അബുദാബി സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ ‘ഹാർവെസ്റ് ഫെസ്റ്റിവൽ 2026 ‘ നവംബർ 15 ഞായറാഴ്ച.
അബുദാബി: അബുദാബി സെന്‍റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ ഈ വര്‍ഷത്തെ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ നവംബർ 15 ഞായറാഴ്ച ദേവാലയാങ്കണ ത്തില്‍ നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആദ്യ വിളവെടുപ്പ് ദേവാലയത്തിനു സമർപ്പിക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവൽ, ജാതി മത ഭേദമന്യേ പ്രവാസി സമൂഹത്തിന്റെ സംഗമ ഭൂമികയാണ്. ഞായറാഴ്ച രാവിലെ ദേവാലയത്തിലെ പ്രധാനപ്പെട്ട ആരാധനാ കർമമായ വിശുദ്ധ കുർബാനക്ക് ശേഷം ആരംഭിക്കുന്ന കൊയ്ത്തുത്സവ പരിപാടികൾ രാത്രിയോടെ അവസാനിക്കുന്ന രീതിയിൽ ആണ് ക്രമീകരിച്ചിട്ടുള്ളത്.
ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ സ്റ്റാളുകളുടെ ഉത്‌ഘാടനം വൈകുന്നേരം 3 മണിക്ക് നടക്കും.പ്രധാന പൊതുപരിപാടി വൈകുന്നേരം 4 മണിക്ക് ആരംഭിക്കും. പ്രശസ്ത മലയാള ചലച്ചിത്ര കലാകാരനും സംവിധായകനുമായ ജോണി ആന്റണി മുഖ്യാതിഥിയായും, പ്രമുഖ ഗായകൻ കെ. ജി. മാർക്കോസ് വിശിഷ്ടാതിഥിയായും ഈ പരിപാടിയിൽ പങ്കെടുക്കും. 6 മണി മുതൽ കലാ പരിപാടികൾക്ക് തുടക്കം കുറിയ്ക്കും.
ചലച്ചിത്ര പിന്നണി ഗാനങ്ങളിലൂടെയും , അനേകം ഭക്തിഗാനങ്ങളിലൂടെയും പ്രശസ്തിയാർന്ന ഗായകൻ കെ . ജി. മാർക്കോസും ‘റോക്ക് പേപ്പർ സിസേഴ്സ്’ (Rock Paper Scissors) ടീമും ചേർന്ന് ആണ് വിപുലമായ സംഗീത പരിപാടി ഒരുക്കുക. കേരളത്തിന്റെ പരമ്പരാഗത വാദ്യമേളങ്ങളുടെ താളലയവും മേളപ്പെരുമയും സംയോജിപ്പിച്ചുകൊണ്ടു ഉത്സവവേദിയെ ആഘോഷഭരിതമാക്കുവാൻ സ്ഫടികം ടീം അവതരിപ്പിക്കുന്ന ‘ശിങ്കാരി മേളം’ വും അരങ്ങേറും.ആഘോഷങ്ങളുടെ സമാപന വേളയിൽ ആവേശോജ്ജ്വലമായ റാഫിൾ നറുക്കെടുപ്പുകളും സമ്മാന വിതരണവും നടക്കും.
ദേവാലയങ്കണത്തിലുടനീളം സജ്ജീകരിക്കുന്ന വൈവിധ്യമാർന്ന സ്റ്റാളുകളും കലാ സാംസ്‌കാരിക പരിപാടികളുമായിരിക്കും പ്രധാന ആകർഷണം. രുചിഭേദങ്ങളുടെ അനേകം വിഭവങ്ങളാൽ നിറഞ്ഞ ഭക്ഷണശാലകൾ, വിനോദങ്ങൾ, പരിസ്ഥിതി സൗഹൃദം പ്രധാന സന്ദേശമാകുന്ന പച്ചക്കറി സസ്യ വില്പന ശാലകൾ , തുണിത്തരങ്ങൾ , ഗൃഹോപയോഗ സാധനങ്ങൾ എന്നിങ്ങനെ കുടുംബങ്ങൾ പ്രത്യേകമായി താല്പര്യപെടുന്നതും , എല്ലാ സന്ദർശകർക്കും ഒരുപോലെ ആസ്വദിക്കാവുന്നതുമായ രീതിയിൽ ആണ് ഒരുക്കുന്നത്.യു എ ഇ യുടെ, ഈ വർഷത്തെ പ്രധാന ആശയമായ ‘ഇയർ ഓഫ് ഫാമിലി’ (‘കുടുംബങ്ങളുടെ വർഷം’) യുടെയും അതിനൊപ്പം സമുചിതമായി ചേർത്തിട്ടുള്ള ‘ഗ്രോയിങ് ഇൻ യൂണിറ്റി ‘ (‘ഒരുമയോടെ വളരുന്നു’) എന്ന ആപ്തവാക്യവും തന്നെയാണ് കൊയ്ത്തുത്സവം 2026 -ൻറെയും പ്രധാന പ്രമേയമാക്കിയിരിക്കുന്നത്.
കത്തീഡ്രൽ വികാരി റവറന്റ് ഫാദർ ഗീവർഗീസ് മാത്യു , സഹവികാരി റവറന്റ് ഫാദർ നിതിൻ മാത്യു , കത്തീഡ്രൽ ട്രസ്റ്റീ സാം ജി ഡാനിയേൽ , സെക്രട്ടറി സന്തോഷ് ജോർജ്ജ് , ഹാർവെസ്റ് ഫെസ്റ്റിവൽ ജോയിൻറ് ഫിനാൻസ് കൺവീനർ അജു തങ്കച്ചൻ , ജോയിൻറ് ജനറൽ കൺവീനർ ബിജോ വർഗീസ്, മീഡിയ ആൻഡ് പബ്ലിസിറ്റി കൺവീനർ സനു ജോൺ ജേക്കബ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.