ഡിജിറ്റൽ, ലോജിസ്റ്റിക്സ് മേഖലകളിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ ലുലു ഗ്രൂപ്പ്.
നവംബർ, ഡിസംബർ മാസങ്ങളിൽ യുഎഇയിലുടനീളമുള്ള ലുലു സ്റ്റോറുകളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുമായാണ് ഈ മെഗാ ഷോപ്പിങ് മേള നടക്കുന്നത്. ഓൺലൈൻ, ക്വിക്ക് കൊമേഴ്സ് രംഗത്ത്, പ്രത്യേകിച്ച് ‘ലുലു മിനിറ്റ്സ്’ സേവനത്തിൽ വലിയ വളർച്ചയാണ് കമ്പനി കൈവരിക്കുന്നത്. പുതിയ സാങ്കേതികവിദ്യയും പണം അയക്കാനുള്ള സൗകര്യവും ഉൾപ്പെടുത്തി പുതുക്കിയ ലുലു ആപ്പ് പുറത്തിറക്കിയതോടെ സാങ്കേതിക മേഖലയിലും ഡെലിവറി-ലോജിസ്റ്റിക്സ് ശൃംഖലകളിലും കൂടുതൽ വിദഗ്ധരായ ജീവനക്കാരുടെ പങ്കാളിത്തം ആവശ്യമായി വരുന്നുണ്ട്.

യുഎഇയിലെ റീട്ടെയ്ൽ മേഖല വലിയ മുന്നേറ്റത്തിലാണെന്നും വിപണിയിൽ വൻ പ്രതീക്ഷയാണുള്ളതെന്നും ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ സലീം പറഞ്ഞു. സാമ്പത്തിക മേഖലയ്ക്കും ടൂറിസത്തിനും ഉപഭോക്തൃ ആത്മവിശ്വാസത്തിനും ഊർജം പകരുന്ന യുഎഇ ഭരണകൂടത്തിന്റെ നിലപാടുകൾ വിപണിക്ക് കരുത്താകുന്നുണ്ട്. പ്രധാന രാജ്യ.ാന്തര പരിപാടികളും ഷോപ്പിങ് ഫെസ്റ്റിവലുകളും സജീവമാകുന്ന ഈ വർഷാവസാന സീസണിൽ ആഗോള തലത്തിലുള്ള വിതരണ ശൃംഖലയും ഡിജിറ്റൽ സംവിധാനങ്ങളും വഴി ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യം ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.വരാനിരിക്കുന്ന ഓഫറുകൾ ഉൾപ്പെടെ, ലുലു ഫാഷൻ വിന്റർ കളക്ഷൻ, നവംബർ 19 മുതൽ ആരംഭിക്കുന്ന ‘സൂപ്പർ ഫ്രൈഡെ’ സെയിൽ, ബ്യൂട്ടി ആൻഡ് വെൽനസ് പ്രൊമോഷൻ, ഈദ് അൽ ഇത്തിഹാദ് ഡീലുകൾ, ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള ഓഫറുകൾ എന്നിവയൊക്കെ വിപണിയിൽ വലിയ ചലനമുണ്ടാക്കും.
വിശാലമായ സ്റ്റോർ ശൃംഖലയും ഇ-കൊമേഴ്സ് സംവിധാനങ്ങളും ശക്തമാക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സേവനങ്ങൾ വേഗത്തിൽ എത്തിക്കാനും ഒപ്പം ഈ മേഖലകളിൽ കൂടുതൽ പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലുലുവിന് സാധിക്കുന്നുണ്ടെന്ന് മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു. ലുലു ഗ്രൂപ്പ് ഡയറക്ടർമാരായ കെ.പി തമ്പാൻ, ഹുസൈഫ രൂപവാല, അജയ് നായർ, ഓപറേഷൻസ് മാനേജർമാരായ ഡേവിഡ് ബൂം, മാർട്ടിൻ വില്യം തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.