ടി.എൻ. പ്രതാപന്‍റെ പുസ്തകം ഏറ്റുവാങ്ങി ഷാർജ ഭരണാധികാരി
ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപന്‍റെ പുസ്തകം ഏറ്റുവാങ്ങി ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലിയാണ് ‘അമ്മേ…അനുപമ സൗന്ദര്യമേ’ എന്ന പുസ്തകം ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താന് നൽകി പ്രകാശനം ചെയ്തത്. ടി.എൻ. പ്രതാപന്‍റെ പത്താമത്തെ പുസ്തകമാണിത്. ടി.എൻ. പ്രതാപൻ അമ്മമാരെ കുറിച്ച് തയാറാക്കിയ പുസ്തകം ഷാർജ പുസ്തകമേളയിൽ എം.എ. യൂസഫലി പ്രകാശനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ചടങ്ങിന് തൊട്ടുമുമ്പ് ഷാർജ ഭരണാധികാരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പുസ്തകം പ്രകാശനം ചെയ്തുവെന്ന് എം.എ. യൂസഫലി സദസിനെ അറിയിച്ചു. ഒരു മലയാളിക്ക് ലഭിക്കുന്ന അപൂർവ അവസരമാണ് തനിക്ക് ലഭിച്ചതെന്ന് ടി.എൻ. പ്രതാപൻ പറഞ്ഞു. ടി.എൻ. പ്രതാപന്‍റെ മാതാവടക്കം അറിയപ്പെടുന്നവരും അല്ലാത്തവരുമായ അമ്മമാരെ കുറിച്ചാണ് ഈ പുസ്തകം. അമ്മയെ കുറിച്ച് നേരത്തേ എഴുതിയ ഗസലിന്റെ വരികളാണ് പുസ്തകത്തിന്റെ തലക്കെട്ടായി ചേർത്തിരിക്കുന്നത്.