കേരള സർക്കാരിന്റെ തൂഫാൻ ക്യാംപെയിനോട് ഐക്യദാർഢ്യവുമായി ഐസിഎഫ് ഇന്റർനാഷനൽ
മയക്കുമരുന്നിന്റെ കറുത്ത കൈകൾ കുട്ടികളിലേക്കും കുടുംബങ്ങളിലേക്കും നീളുന്ന വർത്തമാനകാലത്ത്, അതിനെതിരായ സർക്കാരിന്റെ പോരാട്ടത്തിൽ ഐ സി എഫ് പോലെ സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനകൾ അണിചേരുന്നത് ഏറെ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. പ്രവാസി മലയാളി കുടുംബങ്ങളിൽ ലഹരിവിരുദ്ധ ബോധവൽക്കരണവും ജാഗ്രതയും ശക്തമാക്കാൻ മുന്നോട്ടുവന്നത് കാമ്പയിന് വലിയ ഊർജം നൽകും.
പത്തു ലക്ഷത്തിലധികം പ്രവാസി മലയാളികളിലേക്ക് ലഹരിവിരുദ്ധ സന്ദേശമെത്തിക്കുക എന്ന വിപുലമായ ലക്ഷ്യത്തോടെയാണ് ആഗോള പ്രചാരണ പദ്ധതി നടപ്പിലാക്കുന്നത്. സർക്കാറിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുമായി നേരിട്ട് കൈകോർത്താണ് പ്രചാരണം നടക്കുക. 1,00,000ത്തിലധികം ആളുകളിൽ നേരിട്ടുള്ള ബോധവൽക്കരണം, 25,000 പ്രവാസി കുടുംബങ്ങളെ പങ്കാളികളാക്കിയുള്ള ലഹരിവിരുദ്ധ പ്രതിജ്ഞ, 50,000 വിദ്യാർത്ഥികൾക്കും യുവാക്കൾക്കും പ്രത്യേക പരിശീലനം, 1,000 കമ്മ്യൂണിറ്റി ആക്ഷൻ യൂണിറ്റുകളുടെ രൂപീകരണം എന്നിവ പദ്ധതിയുടെ ഭാഗമായി നടക്കും.
അന്താരാഷ്ട്ര തലത്തിൽ സെമിനാറുകൾ, വെബിനാറുകൾ, ഫാമിലി മീറ്റുകൾ, യൂത്ത് ക്യാമ്പുകൾ, വാക്കത്തോൺ, ഹ്യൂമൻ ചെയിൻ, സിഗ്നേച്ചർ കാമ്പയിൻ എന്നിവ സംഘടിപ്പിക്കും. കൂടാതെ, ലഹരിവിരുദ്ധ കുടുംബ സംരംഭങ്ങൾ, പേരന്റിംഗ് എഡ്യുക്കേഷൻ, കൗൺസിലിംഗ്, പുനരധിവാസ സഹായങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.തിരുവനന്തപുരത്ത് ആഭ്യന്തര മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഐ.സി.എഫ്. ഇന്റർനാഷണൽ പ്ലാനിംഗ് ബോർഡ് ചെയർമാൻ സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, സെക്രട്ടറിമാരായ ശരീഫ് കാരശ്ശേരി, ഹമീദ് ഈശ്വരമംഗലം, അബ്ദുൽ കരീം മേമുണ്ട, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം തുടങ്ങിയവർ സംബന്ധിച്ചു.