സർഗ രചനയിൽ എ.ഐക്ക് സ്ഥാനമില്ല -ബുക്കർ ജേതാവ് പോൾ ലിഞ്ച്
ഷാർജ: നിർമിത ബുദ്ധി പോലുള്ള സാങ്കേതിക സംവിധാനത്തിന് സർഗ ജീവിതത്തിൽ സ്ഥാനമില്ലെന്നും എഴുത്ത് പൂർണമായും വൈയക്തികവും വൈകാരികവുമായ അനുഭവമാണെന്നും ബുക്കർ സമ്മാന ജേതാവ് പോൾ ലിഞ്ച്. ‘ഫിക്ഷൻ, ഫ്രീഡം, ഫിയർ’ എന്ന വിഷയത്തിൽ ഷാർജ പുസ്തകോത്സവത്തിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുക്കർ ജേതാവ് പോൾ ലിഞ്ച് ‘ഫിക്ഷൻ, ഫ്രീഡം, ഫിയർ’ എന്ന വിഷയത്തിൽ ഷാർജ പുസ്തകോത്സവത്തിൽ സംസാരിക്കുന്നു
എ.ഐയുടെ കടന്നുവരവ് സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിൽ അസ്വസ്ഥതകൾക്ക് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘പ്രോഫറ്റ് സോങ്’ എന്ന ബുക്കർ സമ്മാനം നേടിയ നോവലിന്റെ എട്ടാം അധ്യായം എഴുതാൻ മാസങ്ങളെടുത്തു. ചില രചനാ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ സർഗാത്മകത നിലച്ചുപോകുന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്നും ലിഞ്ച് വിശദീകരിച്ചു.
വായനക്കാരോട് സത്യസന്ധത പാലിക്കണമെങ്കിൽ വസ്തുതകളെക്കുറിച്ച് എഴുതുമ്പോൾ അതിലേക്ക് ആഴ്ന്നിറങ്ങണം. അപ്പോൾ വായനക്കാരൻ കൂടെ വരും. എന്നാൽ, പലപ്പോഴും അത്തരം മാനസിക ഭാവങ്ങളുടെ തടവറയിൽ ഏറെക്കാലം കഴിയേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അനാമിക ചാറ്റർജി മോഡറേറ്ററായിരുന്നു.