PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഭരത് മുരളി നാടകോത്സവം; കീഴാളരാഷ്ട്രീയം പറഞ്ഞ ശക്തിയുടെ ‘പൊറാട്ട്’ വേറിട്ടൊരനുഭവമായി.

ഭരത് മുരളി നാടകോത്സവം; കീഴാളരാഷ്ട്രീയം പറഞ്ഞ ശക്തിയുടെ ‘പൊറാട്ട്’ വേറിട്ടൊരനുഭവമായി.

ഭരത് മുരളി നാടകോത്സവം; കീഴാളരാഷ്ട്രീയം പറഞ്ഞ ശക്തിയുടെ ‘പൊറാട്ട്’ വേറിട്ടൊരനുഭവമായി.

അബുദാബി: ജീവിതം പിന്നാമ്പുറത്ത് ഒതുക്കി വച്ച് ചമയമണിഞ്ഞ് നിറഞ്ഞ ചിരിയോടെ പൊറാട്ട് നാടകം ആടുന്ന  അപ്പു ആശാന്റെയും സംഘത്തിന്റെയും വേദനകൾ പ്രേക്ഷകരിലേക്ക് പകർന്നു നൽകിയ പൊറാട്ട് ഭരത് മുരളി നാടകോത്സവത്തിൽ വേറിട്ടൊരനുഭവമായി. യുവതലമുറയിലെ ശക്തനായ നാടക പ്രവർത്തകൻ നിഖിൽ ദാസ് രചനയും സംവിധാനവും നിർവ്വഹിച്ച പൊറാട്ട് ശക്തി തിയറ്റേഴ്‌സ് അബുദാബിയാണ് ഭരത് മുരളി നാടകോത്സവത്തിലെ മൂന്നാമത്തെ നാടകമായി കേരള സോഷ്യൽ സെന്ററിൽ അവതരിപ്പിച്ചത്.
ജാതി സമൂഹത്തിൽ ‘കീഴാളർ’എന്നു വിളിക്കപ്പെട്ട പാണന്മാർ അവതരിപ്പിച്ചുവന്നിരുന്ന നൂറ്റാണ്ടുകളോളം പഴക്കമുള്ള പ്രധാന നാടോടി കലാരൂപമായ പൊറാട്ടിനെ മുൻനിർത്തി നിഖിൽ ദാസ് രചനയും സംവിധാനവും നിർവ്വഹിച്ച നാടകമായ പൊറാട്ട്. ചരിത്രത്തെയും വർത്തമാനത്തെയും മുൻനിർത്തി ജാതിയെ എങ്ങനെയാണ് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് പറയാനാണ് ശ്രമിച്ചത്.
അപ്പു ആശാന്റെയും അഭ്യസ്തവിദ്യനായ മകൻ വികാസ് കുമാറിന്റെയും ജീവിതത്തിലെ സംഘർഷങ്ങളിലൂടെ പുറത്താക്കപ്പെട്ടവരുടെ ജീവിതം കാണിച്ച്, പുറത്തുനിന്നുള്ള ആട്ടിലേക്ക് ചരിത്രം പരിണമിച്ചതിന്റെ കഥ കൂടി ഉൾച്ചേർത്ത് ഉച്ചത്തിൽ കീഴാളരാഷ്ട്രീയം പറയാനാണ് നാടകം ശ്രമിച്ചത്.
നാടകത്തിലെ കേന്ദ്രകഥാപാത്രമായ അപ്പു ആശാന്റെ മകൻ വികാസ് കുമാർ കഴുത്തിൽ മരണക്കുടുക്കിട്ട് പറയുന്ന സംഭാഷണവും ദൃശ്യവും ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷക വിദ്യാർഥി രോഹിത് വെമൂലയുടെ ആത്മഹത്യയെയാണ് ഓർമ്മിപ്പിക്കുക.
രോഹിത് വെമൂല ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായി ആത്മഹത്യ കൊണ്ടാണ് പ്രതിഷേധം സൃഷ്ടിച്ചതെങ്കിൽ വികാസ് തൂക്കുകയർ ഉപേക്ഷിച്ച് അച്ഛൻ പറഞ്ഞ കഥകളിൽ നിന്ന് ഊർജ്ജം സ്വീകരിച്ച് ആട്ടവും പാട്ടുമായി ഒപ്പമുള്ളവരോടൊപ്പം സമരോത്സുകരായി പുറത്തേക്കു വരുന്നിടത്താണ് നാടകം അവസാനിക്കുന്നത്.

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് നാടകത്തിന് തിരശ്ശീല വീഴുമ്പോൾ നിറഞ്ഞ കയ്യടിയോടും ഹർഷാരവത്തോടും കൂടിയാണ് നാടകത്തെ സദസ്സ് സ്വീകരിച്ചത്.
നാടകത്തിലെ പ്രധാന കഥാപാത്രമായ അപ്പു ആശാനായി പ്രകാശ് തച്ചങ്ങാട് വേഷമിട്ടപ്പോൾ മകൻ വികാസ് കുമാറായി വേഷമിട്ടത് ശ്രീബാബു പിലിക്കോടായിരുന്നു. ആശാന്റെ ഭാര്യയായി അനന്തലക്ഷ്മിയും സുന്ദരേശനായി അഖിലേഷും മാതുവായി ശ്രീഷ്മ അനീഷും വേഷമിട്ടു.
ഷീന സുനിൽ, രജിത് രാഘവൻ, അബ്ദുൽ ഹുസ്സൈൻ, ലക്ഷ്മി, ജിജോ, മുനീറ റായംസ്, മുസ്തഫ, നസീമ, നിഷിത, നിസാബ്, പ്രതിഭ, രാകേഷ്, ഷിബിൻ ഹാഖ്‌, ഷീല, ശ്രീജിഷ്, ബിയോൺ, നിർമൽ, അൻമിക, ആദികൃഷ്ണ, സാജിദ്, അയാൻ അലി, മർസൂഖ്, രോഹിത്, സായി മാധവ്, ദേവാനന്ദ് എന്നിവർ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകി.നിജിൽ ദാസ്, അനീഷ ഷഹീർ( സംഗീതം), ധനേഷ് (പ്രകാശവിതാനം), വേണു, അശോകൻ (രംഗസജ്ജീകരണം), ക്ലിന്റ് പവിത്രൻ (ചമയം), നിഖിൽ ദാസ് (വാസ്‌താലങ്കാരം) എന്നിവരായിരുന്നു മറ്റു അണിയറ ശില്പികൾ.
ഭരത് മുരളി നാടകോത്സവത്തിലെ നാലാമത്തെ നാടകമായ എമിൽ മാധവിയുടെ ‘പെഡ്രോ – നിശ്ശബ്ദത സംസാരിക്കുന്ന രാത്രി’ നാളെ  (ഞായറാഴ്ച) രാത്രി 8 മണിക്ക് ഓർമ ദുബൈ അവതരിപ്പിക്കും.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment