യുഎഇയിൽ തൊറാസിക് ക്യാൻസർ ചികിത്സ രംഗത്ത് പുതിയ മുന്നേറ്റം; ബുർജീൽ മെഡിക്കൽ സിറ്റിയും യുഎസിലെ റോസ്വെൽ പാർക്കും കരാർ ഒപ്പിട്ടു
അബുദാബി/ന്യൂയോർക്ക്: തൊറാസിക് കാൻസർ ചികിത്സാ രംഗത്തെ വിദഗ്ധ ശസ്ത്രക്രിയ മിഡിൽ ഈസ്റ്റിലെ രോഗികൾക്ക് ലഭ്യമാക്കുന്നതിനായി ബുർജീൽ ഹോൾഡിങ്‌സിന് കീഴിലുള്ള ബുർജീൽ മെഡിക്കൽ സിറ്റിയും യുഎസിലെ പ്രമുഖ ക്യാൻസർ ഗവേഷണ ചികിത്സാ കേന്ദ്രമായ റോസ്വെൽ പാർക്ക് കോംപ്രിഹെൻസീവ് ക്യാൻസർ സെന്ററും തന്ത്രപ്രധാനമായ കരാറിലൊപ്പിട്ടു . ശ്വാസകോശം, അന്നനാളം, നെഞ്ചിലെ മറ്റ് ഭാഗങ്ങൾ എന്നിവയെ ബാധിക്കുന്ന അർബുദങ്ങളുടെ ചികിത്സയ്ക്കായി അബുദാബിയിൽ അതിവിദഗ്ദ്ധ തൊറാസിക് സർജറി പ്രോഗ്രാം ആരംഭിക്കുകയാണ് ലക്ഷ്യം. ഇതുവഴി സങ്കീർണ്ണമായ ക്യാൻസർ ചികിത്സകൾക്കായി രോഗികൾ വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാകും. യുഎസിലെ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അംഗീകാരമുള്ള രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിലൊന്നാണ് ന്യൂയോർക്ക് ആസ്ഥാനമായുള്ള റോസ്വെൽ പാർക്ക്.
ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ റോസ്വെൽ പാർക്ക് പ്രസിഡന്റും സിഇഒയുമായ ഡോ. കാൻഡിസ് എസ്. ജോൺസണും ബുർജീൽ മെഡിക്കൽ സിറ്റി സിഇഒ ഡോ. മുജ്തബ അലി ഖാനും ചേർന്നാണ് കരാറിൽ ഒപ്പിട്ടു. ബുർജീൽ ഹോൾഡിംഗ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ, റോസ്വെൽ പാർക്ക് സീനിയർ വൈസ് പ്രസിഡന്റും ചീഫ് സ്ട്രാറ്റജി ഓഫീസറും തൊറാസിക് സർജറി വിഭാഗം മേധാവിയുമായ ഡോ. സായ് യെന്ദമുരി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പങ്കാളിത്തത്തിന്റെ ഭാഗമായി പ്രത്യേക തൊറാസിക് വിഭാഗം ബുർജീൽ മെഡിക്കൽ സിറ്റിയിൽ പ്രവർത്തിക്കും. റോസ്വെൽ പാർക്കിന്റെ അക്കാഡമിക് വൈദഗ്ധ്യവും അന്താരാഷ്ട്ര തലത്തിലുള്ള ചികിത്സാ പ്രോട്ടോക്കോളുകളും ബുർജീൽ മെഡിക്കൽ സിറ്റിയുടെ അത്യാധുനിക സൗകര്യങ്ങളുമായി സംയോജിപ്പിച്ചായിരിക്കും ഈ നൂതന തൊറാസിക് സർജറി വിഭാഗം പ്രവർത്തിക്കുക. അത്യാധുനിക റോബോട്ടിക് സർജറി, വീഡിയോ അസ്സിസ്റ്റഡ് കീഹോൾ സർജറി, പരമ്പരാഗത ശസ്ത്രക്രിയകൾ എന്നിവ ബുർജീലിൽ ലഭ്യമാക്കും.

ചികിത്സക്കും അക്കാഡമിക് പ്രവർത്തനങ്ങൾക്കും പ്രാധാന്യം
ബുർജീൽ മെഡിക്കൽ സിറ്റിയിൽ പ്രവർത്തിക്കുന്ന യുഎഇയിലെ തന്നെ ഏറ്റവും വലിയ കാൻസർ കെയർ നെറ്റ്വർക്കുകളിൽ ഒന്നായ ബുർജീൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിലുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ പാനലുമായി റോസ്വെൽ പാർക്കിലെ ക്യാൻസർ വിദഗ്ദ്ധർ സഹകരിച്ചു പ്രവർത്തിക്കും. സങ്കീർണ്ണമായ കേസുകളിൽ ഇരു സ്ഥാപനങ്ങളിലെയും ഡോക്ടർമാരടങ്ങുന്ന തൊറാസിക് ട്യൂമർ ബോർഡിൻറെ സേവനവും രോഗികൾക്ക് ലഭ്യമാക്കും.
ചികിത്സയ്ക്ക് പുറമെ അക്കാഡമിക് ഗവേഷണങ്ങൾക്കും കരാർ ഊന്നൽ നൽകുന്നുണ്ട്. ഈ പ്രോഗ്രാമിന് നേതൃത്വം നൽകുന്ന ലീഡ് തൊറാസിക് സർജന് റോസ്വെൽ പാർക്കിന്റെ അക്കാദമിക് പദവിയുണ്ടായിരിക്കും. രണ്ട് സ്ഥാപനങ്ങളിലെയും ഡോക്ടർമാർക്കും വിദഗ്ദ്ധർക്കും പരസ്പരം അറിവ് പങ്കുവെക്കാനുള്ള അവസരങ്ങളും ഇതിലൂടെ ഒരുങ്ങും.ഏറ്റവും മികച്ച തൊറാസിക് ക്യാൻസർ ചികിത്സ സ്വന്തം നാട്ടിൽ തന്നെ ലഭ്യമാക്കുന്നതിലൂടെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഇവിടെയുള്ള രോഗികൾ വിദേശത്തേക്ക് യാത്ര ചെയ്യേണ്ടി വരുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കുമെന്ന് ബുർജീൽ ഹോൾഡിംഗ്സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
1898-ൽ ന്യൂയോർക്കിലെ ബഫല്ലോയിൽ സ്ഥാപിതമായ റോസ്വെൽ പാർക്ക്, ലോകത്തിൽ ക്യാൻസർ ഗവേഷണത്തിനായി മാത്രം ആരംഭിച്ച ആദ്യത്തെ സ്ഥാപനമാണ്. പ്രോസ്റ്റേറ്റ് ക്യാൻസർ കണ്ടെത്താനുള്ള പിഎസ്എ (PSA) ടെസ്റ്റ് വികസിപ്പിച്ചെടുത്തത് ഇവിടെയാണ്. അമേരിക്കയിലെ ക്യാൻസർ സെന്ററുകളിൽ വെച്ച് ഏറ്റവും ഉയർന്ന NCI റേറ്റിംഗായ ‘എക്സപ്ഷണൽ’ പദവി സ്വന്തമാക്കിയ ചുരുക്കം ചില സ്ഥാപനങ്ങളിലൊന്ന് കൂടിയാണിത്.