ഖത്തറിന് മുന്നറിയിപ്പ് നൽകിയെന്ന് യു.എസ്, നിഷേധിച്ച് ഖത്തർ; ‘അമേരിക്കൻ ഉദ്യോഗസ്ഥന്‍റേതായി വന്ന വിളി ദോഹയിൽ സ്ഫോടനം നടക്കുന്ന സമയത്ത്
വാഷിങ്ടൺ: ഗസ്സ വെടിനിർത്തൽ നിർദേശം സംബന്ധിച്ച് ഹമാസ് ചർച്ചകൾക്കിടെ ദോഹയിൽ ഇസ്രായേൽ ആക്രമണം നടത്തുമെന്ന് ഖത്തറിന് വിവരം നൽകിയിരുന്നതായി വൈറ്റ് ഹൗസ്. ആക്രമണത്തെ കുറിച്ച് ഖത്തർ പ്രതിനിധികളെ അറിയിക്കാൻ തന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനെ ട്രംപ് ചുമതലപ്പെടുത്തിയിരുന്നതായി വൈറ്റ്ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് പറഞ്ഞു.
എന്നാൽ, വൈറ്റ്ഹൗസ് അവകാശവാദം ഖത്തർ നിഷേധിച്ചു. ആക്രമണം നേരത്തെ അറിയിച്ചാണെന്നത് പൂർണമായും തെറ്റാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് വ്യക്തമാക്കി. അമേരിക്കൻ ഉദ്യോഗസ്ഥന്റെതായി വന്ന വിളി ദോഹയിൽ ഇസ്രായേൽ ആക്രമണത്തെ തുടർന്ന് സ്ഫോടനം നടക്കുന്ന സമയത്തായിരുന്നുവെന്ന് വക്താവ് മാജിദ് അൻസാരി എക്സിൽ കുറിച്ചു.
ഇസ്രായേൽ ആക്രമണം അമേരിക്കയുടെ അറിവോടെയാണെന്ന് നേരത്തെ യു.എസ് വക്താവിനെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. എല്ലാ ബന്ദികളെയും ഒറ്റ ദിവസം വിട്ടയക്കുന്നതടക്കം ആവശ്യങ്ങളുമായി പുതുതായി അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം ഹമാസ് അടിയന്തരമായി അംഗീകരിക്കണമെന്നും ഇല്ലാത്ത പക്ഷം ഇനിയൊരു അവസരം നൽകില്ലെന്നും കഴിഞ്ഞ ദിവസം ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെ ഇസ്രായേൽ ആക്രമണം നടത്തിയത് അമേരിക്കയുടെ അറിവോടെയാണെന്ന സംശയങ്ങൾക്ക് ബലം നൽകുന്നു.
ആക്രമണത്തിനു ശേഷം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംസാരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സ്വന്തം രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും കാക്കാൻ വേണ്ടത് ചെയ്യുമെന്ന് ട്രംപിനെ അറിയിച്ചിട്ടുണ്ട്.