിച്ചറിയപ്പെടാതെ പോകാറുണ്ട്,” ഡോ. നിയാസ് വ്യക്തമാക്കുന്നു.
ഈ രോഗം ബാധിച്ചവരുടെ ശരീരത്തിൽ സാധാരണയായി ചുവന്ന പാടുകൾ ഉണ്ടാകാറുണ്ട്. ഇരുണ്ട ചർമ്മപ്രകൃതിയുള്ളവരിൽ ഇത് പലപ്പോഴും പ്രകടമാകാറില്ല എന്നതും രോഗനിർണയം കൂടുതൽ സങ്കീർണ്ണമാക്കി.
എന്നാൽ, ശരീരത്തിലെ അമിതമായ വീക്കം, കരളിന്റെ അവസ്ഥ, പ്രതിദിനം കൃത്യമായ ഇടവേളകളിൽ വരുന്ന കടുത്ത പനി എന്നിവയോടൊപ്പം ശരീരത്തിലെ ‘ഫെരിറ്റിൻ’ (Ferritin) ലെവൽ അസാധാരണമായി ഉയർന്നതാണ് എ.ഒ.എസ്.ഡി ആണെന്ന നിഗമനത്തിലേക്ക് എത്തിച്ചത്. ഇതോടൊപ്പം, മറ്റ് അണുബാധ പരിശോധനകളെല്ലാം നെഗറ്റീവ് ആയതോടെയാണ് എ.ഒ.എസ്.ഡി തന്നെയെന്ന് ഡോക്ടർമാർ ഉറപ്പിച്ചത്.

വൈകിയാൽ മരണം വരെ സംഭവിക്കാവുന്ന അവസ്ഥ
ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം അമിതമായി ഉത്തേജിപ്പിക്കപ്പെടുകയും അത് സ്വന്തം ശരീരകോശങ്ങളെത്തന്നെ ആക്രമിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ അവയവങ്ങളുടെ പ്രവർത്തനം തകരാറിലാകാനും, വിട്ടുമാറാത്ത സന്ധിവാതത്തിനും, കരൾ പരാജയത്തിനും, ‘മാക്രോഫേജ് ആക്റ്റിവേഷൻ സിൻഡ്രോം’ എന്ന മാരകമായ അവസ്ഥയിലേക്കും ഇത് നയിച്ചേക്കാം. മെഡിക്കൽ സംഘത്തിന്റെ കൃത്യമായ ഇടപെടലിലൂടെയാണ് യുവാവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്.
“ആ ദിവസങ്ങളിൽ പനി കാരണം ഞാൻ വിറയ്ക്കുകയായിരുന്നു. കട്ടിലിൽ നിന്ന് എഴുന്നേൽക്കാനോ കൈകൾ പൊക്കാനോ പോലും കഴിഞ്ഞിരുന്നില്ല. കടുത്ത തൊണ്ടവേദന കാരണം ഭക്ഷണം കഴിക്കാനും പറ്റിയില്ല. മരുന്ന് കഴിച്ചിട്ടും പനി വീണ്ടും വന്നുകൊണ്ടിരുന്നപ്പോൾ മാനസികമായി തകർന്നുപോയി. എന്റെ പഴയ ജീവിതം തിരിച്ചുതരണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുകയായിരുന്നു ഞാൻ,” യുവാവ് ഓർക്കുന്നു.
48 മണിക്കൂറിനുള്ളിൽ ഫലം കണ്ട് ചികിത്സ
രോഗം സ്ഥിരീകരിച്ചതോടെ മെഡിക്കൽ സംഘം ഉയർന്ന ഡോസിലുള്ള കോർട്ടിക്കോസ്റ്റീറോയിഡ് തെറാപ്പി ആരംഭിച്ചു. ചികിത്സ തുടങ്ങി 24 മണിക്കൂറിനുള്ളിൽ പനി പൂർണ്ണമായും മാറി. 48 മണിക്കൂറിനുള്ളിൽ സന്ധിവേദന കുറയുകയും യുവാവ് കൂടുതൽ ഊർജസ്വലനാവുകയും ചെയ്തു. ലാബ് പരിശോധനകളിലെ ഫലങ്ങളും മെച്ചപ്പെട്ടു. തുടർന്നുള്ള ആഴ്ചകളിൽ മരുന്നിന്റെ ഡോസ് ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവന്നു.
“കുറച്ചു നാളുകൾക്ക് ശേഷം പരസഹായമില്ലാതെ നടക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്,” യുവാവ് നന്ദിയോടെ പറയുന്നു.
നിലവിൽ രോഗമുക്തനായെങ്കിലും, എ.ഒ.എസ്.ഡി രോഗം ഭാവിയിൽ വീണ്ടും വരാൻ നേരിയ സാധ്യതയുള്ളതിനാൽ കൃത്യമായ തുടർപരിശോധനകൾ ആവശ്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.