സ്റ്റാറായി ‘സ്റ്റാർസ് മാജിക്കൽ വിസ്പർ’
ഷാർജ: രണ്ടാം ക്ലാസുകാരി സഹോദരന് വേണ്ടി സമർപ്പിച്ച പുസ്തകത്തിന്റെ പ്രകാശനം ഷാർജ പുസ്തകോത്സവത്തിൽ വേറിട്ട കാഴ്ചയായി. പ്രവാസി ദമ്പതികളുടെ മകളും ദുബൈ സ്കോളാർസ് പ്രൈവറ്റ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയുമായ ജുയെസ്റ്റ രഞ്ജുവിന്റെ (ഏഴ്) ‘സ്റ്റാർസ് മാജിക്കൽ വിസ്പർ’ ആണ് പ്രകാശനം ചെയ്തത്. എഴുത്തിനൊപ്പം പഠനത്തിലും മിടുക്കിയായ ജുയെസ്റ്റയുടെ ആദ്യ പുസ്തകമാണിത്. 12ാം ക്ലാസുകാരനായ സഹോദരൻ ജുവാന്റെ പ്രോത്സാഹനവും രക്ഷിതാക്കളുടെ പിന്തുണയുമാണ് നന്നേ ചെറുപ്രായത്തിൽ തന്നെ കഥാരചനയിലേക്ക് ജുയെസ്റ്റയെ എത്തിച്ചത്. എന്നാൽ, കഥാരചനയിൽ മാത്രം ഒതുങ്ങുന്നതല്ല ജുയെസ്റ്റയുടെ കഴിവുകൾ. നൃത്തം, സംഗീത പഠനം, സ്കേറ്റിങ് എന്നിവയിലും മിടുക്കിയാണീ രണ്ടാം ക്ലാസുകാരി.
ദുബൈയിൽ ഗൈഡ് ടു കരിയർ കൺസൽട്ടൻസി എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒ ആണ് ജുയെസ്റ്റയുടെ പിതാവ് രഞ്ജു. മാതാവ് അനുമോഹൻ ലാ ഡൗസർ കൺസൽട്ടൻസി മാനേജിങ് ഡയറക്ടറാണ്.