ജീവിതത്തിലെ പ്രണയവും കഥയിലെ പ്രണയവും തമ്മിൽ താരതമ്യം ചെയ്യാനാവില്ല, പ്രജക്ത കോലി
ഷാർജ: യഥാർഥ ജീവിതത്തിൽ നിന്നുള്ള വിടുതലാണ് പ്രണയമെന്ന് പ്രജക്ത കോലി പറഞ്ഞു. ജീവിതത്തിലെ പ്രണയവും കഥയിലെ പ്രണയവും തമ്മിൽ താരതമ്യം ചെയ്യാനാവില്ല. കഥകളിൽ കാണുന്ന വിധമുള്ള പ്രണയ നായകരെ പ്രേമിക്കാൻ പോയാൽ നമ്മൾ ജയിലിലാവുമെന്നും പ്രജക്ത പറഞ്ഞു.

തന്റെ ആദ്യ നോവലായ ‘റ്റൂ ഗുഡ് ടു ബി ട്രു’ എന്ന പുസ്തകത്തെ ആധാരമാക്കി ഷാർജ അന്താരാഷ്ട പുസ്തകമേളയിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ. സൗഹൃദം തകരുന്നത് ഹൃദയഭേദകമാണ്. കഥകളിലെ കാമുകന്മാരെ യഥാർഥ ജീവിതത്തിലെ കാമുകന്മാരെ അളക്കാനുള്ള മാനദണ്ഡമാക്കരുതെന്നും അവർ വ്യക്തമാക്കി.

ഇരുണ്ട പ്രണയകഥകളോട് പൊതുവേ താൽപര്യമില്ലെന്ന് പ്രജക്ത വിശദീകരിച്ചു. വായിച്ച അത്തരം ഒരു നോവൽ ഏറെക്കാലം മനസ്സിനെ അലട്ടിയിരുന്നു. അത്തരം പ്രമേയങ്ങളെ മഹത്വവത്കരിക്കുന്ന വായനക്കാരുണ്ട്. ഇത്തരം അഭിരുചികൾ വ്യക്തിനിഷ്ഠമാണ്. ആരാധകർക്ക് പുസ്തകം ഒപ്പുവെച്ച് നൽകിയും ഫോട്ടോ എടുത്തും പ്രചോദാത്മകമായ വാക്കുകൾ പങ്കുവെച്ചും ജെൻ സിയെ കൈയിലെടുത്താണ് ഷാർജ എക്സ്പോ സെന്ററിലെ ഇന്റലക്ച്വൽ ഹാളിൽനിന്ന് പ്രജക്ത മടങ്ങിയത്. ഗൾഫ് ന്യൂസ് എന്റർടൈൻമെന്റ് എഡിറ്റർ മഞ്ജുഷ രാധാകൃഷ്ണൻ മോഡറേറ്ററായിരുന്നു.