1.9 ലക്ഷം ദിർഹം കവർന്ന് മൂവർ സംഘം ; നാല് മിനിറ്റിനകം പിടികൂടി ദുബൈ പൊലീസ്.
ദുബൈ: 1.9 ലക്ഷം ദിർഹം കവർന്ന മൂവർ സംഘത്തെ അതിവേഗം പിടികൂടി ദുബൈ പൊലീസ്. വിവരം ലഭിച്ച് നാല് മിനിറ്റിനകമാണ് പ്രതികളെ പിടികൂടിയത്. കവർന്ന പണവും പ്രതികളിൽ നിന്ന് കണ്ടെടുത്തു. നായിഫ് പൊലീസ് സ്റ്റേഷനിലെ ഇലക്ട്രിക് സ്കൂട്ടർ പട്രോളിന്‍റെ അതിവേഗ ഇടപെടലാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. നായിഫ് മേഖലയിൽ മോഷണം നടന്നതായി ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഓപറേഷൻസിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിന് വിവരം ലഭിച്ചതോടെയാണ് നടപടി ആരംഭിച്ചത്. പ്രതികളുടെ വിവരങ്ങളും രൂപവിവരങ്ങളും ഉടൻ സമീപത്തെ പൊലീസ് പട്രോളുകൾക്ക് കൈമാറി.വിവരം ലഭിച്ച് രണ്ട് മിനിറ്റിനകം ഇലക്ട്രിക് സ്കൂട്ടർ പട്രോൾ സംഘം സ്ഥലത്തെത്തുകയായിരുന്നു. തുടർന്ന് പ്രദേശത്ത് വ്യാപകമായി തിരച്ചിൽ നടത്തിയ പൊലീസ് സംഘം രണ്ട് മിനിറ്റിനുള്ളിൽ മൂന്ന് പ്രതികളെയും പിടികൂടുകയായിരുന്നു. ഇവരിൽനിന്ന് 1.9 ലക്ഷം ദിർഹം പൂർണമായും വീണ്ടെടുക്കാനും പൊലീസ് സംഘത്തിന് കഴിഞ്ഞു.
അതിവേഗം പ്രതികളെ പിടികൂടാനും പണം വീണ്ടെടുക്കാനും കഴിഞ്ഞത് പൊലീസ് പട്രോളുകളുടെ ദ്രുതപ്രതികരണ സംവിധാനത്തിന്‍റെ കാര്യക്ഷമത വ്യക്തമാക്കുന്നതാണെന്ന് നായിഫ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഒമർ മൂസ അഷൂർ പറഞ്ഞു, തിരക്കേറിയ മേഖലകളിലും വ്യാപാരകേന്ദ്രങ്ങളിലും ലഭിക്കുന്ന പരാതികളിൽ അതിവേഗം നടപടി ഉറപ്പാക്കുന്നതിനായി പട്രോളുകളുടെ പ്രവർത്തനം സ്റ്റേഷൻ നിരന്തരം നിരീക്ഷിക്കുകയും ആവശ്യമായ സ്ഥലങ്ങളിൽ വിന്യസിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ വാഹന-ജനത്തിരക്കുള്ള മേഖലകളിൽ ഇലക്ട്രിക് സ്കൂട്ടർ പട്രോളുകൾക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നും അഷൂർ വ്യക്തമാക്കി. തിരക്കേറിയ മാർക്കറ്റുകളിലൂടെയും ഇടുങ്ങിയ വഴികളിലൂടെയും വേഗത്തിൽ സഞ്ചരിക്കാൻ ഇവക്ക് കഴിയും. സാധാരണ പൊലീസ് വാഹനങ്ങൾക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലും എത്താൻ സാധിക്കും.