അബുദാബി കേരള സോഷ്യൽ സെന്റർ ‘വേനൽത്തുമ്പികൾ 2026’ന് ജൂലൈ 18 തുടക്കം : യൂണിഫോം പ്രകാശനം ചെയ്തു.
അബുദാബി: വേനലവധിക്ക് നാട്ടിൽ പോകാത്ത കുട്ടികൾക്കായി ‘വേനൽത്തുമ്പികൾ 2026’ എന്ന പേരിൽ ജൂലൈ 18 മുതൽ ഓഗസ്റ്റ് 9 വരെ അബുദാബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ വേനലവധിക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.അബുദാബിയിലെ മലയാളി കുടുംബങ്ങളുടെ വിശ്വാസവും അംഗീകാരവും നേടിയ അവധിക്കാല വിദ്യാഭ്യാസ-വ്യക്തിത്വ വികസന പരിപാടികൾക്ക് 2005 വരെ അബുദാബിയിലുള്ള കലാകാരന്മാരായിരുന്നു നേതൃത്വം നൽകിയത്.
അതിനൊരു മാറ്റം വരുത്തിയത് 2005 ൽ പ്രമുഖ ജനകീയ ഗായകൻ വി. കെ. ശശീധരൻ മാഷെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഒരു മാസം നീണ്ടു നിന്ന വേനലവധി ക്യാമ്പോട് കൂടിയായിരുന്നു. തുടർന്നിങ്ങോട്ട് ഓരോ വർഷവും നാട്ടിൽ നിന്നും കൊണ്ടുവരുന്ന കലാ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പരിചയസമ്പന്നരുമായ വ്യക്തിത്വങ്ങളാണ് കേരള സോഷ്യൽ സെന്ററിന്റെ വേനലവധി ക്യാമ്പുകൾക്ക് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നത്.ഇത്തവണ ക്യാമ്പ് നയിക്കുന്നത് ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ക്യാമ്പുകളിലൊന്നായി അറിയപ്പെടുന്ന ‘കളിയാട്ടം’ ക്യാമ്പിന്റെ പരിശീലകരും കുട്ടികളുടെ വ്യക്തിത്വ വികസനം, സർഗാത്മക പരിശീലനം, നേതൃത്വ പരിശീലനം എന്നിവയിൽ ശ്രദ്ധേയമായ അനുഭവസമ്പത്തുള്ളവരുമായ അശ്വിനും ശരത്തുമാണ്. ഇരുവരും കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രശസ്ത നാടക കൂട്ടായ്മയായ ‘കോഴിക്കോട് നാടക ചങ്ങായിസ്’-ന്റെ സജീവ പ്രവർത്തകരുമാണ്.
നാടകം, സംഗീതം, സർഗാത്മക പ്രവർത്തനങ്ങൾ, ആശയവിനിമയ പരിശീലനം എന്നിവ സമന്വയിപ്പിച്ചുള്ള അവരുടെ പരിശീലനരീതി കുട്ടികൾക്ക് പുതുമയാർന്ന അനുഭവം സമ്മാനിക്കും. സന്തോഷവും സൗഹൃദവും വിജ്ഞാനവും നിറഞ്ഞ ദിനങ്ങൾ സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പിൽ കുട്ടികൾക്ക് പഠനത്തിനപ്പുറം കുട്ടികളുടെ സർഗാത്മകത, ആത്മവിശ്വാസം, ആശയവിനിമയശേഷി, നേതൃത്വഗുണങ്ങൾ, സാമൂഹികബോധം എന്നിവ വളർത്തിയെടുക്കാൻ സഹായിക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.ക്യാമ്പിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തിൽ വെച്ച് വേനൽത്തുമ്പികൾ 2026’ ൽ പങ്കെടുക്കുന്ന കുട്ടികൾക്കായുള്ള യൂണിഫോമിന്റെ പ്രകാശനം എൽ.എൽ.എച്ച്. ആശുപത്രി ഡെപ്യൂട്ടി ഡയറക്ടർ ലോണാ ബ്രിനെറ്റ്, എന്നിവർ കെ. എസ് സി ബാലവേദി അംഗം അഭിനവ് രാകേഷിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ചടങ്ങിൽ എൽ എൽ എച്ച് മാർക്കറ്റിംഗ് മാനേജർ നിർമൽ ചിയാരത്ത്, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി. കെ. മനോജ്, ജനറൽ സെക്രട്ടറി സജീഷ് നായർ, ട്രഷറർ ജുനൈദ് എന്നിവർ പങ്കെടുത്തു.
ക്യാമ്പിന്റെ ഏകോപനത്തിനായി ഷെറിൻ വിജയനെ ഡയറക്ടറായും, നിഖിൽ ഹുസൈൻ, സബിത എസ്. നായർ, അഡ്വ. സാജിത ചേലകുത്ത് എന്നിവരെ അസി. ഡയറക്ടറായും തെരഞ്ഞെടുത്തു. ക്യാമ്പിന്റെ നടത്തിപ്പിനായി രജിസ്ട്രേഷൻ കമ്മിറ്റി, കരിക്കുലം കമ്മിറ്റി, മീഡിയ കമ്മിറ്റി ട്രാൻസ്പോർട്ടേഷൻ കമ്മിറ്റി, റിഫ്രഷ്മെന്റ് കമ്മിറ്റി വിവിധ കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ടെന്നും ജനറൽ സെക്രട്ടറി സജീഷ് നായർ അറിയിച്ചു.