കുടുംബമൂല്യങ്ങൾക്കും സാമൂഹിക ഐക്യത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകി ‘ഇയർ ഓഫ് ഫാമിലി’ ആഘോഷം; അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററും അബൂദാബി പോലീസും കൈകോർത്തു
അബൂദാബി: കുടുംബബന്ധങ്ങളുടെ ദൃഢീകരണം, സാമൂഹിക ഐക്യം, പരസ്പര സഹകരണം, പൊതുസുരക്ഷ എന്നിവ ലക്ഷ്യമിട്ട് അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററും അബൂദാബി പോലീസും സംയുക്തമായി സംഘടിപ്പിച്ച ‘ഇയർ ഓഫ് ഫാമിലി’ ആഘോഷം ശ്രദ്ധേയമായി. കുടുംബമൂല്യങ്ങളുടെ പ്രാധാന്യം സമൂഹത്തിന് പകർന്നുനൽകുന്നതിനൊപ്പം പോലീസ് സേവനങ്ങളെക്കുറിച്ചും സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനുള്ള വേദിയായി പരിപാടി മാറി.
സമൂഹത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ മുന്നേറ്റങ്ങൾക്കായി ദീർഘകാലമായി പ്രവർത്തിച്ചുവരുന്ന അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ സാമൂഹിക പ്രതിബദ്ധതയും ജനകീയ ഇടപെടലുകളും വിളിച്ചോതുന്നതായിരുന്നു ആഘോഷം. വിവിധ രാജ്യങ്ങളിൽനിന്നുള്ള ജനവിഭാഗങ്ങൾക്കിടയിൽ സൗഹൃദവും സഹവർത്തിത്വവും വളർത്തുന്നതിനും പ്രവാസി കുടുംബങ്ങൾക്ക് ഒത്തുചേരാനുള്ള അവസരമൊരുക്കുന്നതിനും സെന്റർ വഹിക്കുന്ന പങ്ക് പരിപാടിയിലൂടെ വീണ്ടും ശ്രദ്ധിക്കപ്പെട്ടു.

സമൂഹവും പോലീസും തമ്മിലുള്ള വിശ്വാസവും സഹകരണവും ശക്തിപ്പെടുത്തുന്നതിൽ കമ്മ്യൂണിറ്റി പോലീസിനുള്ള നിർണായക പങ്കും പരിപാടിയിൽ എടുത്തുപറഞ്ഞു. സുരക്ഷിതമായ സമൂഹനിർമാണം പോലീസിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും പൊതുജനങ്ങളുടെ സജീവമായ പങ്കാളിത്തവും സഹകരണവും അതിന് അനിവാര്യമാണെന്നും ബോധവൽക്കരണ സെഷനുകൾ വ്യക്തമാക്കി.ചൈൽഡ് പോലീസ്, ഹാപ്പിനസ് പോലീസ്, കെ-9 പോലീസ്, ട്രാഫിക് പോലീസ്, കമ്മ്യൂണിറ്റി പോലീസ് തുടങ്ങിയ വിഭാഗങ്ങളുടെ സേവനങ്ങളെക്കുറിച്ച് അതത് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ വിശദീകരിച്ചു. ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും റോഡ് സുരക്ഷയുടെ പ്രാധാന്യവും വ്യക്തമാക്കുന്ന പ്രത്യേക ക്ലാസുകളും അവതരണങ്ങളും നടന്നു. കുടുംബമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും പൊതുസുരക്ഷയിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും ഇത്തരം പരിപാടികൾ ഏറെ പ്രയോജനകരമാണെന്ന് അബൂദാബി പോലീസ് അഭിപ്രായപ്പെട്ടു.

ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങ് കമ്മ്യൂണിറ്റി പോലീസ് ഡിപ്പാർട്മന്റ്റ് ഡയറക്ടർ കേണൽ സൈഫ് അലി അൽ ജാബിരി ഉദ്ഘാടനം ചെയ്തു. വിവിധ പോലീസ് വകുപ്പുകൾക്കും മുഖ്യ സംഘാടകരായ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിനും പ്രയോജകരായ അൽ സാബി ഗ്രൂപ്പിനുമുള്ള മെഡലുകൾ ബ്രിഗേഡിയർ ജനറൽ. മുഹമ്മദ് അതീഖ് അൽ ഹസ്സനി സമ്മാനിച്ചു.
ഇന്ത്യൻ എംബസി കോൺസുലർ ചന്ദൻ, സെന്റർ പ്രസിഡന്റ് അബ്ദുറഊഫ് അഹ്സനി, ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, ട്രഷറർ അബ്ദുൽ അസീസ് കാലിയാടൻ, യു. അബ്ദുള്ള ഫാറൂഖി, വി. പി. കെ. അബ്ദുള്ള, അബ്ദുള്ള നദ്വി, ആരിഫ് അൽ അമൂദി അൽ സാബി ഗ്രൂപ്പ്, അബ്ദുറഹ്മാൻ ഹാജി ബനിയാസ് സ്പൈക്ക്, അബൂബക്കർ കുറ്റിക്കോൽ, അബ്ദുൽ ബാസിത്ത് കായക്കണ്ടി, അബ്ദുറഹ്മാൻ പൂവൽ, മുസ്തഫ വാഫി തുടങ്ങിയവരും പോലീസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും സംസാരിച്ചു.

ഇന്തോ-അറബ് കലാ-സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വൈകിട്ട് ആറിന് ഇന്ത്യൻ ഇസ്ലാമിക് സെന്റർ പരിസരത്തുനിന്ന് പോലീസ് ബാൻഡ്, വിവിധ കലാപ്രകടനങ്ങൾ, കുടുംബങ്ങളുടെ പങ്കാളിത്തം എന്നിവയോടെ ആരംഭിച്ച റോഡ് ഷോ പരിപാടിയുടെ പ്രധാന ആകർഷണമായി. രാത്രി പത്തുമണിയോടെ ആഘോഷങ്ങൾക്ക് സമാപനമായി. നിരവധി കുടുംബങ്ങളും കുട്ടികളുമടക്കം വലിയ ജനപങ്കാളിത്തമാണ് പരിപാടിയിൽ എത്തിച്ചേർന്നത്