അബുദാബിയിൽ കേരള സോഷ്യൽ സെന്ററിന്റെ ജനകീയ ഓണസദ്യ; പങ്കെടുത്തത് നാലായിരത്തിലേറെ പേർ
അബുദാബി: കേരള സോഷ്യൽ സെന്റർ അബുദാബി സംഘടിപ്പിച്ച ഓണസദ്യ ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. അബുദാബിയിലെ ജനകീയ ഓണസദ്യയായി അറിയപ്പെടുന്ന കേരള സോഷ്യൽ സെന്ററിന്റെ ഓണാഘോഷത്തിൽ നാലായിരത്തിലേറെ പേർ പങ്കുചേർന്നു.സെന്റർ അങ്കണത്തിൽ നടന്ന ഓണസദ്യയുടെ പാചകത്തിന് നേതൃത്വം നൽകുന്നതിനായി തിരുവനന്തപുരം സ്വദേശി ജെ. മണികണ്ഠൻ നാട്ടിൽനിന്ന് അബുദാബിയിലെത്തിയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സെന്ററിലെ അംഗങ്ങളും വോളന്റിയർമാരും വനിതാ വിഭാഗം പ്രവർത്തകരും ഒത്തൊരുമിച്ച് സെന്റർ അങ്കണത്തിൽ തന്നെയാണ് വിഭവസമൃദ്ധമായ സദ്യ ഒരുക്കിയത്.കല്ല്യാണ വീട്ടിലെന്നപോലെ പച്ചക്കറികൾ അരിഞ്ഞും, തേങ്ങ ചിരകിയും, വാഴയിലകൾ വൃത്തിയാക്കിയും തോരണങ്ങൾ കെട്ടിയും സെന്ററിന്റെ വനിതകളും കുട്ടികളും ഉൾപ്പെട്ട നൂറുകണക്കിന് പ്രവർത്തകർ അതിന്റെ വിപുലമായ ഒരുക്കങ്ങൾ നടത്തിയാണ് ഓണസദ്യയുടെ വേദി ഒരുക്കിയത്. ഓണസദ്യയ്ക്ക് വേണ്ട വിഭവ സമാഹരണം മുതൽ ഓണസദ്യ വിളമ്പിക്കൊടുക്കുന്നതെല്ലാം ഇവർ തന്നെയാണ്. അതുകൊണ്ടാണ് കേരള സോഷ്യൽ സെന്റർ ഓണസദ്യയെ ജനകീയ ഓണസദ്യ എന്ന പേരിൽ അറിയപ്പെടുന്നത്.മുപ്പതിലധികം വിഭവങ്ങൾ ഉൾപ്പെടുത്തിയ പരമ്പരാഗത കേരളീയ ഓണസദ്യ രുചിവൈവിധ്യം കൊണ്ടും തനിമകൊണ്ടും ഏറെ ശ്രദ്ധേയമായി. ഇരുപത്തിയഞ്ച് പേരടങ്ങുന്ന 9 ഗ്രൂപ്പുകളാണ് ഓണസദ്യ വിളമ്പിക്കൊടുക്കുന്നതിനു നേതൃത്വം നൽകിയത്.

അബുദാബിയിലെ പ്രമുഖ വ്യവസായികൾ, വിവിധ ഗവൺമെന്റ് അംഗീകൃത സംഘടനകളുടെ ഭാരവാഹികൾ, അമേച്വർ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങി സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പൊതുസമൂഹത്തിലെ നിരവധി പേരും കുടുംബസമേതം ഓണസദ്യയിൽ പങ്കുചേർന്നു. വിവിധ മേഖലകളിൽ നിന്നുള്ളവരുടെ സജീവ സാന്നിധ്യം കേരള സോഷ്യൽ സെന്ററിന്റെ ഓണസദ്യയെ യഥാർഥ അർഥത്തിൽ അബുദാബിയുടെ ജനകീയ ഓണാഘോഷമാക്കി മാറ്റി. ഒരുമയുടെയും സൗഹൃദത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച ഓണസദ്യയുടെ വിജയത്തിനായി പ്രവർത്തിച്ച സംഘാടകസമിതി അംഗങ്ങൾ, വോളന്റിയർമാർ, വനിതാ വിഭാഗം പ്രവർത്തകർ, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരെ കേരള സോഷ്യൽ സെന്റർ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. അബുദാബിയിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയുടെയും സാംസ്കാരിക ഐക്യത്തിന്റെയും മനോഹരമായ അടയാളമായി ഈ വർഷത്തെ ഓണസദ്യ മാറിഎന്ന് ജനറൽ സെക്രട്ടറി സജീഷ് നായർ അറിയിച്ചു.
