യുഎഇയിലെ വിവിധയിടങ്ങളിൽ ഇന്ന് ഉച്ചക്ക് ശേഷം ശക്തമായ മഴയും പൊടിക്കാറ്റും
യുഎഇയിലെ കിഴക്കൻ, തെക്കൻ മേഖലകളിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം. രാവിലെ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. മഴയ്ക്കൊപ്പം മണിക്കൂറിൽ 15 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കാം. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത 45 കിലോമീറ്റർ വരെ ഉയരുന്നത് ശക്തമായ പൊടിക്കാറ്റിനും കാഴ്ചപരിധി കുറയുന്നതിനും ഇടയാക്കും.എന്നാൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഉയർന്ന താപനില 49 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കും. അബൂദബിയിൽ 32°C മുതൽ 46°C വരെ താപനില രേഖപ്പെടുത്തുമ്പോൾ ഷാർജയിൽ 31°C മുതൽ 44°C വരെയും ദുബൈയിൽ 33°C മുതൽ 43°C വരെയും താപനില റിപ്പോർട്ട് ചെയ്യും. അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.