അക്ഷരപ്രഭ പുരസ്കാരം നൽകും
ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ ഇ വർഷം പ്രകാശിപ്പിക്കപ്പെടുന്ന പുസ്തകങ്ങളിൽ നിന്നും വായനക്കാർ തിരഞ്ഞെടുക്കുന്ന മികച്ച പുസ്തകത്തിന് മഹാത്മാഗാന്ധി കൾചറൽ ഫോറം ഇൗ വർഷം മുതൽ ബുക്ക് ഓഫ് ഫെയർ അവാർഡ് നൽകും. ‘അക്ഷരപ്രഭ’ എന്ന പേരിലാണ് അവാർഡ് നൽകുക. 25000 രൂപയുടെ കാഷ് പ്രൈസും അക്ഷര ശിൽപവും പ്രശംസാ പത്രവുമാണ് പുരസ്കാരം.
വായനക്കാർ നിർദേശിക്കുന്ന പുസ്തകങ്ങളിൽ നിന്നും പത്തു രചനകൾ വിലയിരുത്തി പ്രത്യേക ജൂറി ആണ് അവാർഡ് നിശ്ചയിക്കുക. സാഹിത്യകാരൻ ബഷീർ തിക്കോടിയുടെ നേതൃത്വത്തിലാണ് ജൂറി. ജൂറി നിശ്ചയിക്കുന്ന അവാർഡിനുപുറമെ ഏറ്റവും അധികം നിർദേശങ്ങൾ ലഭിക്കുന്ന ഒരു കൃതിക്ക് അക്ഷരശ്രീ പുരസ്കാരവും നൽകും. 10000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. തിരഞ്ഞെടുക്കപ്പെടുന്ന പത്തു വായനക്കാർക്കും സമ്മാനങ്ങൾ നൽകും. ഷാർജ അന്താരാഷ്ട്ര പുസ്തക വേദിയിൽ സ്ഥാപിച്ചിരിക്കുന്ന ബുക്ക് ഓഫ് ഫെയർ ബോക്സുകളിൽ വായനക്കാർക്ക് പുസ്തക അഭിപ്രായങ്ങൾ സമർപ്പിക്കാമെന്ന് ജൂറി ചെയർമാൻ ബഷീർ തിക്കോടി, എം.ജി.സി.എഫ് പ്രസിഡന്റ് പ്രഭാകരൻ പന്ത്രോളി, പി.ആർ. പ്രകാശ് തുടങ്ങിയവർ അറിയിച്ചു.