പൂക്കളും പക്ഷികളുമായി കുട്ടികൾക്കൊപ്പം ‘വുഡി’ മരം ; ശ്രദ്ധേയമായി ജർമൻ തെരുവ് നാടകമായ ‘വുഡി ദ വാക്കിങ് ട്രീ’
ഷാർജ: ‘കഥകളാൽ നിർമിതം’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കുട്ടികളുടെ മനംകവർന്ന് തെരുവ് നാടകമായ ‘വുഡി ദ വാക്കിങ് ട്രീ’. ജർമനിയിലെ ബെർലിനിൽ നിന്നുള്ള ഈ കലാപ്രകടനം, സാധാരണയായി പാർക്കുകളിലും ചിത്രപ്പസ്തകങ്ങളിലും നിശ്ചലമായി കാണപ്പെടുന്ന മരങ്ങളെ കുട്ടികൾക്ക് മുന്നിൽ വ്യത്യസ്തവും സജീവവുമായ രീതിയിലാണ് അവതരിപ്പിച്ചത്. പുസ്തകോത്സവ ഹാളുകളിലൂടെ നടന്നുനീങ്ങിയ മരത്തിന്‍റെ രൂപത്തിലുള്ള കഥാപാത്രം കുട്ടികളിൽ ഏറെ കൗതുകവും ആവേശവും ഉണർത്തി. ‘ജീവനുള്ള പ്രതിമകൾ’ എന്ന കലാരൂപത്തിന്‍റെ ഭാഗമായാണ് ഈ പ്രദർശനം ഒരുക്കിയത്. ആദ്യ കാഴ്ചയിൽ സാധാരണ പ്രതിമ പോലെ നിശ്ചലമായി നിലകൊള്ളുന്ന മരം, പെട്ടെന്ന് ചലിക്കാനും സന്ദർശകരുമായി സംവദിക്കാനും തുടങ്ങുന്നതാണ് ഇതിന്‍റെ പ്രധാന ആകർഷണം.
ആളുകളുടെ ഇടയിലൂടെ നടന്നുനീങ്ങുന്ന മരം, വിവിധ ഇടങ്ങളിൽ കുട്ടികളെ അടുത്തേക്ക് ക്ഷണിക്കുകയും അവരോടൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്തു. വെറുമൊരു ചലിക്കുന്ന മരം എന്നതിലുപരി നിരവധി ആശ്ചര്യങ്ങളും ഈ കഥാപാത്രം ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. വസ്ത്രത്തിനുള്ളിൽ നിന്ന് അപ്രതീക്ഷിതമായി പൂക്കളും പക്ഷികളും പുറത്തെടുത്തും, രസകരമായ ശബ്ദങ്ങൾ പുറപ്പെടുവിച്ചും വുഡി കുട്ടികളിൽ അത്ഭുതവും സന്തോഷവും നിറച്ചു. മാറിനിന്ന് കാണുന്നതിന് പകരം പ്രകടനത്തിന്‍റെ ഭാഗമാകാൻ അവസരം ലഭിച്ചത് കുട്ടികൾക്കും ഏറെ ഹരം പകർന്നു. പ്രകൃതിയെയും സസ്യങ്ങളെയും ജീവജാലങ്ങളെയും കൂടുതൽ പ്രിയങ്കരമായ രീതിയിൽ പരിചയപ്പെടുത്താനും പ്രകൃതിയോട് ഇണങ്ങിച്ചേരാൻ കുട്ടികളെ പ്രേരിപ്പിക്കാനുമാണ് ഈ കലാപ്രകടനത്തിലൂടെ ലക്ഷ്യമിടുന്നത്.