PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHകവിതയും പാട്ടും തമ്മിൽ ഉയർച്ചതാഴ്ചകളില്ലെന്ന് ബി.കെ. ഹരിനാരായണൻ; ഷാർജ പുസ്തകമേളയിൽ വേറിട്ട സംവാദം

കവിതയും പാട്ടും തമ്മിൽ ഉയർച്ചതാഴ്ചകളില്ലെന്ന് ബി.കെ. ഹരിനാരായണൻ; ഷാർജ പുസ്തകമേളയിൽ വേറിട്ട സംവാദം

കവിതയും പാട്ടും തമ്മിൽ ഉയർച്ചതാഴ്ചകളില്ലെന്ന് ബി.കെ. ഹരിനാരായണൻ; ഷാർജ പുസ്തകമേളയിൽ വേറിട്ട സംവാദം

ഷാർജ: കുട്ടിക്കാലത്ത് നാമെല്ലാം ചൊല്ലിപ്പഠിച്ച ‘കാക്കേ കാക്കേ കൂടെവിടെ’ എന്ന കവിതയ്ക്ക് പുതിയ സാമൂഹിക വായന സമ്മാനിച്ച് കവി പി.കെ. ഗോപി. ലോകത്തെ ഏറ്റവും വലിയ പ്രശ്നമായ വിശപ്പിനെയാണ് ഈ കവിത അടയാളപ്പെടുത്തുന്നതെന്നും അതിന്റെ യഥാർഥ അർഥം മനസ്സിലാക്കാൻ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ഇന്റലക്ച്വൽ ഹാളിൽ സംഘടിപ്പിച്ച ‘കവിത ഒരു ഗാനമായി മാറുമ്പോൾ’ എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്രയും ആഴത്തിലുള്ള സാമൂഹിക യാഥാർഥ്യം ഉൾക്കൊള്ളുന്ന കവിതയെ ബാലകവിതയായി മാത്രം കണ്ട് ചൊല്ലി അവസാനിപ്പിച്ചതിനെയാണ് പി.കെ. ഗോപി വിമർശിച്ചത്. വിശപ്പിന്റെ പ്രശ്നമാണ് കവിത കൈകാര്യം ചെയ്യുന്നതെന്ന് കുട്ടികളെ പഠിപ്പിക്കാൻ അധ്യാപകർ തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.കവിതയെ ചൊല്ലി ഉപേക്ഷിക്കുകയല്ല, അതിന്റെ അർഥം ഉൾക്കൊണ്ട് വ്യാഖ്യാനിക്കുകയും നിരൂപണം ചെയ്യുകയും വേണമായിരുന്നു. ആ കവിതയിലൂടെ സമൂഹത്തിലെ യാഥാർഥ്യങ്ങളെക്കുറിച്ച് പഠിക്കാനും ചിന്തിക്കാനും നമുക്ക് കഴിയുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാക്കയുടെ രൂപവും സാമൂഹികമായി അതിന് കൽപ്പിക്കപ്പെട്ട സ്ഥാനവും പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു നിരീക്ഷണം. മയിലിനെപ്പോലെ അഴകിൽ മുന്നിൽ നിൽക്കാത്ത, കുയിലിനെപ്പോലെ പാടാത്ത കാക്കയെ സമൂഹം പലപ്പോഴും അവഗണനയോടെയാണ് കണ്ടിട്ടുള്ളത്. കറുത്ത നിറവും സൗന്ദര്യത്തെക്കുറിച്ചുള്ള പൊതുബോധവും അതിന്റെ സാമൂഹിക പ്രതീകങ്ങളായി മാറിയെന്നും കാക്കയെ അടിയാള സ്വരൂപമായി വായിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഷാർജ പുസ്തകമേളയെക്കുറിച്ചും പി.കെ. ഗോപി സംസാരിച്ചു. ഒരു ഭരണാധികാരിക്ക് ദീർഘവീക്ഷണത്തോടെ പുസ്തകത്തെയും സാഹിത്യത്തെയും കലയെയും ജനങ്ങളിലേക്ക് എത്തിക്കാനാകുന്നതിന്റെ വലിയ ഉദാഹരണമാണ് ഷാർജ പുസ്തകമേളയെന്ന് അദ്ദേഹം പറഞ്ഞു. മറ്റൊരു സംസ്കാരത്തിന്റെ ആഘോഷം കൂടിയാണിത്. പുസ്തകം എന്നതിലുപരി ‘പുത്തകം’ എന്ന് വിളിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ വിക്ടർ ഹ്യൂഗോയുടെ ‘പാവങ്ങൾ’ വായിക്കാൻ കഴിഞ്ഞില്ലായിരുന്നുവെങ്കിൽ താൻ എഴുത്തുകാരനാകുമായിരുന്നില്ലെന്നും അദ്ദേഹം ഓർത്തെടുത്തു.

കവിതയും പാട്ടും രണ്ടല്ലാത്ത ലോകങ്ങൾ

കവിതയും പാട്ടും തമ്മിൽ ഉയർച്ചതാഴ്ചകൾ കൽപ്പിക്കേണ്ടതില്ലെന്നായിരുന്നു സംവാദത്തിൽ പങ്കെടുത്ത കവി, ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്റെ അഭിപ്രായം. കവിത സ്വയം പ്രകാശനമാണെന്നും പാട്ട് അതിൽനിന്ന് വ്യത്യസ്തമായ ആവിഷ്കാരമാണെന്നുമുള്ള ധാരണ നിലനിൽക്കുന്നുണ്ടെങ്കിലും രണ്ടിനെയും ഒന്നിനുതാഴെയോ മുകളിലോ ആയി കാണേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.മലയാള സാഹിത്യത്തിന്റെ ചരിത്രം പരിശോധിച്ചാൽ പാട്ടിന് അതിൽ വലിയ സ്ഥാനമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചീരാമൻ എഴുതിയ രാമചരിതത്തിലെ ‘കാനനം’ എന്നു തുടങ്ങുന്ന വരികൾ മുതൽ കണ്ണശ്ശ രാമായണം, രാമായണം കിളിപ്പാട്ട്, വഞ്ചിപ്പാട്ട്, തുള്ളൽപ്പാട്ട്, മോയിൻകുട്ടി വൈദ്യരുടെ കെട്ടിവെച്ച പാട്ട് തുടങ്ങിയവയെല്ലാം ഈ പാരമ്പര്യത്തിന്റെ ഭാഗമാണ്. ഇന്ന് കൃഷ്ണഗാഥ എന്ന് അറിയപ്പെടുന്ന കൃതി മുൻകാലത്ത് കൃഷ്ണപ്പാട്ട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

സാധാരണക്കാരുടെ പാട്ടുകൾക്ക് അർഹമായ പരിഗണന നൽകാൻ സമൂഹം തയ്യാറായില്ലെന്നായിരുന്നു ഇതിനോട് ചേർത്തുള്ള പി.കെ. ഗോപിയുടെ നിരീക്ഷണം. ഇത്തരം പാട്ടുകൾ നമ്മുടെ പാഠ്യപദ്ധതികളിൽ പോലും ഇടം നേടിയില്ലെന്നും അദ്ദേഹം പറഞ്ഞു.പുതുതലമുറയുടെ സംഗീതബോധത്തെക്കുറിച്ച് സംസാരിച്ച ഹരിനാരായണൻ ഇന്നത്തെ കുട്ടികൾ എല്ലാ ഭാഷകളിലെയും സംസ്കാരങ്ങളിലെയും പാട്ടുകളെ ഒരുപോലെ ഉൾക്കൊള്ളുന്നവരാണെന്ന് അഭിപ്രായപ്പെട്ടു. സമരങ്ങളെയും സാമൂഹിക ഇടപെടലുകളെയും കുറിച്ച് പുതിയ തലമുറയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.പാട്ടിന്റെ പുതിയ വളർച്ചയാണ് ‘വിയർപ്പ് തുന്നിയിട്ട കുപ്പായം’ പോലുള്ള ശ്രദ്ധേയമായ വരികൾക്കും വേടനെപ്പോലുള്ള പുതിയ എഴുത്തുകാർക്കും വഴിയൊരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രണയത്തിലും ഭാഷയിലും നഷ്ടമാകുന്ന സത്യസന്ധത

പ്രണയത്തിന്റെ അർഥം പോലും മാറിപ്പോകുന്ന കാലത്തെക്കുറിച്ചും പി.കെ. ഗോപി ആശങ്ക പ്രകടിപ്പിച്ചു. പ്രണയത്തിന്റെ പേരിൽ അക്രമത്തിലേക്ക് നീങ്ങുന്ന പ്രവണതയെ വിമർശിച്ച അദ്ദേഹം, യഥാർഥ പ്രണയത്തിന്റെ അടിസ്ഥാനം സത്യവും പരസ്പര ബഹുമാനവുമാണെന്ന് പറഞ്ഞു. പ്രണയത്തിനൊപ്പം കഠാര വാങ്ങുന്ന അവസ്ഥയിലേക്ക് സമൂഹം എത്തിയതിന്റെ കാരണം പ്രണയത്തെ അതിന്റെ യഥാർഥ അർഥത്തിൽ മനസ്സിലാക്കാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഭാഷയും സ്നേഹവും സംസ്കാരവും നഷ്ടപ്പെടുന്നിടത്ത് താളവും സത്യവും നിലനിൽക്കില്ല. ഭാഷയുടെ സത്യവും സൗന്ദര്യവും നഷ്ടമാകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നതിൽ ദുഃഖമുണ്ടെന്നും പി.കെ. ഗോപി പറഞ്ഞു.കവിതയുടെ സാമൂഹിക പ്രസക്തി, മലയാളത്തിലെ പാട്ടുപാരമ്പര്യം, പുതുതലമുറയുടെ ആവിഷ്കാരങ്ങൾ, ഭാഷയുടെയും പ്രണയത്തിന്റെയും മാറുന്ന അർഥങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ചയായ സംവാദം പുസ്തകമേളയിലെ ശ്രദ്ധേയമായ സാഹിത്യ പരിപാടികളിലൊന്നായി.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment