ഗ്ലോബൽ വില്ലേജിന്‍റെ പേരിൽ വ്യാജ സൈറ്റുകൾ ; ജാഗ്രത പാലിക്കണമെന്ന് പൊലീസ്.
ദുബൈ: ദുബൈ ഗ്ലോബൽ വില്ലേജിന്‍റെ പുതിയ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി തട്ടിപ്പുകാരും സജീവം. വ്യാജ വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും വഴി തട്ടിപ്പ് നടക്കാൻ സാധ്യതയുണ്ടെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി. 31ാം സീസണിലെ പാക്കേജുകളും ടിക്കറ്റുകളും ലക്ഷ്യമിട്ട് വ്യാജ വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും വഴി തട്ടിപ്പ് നടക്കാൻ സാധ്യതയുണ്ടെന്നാണ് ദുബൈ പൊലീസിന്‍റെ മുന്നറിയിപ്പ്. കുറഞ്ഞ നിരക്കിൽ പാക്കേജുകളും ആകർഷക ഓഫറുകളും വാഗ്ദാനം ചെയ്ത് പണം തട്ടാനും വ്യക്തിഗത വിവരങ്ങൾ ചോർത്താനും ശ്രമങ്ങൾ നടക്കുന്നതായി പൊലീസ് അറിയിച്ചു.
പുതിയ സീസണിന്‍റെ എക്സ്ക്ലുസീവ് വി.ഐ.പി പാക്കുകൾ ഉടൻ പുറത്തിറക്കാനിരിക്കെയാണ് പൊലീസിന്‍റെ മുന്നറിയിപ്പ്. വി.ഐ.പി പാക്കുകളുടെ വിൽപ്പന ഘട്ടംഘട്ടമായാണ് നടക്കുക. സെപ്റ്റംബർ 21 മുതൽ 25 വരെ പ്രീ-സെയിൽ നടക്കും. അധിക നിരക്ക് നൽകി ഇഷ്ടപ്പെട്ട പാക്കുകൾ നേരത്തെ സ്വന്തമാക്കാം. സെപ്റ്റംബർ 26 മുതലാണ് പൊതുവിൽ വിൽപന ആരംഭിക്കുക. കൊക്കകോള അരീനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് പാക്കുകൾ ലഭ്യമാകുക.ഗ്ലോബൽ വില്ലേജുമായി ബന്ധപ്പെട്ട പുതിയ പ്രവർത്തനങ്ങളും പാക്കേജുകളും പ്രഖ്യാപിക്കുന്ന സമയത്ത് ഇത്തരം തട്ടിപ്പുകൾ പതിവായി പ്രത്യക്ഷപ്പെടുന്നതായി ദുബൈ പൊലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റുകളുടെയും സോഷ്യൽ മീഡിയ പേജുകളുടെയും രൂപവും പേരും അനുകരിച്ചാണ് തട്ടിപ്പുകാർ വ്യാജ അക്കൗണ്ടുകളും വെബ്‌സൈറ്റുകളും സൃഷ്ടിക്കുന്നത്. ഇത്തരം ലിങ്കുകളിലൂടെ വ്യാജ പർച്ചേസ് നടത്താൻ ആവശ്യപ്പെടുകയോ ബാങ്കിങ് വിവരങ്ങളും മറ്റ് വ്യക്തിഗത വിവരങ്ങളും നൽകാൻ പ്രേരിപ്പിക്കുകയോ ചെയ്യാം. പിന്നീട് ഈ വിവരങ്ങൾ ദുരുപയോഗത്തിനുള്ള സാധ്യതയുമുണ്ട്.വളരെ കുറഞ്ഞ വിലയിലുള്ളതോ വിശ്വസിക്കാനാകാത്ത തരത്തിൽ ആകർഷകമായതോ ആയ ഓഫറുകളിൽ ജാഗ്രത പാലിക്കണം. ടിക്കറ്റുകളും പാക്കേജുകളും ഔദ്യോഗികവും അംഗീകൃതവുമായ ചാനലുകളിലൂടെ മാത്രം വാങ്ങണം. പരിചയമില്ലാത്ത ഉറവിടങ്ങളിൽനിന്നുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും അത്തരം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരുന്നതും ഒഴിവാക്കണം. സംശയാസ്പദമായ ഗ്ലോബൽ വില്ലേജ് ലിങ്കുകളോ അക്കൗണ്ടുകളോ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പൊലീസിന്‍റെ ഇ ക്രൈം പ്ലാറ്റ്‌ഫോം വഴി റിപ്പോർട്ട് ചെയ്യാം. 901 എന്ന നമ്പറിലും അറിയിക്കാം.