അൽ ദഫ്രയിൽ ആരോഗ്യ സേവനങ്ങൾ വിപുലീകരിച്ച് അഡ്‌നോകും ബുർജീൽ ഹോൾഡിങ്സും
അബുദാബി: അൽ ദഫ്ര മേഖലയിലെ ആരോഗ്യ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനായി പ്രമുഖ ഊർജ കമ്പനിയായ അഡ്‌നോകും ഡോ. ഷംഷീർ വയലിൽ നേതൃത്വം നൽകുന്ന ബുർജീൽ ഹോൾഡിങ്സും തമ്മിലുള്ള പങ്കാളിത്തം ശക്തമാക്കുന്നു. അഡ്‌നോക് ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും പ്രദേശത്തെ പൊതുസമൂഹത്തിനും ലോകോത്തര ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.2023-ൽ അൽ ദന്ന ആശുപത്രിയുടെ പ്രവർത്തന ചുമതല അഡ്‌നോക് ബുർജീലിന് നൽകിയിരുന്നു. ഈ പങ്കാളിത്തത്തിന്റെ വൻ വിജയത്തിന് പിന്നാലെയാണ് പുതിയ നീക്കം. പ്രതിരോധ പരിചരണത്തിനും രോഗികളുടെ ക്ഷേമത്തിനും കൂടുതൽ ഊന്നൽ നൽകുന്ന സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കാനാണ് ഇരു സ്ഥാപനങ്ങളും ലക്ഷ്യമിടുന്നത്. നൂതന ക്ലിനിക്കൽ പരിചരണം, ഒക്യുപേഷണൽ ഹെൽത്ത്, രോഗ പ്രതിരോധം, വെൽനസ്, ഡിജിറ്റൽ ആരോഗ്യ സേവനങ്ങൾ, വയോജന സംരക്ഷണം എന്നിവ ഉൾപ്പെടുന്ന വിപുലമായ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.
ലോകോത്തര ആരോഗ്യ സേവനങ്ങളും രോഗ പ്രതിരോധവും ഉറപ്പാക്കുന്നതിനുള്ള അഡ്‌നോകിന്റെ പ്രതിബദ്ധതയാണ് ബുർജീൽ ഹോൾഡിങ്സുമായുള്ള പങ്കാളിത്തത്തിലൂടെ വ്യക്തമാകുന്നതെന്ന് അഡ്‌നോക് ഗ്രൂപ്പ് ബിസിനസ് സപ്പോർട്ട് ആക്ടിങ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഖാലിദ് അൽ ഹൊസാനി പറഞ്ഞു. അൽ ദഫ്ര മേഖലയ്ക്കായി സമഗ്ര ആരോഗ്യ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതാണ് പങ്കാളിത്തത്തിന്റെ അടുത്ത ഘട്ടമെന്ന് ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ വ്യക്തമാക്കി.പുതിയ പദ്ധതികളുടെ ഭാഗമായി അഡ്‌നോകിന്റെ ഒക്യുപേഷണൽ മെഡിക്കൽ സെന്ററിനെ തൊഴിൽ-പ്രതിരോധ ആരോഗ്യ പരിപാടികൾ സമന്വയിപ്പിക്കുന്ന സമഗ്രമായ ‘വൺ ഹെൽത്ത് ഹബ്ബായി’ മാറ്റും. ഇതിനുപുറമെ, അൽ ദഫ്ര മേഖലയിലുടനീളം ഔട്ട്‌പേഷ്യന്റ്, ഡേ-സർജറി സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. രോഗപ്രതിരോധത്തിനും മികച്ച രോഗീപരിചരണത്തിനും പ്രാധാന്യം നൽകിക്കൊണ്ട് നൂതനവും സുസ്ഥിരവുമായ ആരോഗ്യ പരിഹാരങ്ങൾ ലഭ്യമാക്കുന്ന പങ്കാളിത്തം, അബുദാബിയുടെ ആരോഗ്യമേഖലയ്ക്ക് കരുത്തു പകരും.