യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം പകർന്ന് ഞായറാഴ്ചയും പാസ്പോർട്ട് വാങ്ങാൻ അവസരം.
യുഎഇ: യുഎഇ യിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം പകർന്ന് ഞായറാഴ്ചയും പാസ്പോർട്ട് വാങ്ങാൻ അവസരം. അൽ ഹിന്ദ് നടത്തുന്ന 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്‍ററുകളിലും (ഐസിഎസി) ഞായറാഴ്ച പാസ്‌പോർട്ട് കളക്ഷൻ കൗണ്ടർ പ്രവർത്തനം തുടങ്ങി. രാവിലെ പത്ത് മുതൽ ഉച്ചക്ക് 12 വരെയാണ് ഈ സേവനം ലഭ്യമാകുക. . ജോലി ഉൾപ്പെടെ തിരക്കുകൾ കാരണം പ്രവൃത്തിദിവസങ്ങളിൽ പാസ്‌പോർട്ട് സെന്‍ററിലെത്താൻ കഴിയാത്തവർക്കും വാരാന്ത്യത്തിൽ കൊറിയർ വഴി പാസ്‌പോർട്ട് ലഭിക്കാൻ കാത്തിരിക്കേണ്ടി വരുന്നവർക്കും സഹായകമാകുന്ന സംവിധാനമാണ് പ്രവർത്തനം ആരംഭിച്ചത്. ഞായറാഴ്ച പാസ്പോർട്ട് കൈപ്പറ്റാനുള്ള അവസരം മാത്രമാണുള്ളത്. പുതിയ അപേക്ഷകൾ സ്വീകരിക്കില്ല.അബൂദബിയിലെ ഇന്ത്യൻ എംബസിയുടെയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന്‍റെയും മാർഗനിർദേശത്തിലാണ് പുതിയ സേവനം ആരംഭിച്ചത്.പ്രവൃത്തിദിവസങ്ങളിൽ സെന്‍ററിലെത്താൻ കഴിയാത്തവർക്കൊപ്പം അടിയന്തര സാഹചര്യങ്ങളിൽ കൊറിയറിനായി കാത്തിരിക്കാതെയും ഞായറാഴ്ച തന്നെ ഐസിഎസി സെന്‍ററിലെത്തി പാസ്പോർട്ട് വാങ്ങാൻ സാധിക്കും.അടിയന്തര യാത്രകൾ, പുതിയ വിസ, എമിറേറ്റ്സ് ഐഡി ഉൾപ്പെടെ ഔദ്യോഗിക നടപടികൾ എന്നിവക്കായി പാസ്‌പോർട്ട് ഉടൻ ആവശ്യമായവർക്ക് പുതിയ സംവിധാനം പ്രയോജനപ്പെടും. നിലവിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെയാണ് ഐസിഎസി പ്രവർത്തനമുള്ളത്.
പാസ്പോർട്ട് സേവനത്തിൽ നേരത്തേ നേരിട്ട പ്രതിസന്ധിയും പരിഹരിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്. തിരക്കും നീണ്ട കാത്തിരിപ്പും പരാതികളും ഇപ്പോൾ പരിഹരിച്ചതായാണ് ഇന്ത്യൻ മിഷനുകൾ അറിയിക്കുന്നത്. ജൂലൈ 22നാണ് അൽ ഹിന്ദിന്‍റെ ഐസിഎസികൾ പ്രവർത്തനം ആരംഭിച്ചത്. നേരത്തെയുണ്ടായിരുന്ന 100 ശതമാനം അപേക്ഷകളും തീർപ്പാക്കിയതായി നയതന്ത്ര കാര്യാലയങ്ങൾ വ്യക്തമാക്കി. നിലവിൽ അപ്പോയിന്റ്മെന്റുകൾ ലഭ്യമാണെന്നും 16 കേന്ദ്രങ്ങളിലെയും പ്രവർത്തനം സുഗമമായെന്നും അധികൃതർ അറിയിച്ചു. ജൂലൈ 22 മുതൽ ആഗസ്റ്റ് 22 വരെയുള്ള ആദ്യ 30 ദിവസം 16 ഐസിഎസികളിലായി 53,000ത്തിലേറെ കോൺസുലർ സേവനങ്ങൾ നൽകിയിരുന്നു. ഇതിൽ 44,000 എണ്ണം പാസ്‌പോർട്ട് സേവനങ്ങളായിരുന്നു. തത്കാൽ പാസ്‌പോർട്ട് അപേക്ഷകർ, നവജാത ശിശുക്കൾ, എമർജൻസി സർട്ടിഫിക്കറ്റ് അപേക്ഷകർ, 60 വയസ്സിന് മുകളിലുള്ള മുതിർന്നവർ തുടങ്ങിയവർക്ക് വാക്ക് ഇൻ സേവനവും ലഭ്യമാണ്. ഓൺലൈൻ അപ്പോയിന്റ്മെന്റുകൾ consularsevainuae.com വഴി ബുക്ക് ചെയ്യാം. ദിവസവും രാവിലെ 9നും രാത്രി 9നും പുതിയ അപ്പോയിന്റ്മെന്റ് ലഭിക്കും.