വൈറൽ വീഡിയോസ് ആളുകളെ സഹായിക്കാനാണെന്ന് ടിക്‌ടോക്കർ അർമേൻ അടംജൻ
ഷാർജ: ഷാർജയിൽ നടക്കുന്ന 44-ാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ (SIBF 2025) പ്രശസ്ത കണ്ടന്റ് ക്രിയേറ്ററും മൂന്ന് പുസ്തകങ്ങളുടെ എഴുത്തുകാരനുമായ അർമേൻ അടംജൻ പങ്കെടുത്തു. “The Science of Fun: Turning Knowledge into Clever Hacks” എന്ന സെഷനിൽ സംസാരിച്ച അദ്ദേഹം, സ്വന്തം വൈറൽ വീഡിയോയുടെ ലക്ഷ്യം കൂടുതലായി ആളുകളെ സഹായിക്കുക തന്നെയാണെന്ന് പറഞ്ഞു. പ്ലാന്റ് ടിപ്പുകളും, അപ്പ്‌സൈക്ലിംഗ് ഐഡിയകളും, ഹൗസ്‌ഹോൾഡ് ഹാക്കുകളും ഉൾപ്പെടുത്തിയുള്ള തന്റെ വീഡിയോകൾക്ക് സമൂഹമാധ്യമങ്ങളിലായി 25 മില്യൺലധികം ഫോളോവേഴ്‌സുണ്ട്. കോവിഡ് കാലത്ത് വീഡിയോ നിർമ്മാണത്തിലേക്ക് തിരിഞ്ഞ അടംജൻ, ഗ്രീൻ ഓണിയൻ വീണ്ടും വളർത്തുന്ന വീഡിയോയായിരുന്നു തന്റെ ആദ്യ വൈറൽ കണ്ടന്റ്.

മക്കൾക്കും മുതിർന്നവർക്കും സ്ക്രീൻടൈം കുറച്ച് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ നൽകാനാണ് പുസ്തകങ്ങൾ എഴുതിയത് എന്നും അദ്ദേഹം പറഞ്ഞു. ഓരോ വീഡിയോയും ആവേശമുള്ളപ്പോഴാണ് ചിത്രീകരിക്കുന്നതെന്നും, പഠിച്ചുകൊണ്ടാണ് പല ഹാക്കുകളും കണ്ടെത്തിയതെന്നും വ്യക്തമാക്കി. ആദ്യ രണ്ടു സെക്കൻഡാണ് ഒരു വീഡിയോ പ്രേക്ഷകനെ പിടിച്ചിടുന്നത് എന്നതിനാൽ അതിൽ ശ്രദ്ധ നൽകണം എന്നും, സഹായകരമല്ലെന്ന് തോന്നുന്ന വീഡിയോകൾ ഡിലീറ്റ് ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷാർജയും ബുക്ക് ഫെയറും മികച്ച അനുഭവമായിരുന്നുവെന്നും, സൗഹൃദപരമായ സംസ്കാരമാണ് ഇവിടെ തനിക്ക് ആകർഷിച്ചതെന്നും, യുഎഇയിലേക്ക് താമസം മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.