സർഗാത്മകത വൈകാരികം; എഐയ്ക്ക് എഴുത്തിൽ സ്ഥാനമില്ല: പോൾ ലിഞ്ച്
ഷാർജ : നിർമിത ബുദ്ധിയുടെ (എഐ) കടന്നുവരവിനെക്കുറിച്ചുള്ള ആശങ്കകൾ വ്യാപിക്കുന്ന കാലത്ത് സാങ്കേതിക സംവിധാനങ്ങൾക്ക് സർഗജീവിതത്തിൽ യാതൊരു സ്ഥാനവുമില്ലെന്ന് ബുക്കർ ജേതാവ് പോൾ ലിഞ്ച്.
ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ‘ഫിക്ഷൻ, ഫ്രീഡം, ഫിയർ’ എന്ന വിഷയത്തിൽ വായനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. എഴുത്ത് പൂർണമായും വൈയക്തികവും വൈകാരികവുമായ അനുഭവമാണ്. ഒരു സാങ്കേതികവിദ്യക്കും അതിന്റെ സ്ഥാനത്ത് എത്താൻ കഴിയില്ല. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ എഐയുടെ ആഗമനം അസ്വസ്ഥതകൾക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ബുക്കർ സമ്മാനം നേടിയ നോവലായ തന്റെ ‘പ്രോഫറ്റ് സോങ്ങി’ന്റെ എട്ടാം അധ്യായം പൂർത്തിയാക്കാൻ മാസങ്ങളെടുത്തു എന്ന് എഴുത്തിന്റെ വെല്ലുവിളികളെക്കുറിച്ച് സംസാരിക്കവേ പോൾ ലിഞ്ച് വെളിപ്പെടുത്തി. രചനയുടെ ചില ഘട്ടങ്ങളിൽ സർഗ്ഗാത്മകത പൂർണമായും നിലച്ചുപോയിരുന്നു. സന്ദേശം നൽകുന്നതിനോ പ്രബോധനം നടത്തുന്നതിനോ അപ്പുറം അറിയാത്തതിനെ കണ്ടെത്തുക, അസ്വസ്ഥപ്പെടുത്തുന്നതിനെ കണ്ടറിയുക എന്നതായിരിക്കണം നല്ല കലയുടെ നിർവചനം. കലയുടെ ശക്തിയും ലക്ഷ്യവും ഇതാണ്. താൻ സിനിമ കാണുന്നതിനെയും നിരൂപണം ചെയ്യുന്നതിനെയും ഇഷ്ടപ്പെടുന്നു. ഈ ഇഷ്ടമാണ് കഥകൾ പറയുന്നതിനോട് മനുഷ്യനുള്ള അടിസ്ഥാനപരമായ താൽപര്യം മനസ്സിലാക്കാൻ സഹായിച്ചത്. ഞാൻ എപ്പോഴും വലിയ വാചകങ്ങൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന എഴുത്തുകാരനാണ്. എന്റെ നോവലായ ‘പ്രോഫറ്റ് സോങ്’ ഒരു രാഷ്ട്രീയ നോവലാണെങ്കിലും ഏതെങ്കിലും ഒരു പ്രത്യേക പക്ഷത്ത് നിന്ന് എഴുതാൻ ശ്രമിച്ചിട്ടില്ല.
ജീവിതം എങ്ങനെയാണ് അനിശ്ചിതത്വങ്ങളിലേക്ക് വഴിമാറുന്നത് എന്ന് കണ്ടെത്താനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുന്ന രാജ്യങ്ങളിലെ ജനങ്ങൾക്ക് എന്റെ നോവലുമായി പെട്ടെന്ന് താദാത്മ്യം പ്രാപിക്കാൻ കഴിയും. ഫിക്ഷൻ എന്നത് കേവലം വിനോദമല്ല, മറിച്ച് മറ്റുള്ളവരുടെ ദുരിതം മനസ്സിലാക്കാൻ വായനക്കാരെ സഹായിക്കുന്ന ഒരു മാർഗമാണ്. വായനക്കാരോട് സത്യസന്ധത പുലർത്തണമെങ്കിൽ എഴുത്തുകാരൻ ഇരുണ്ട വസ്തുതകളെക്കുറിച്ച് എഴുതുമ്പോൾ അതിലേക്ക് ആഴ്ന്നിറങ്ങണം. അപ്പോൾ വായനക്കാർ തീർച്ചയായും കൂടെ വരും. എന്നാൽ അത്തരം മാനസിക ഭാവങ്ങളുടെ തടവറയിൽ എഴുത്തുകാരന് ഏറെക്കാലം കഴിയേണ്ടിവരുമെന്ന ഒരു പ്രധാന വെല്ലുവിളിയും പോൾ ലിഞ്ച് ചൂണ്ടിക്കാട്ടി. പോൾ ലിഞ്ച് തന്റെ നോവലിലെ ഒരു ഭാഗം വായിക്കുകയും ആസ്വാദകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും പുസ്തകങ്ങൾ ഒപ്പ് ചാർത്തി നൽകുകയും ചെയ്തു. മാധ്യമപ്രവർത്തക അനാമിക ചാറ്റർജി മോഡറേറ്ററായിരുന്നു.