അബൂദബിയിലെ സൂപ്പർമാർക്കറ്റുകളിൽ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് വിലക്ക്
ജനുവരി ഒന്നിന് ശേഷം അബൂദബിയിലെ സൂപ്പർമാർക്കറ്റുകളിൽ കാഷ് കൗണ്ടറിന് അരികിലും, ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ കടുന്നുപോകുന്ന മേഖലകളിലും അനാരോഗ്യകരമായ ഭക്ഷ്യവസ്തുക്കൾ പ്രദർശിപ്പിക്കാൻ പാടില്ല. അബൂദബി രജിസ്ട്രേഷൻ അതോറിറ്റി, അബൂദബി സാമ്പത്തിക വികസന വകുപ്പിന്റെ ഹെൽത്തി ലിവിങ് വിഭാഗം, ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷ വകുപ്പ് തുടങ്ങിയ ചേർന്നാണ് പുതിയ നയം നടപ്പാക്കുന്നത്.
ഉയർന്നതോതിൽ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര തുടങ്ങിയ അടിങ്ങിയ ആരോഗ്യത്തിന് ദോഷകരമായ ഭക്ഷണ, പാനീയ ഉൽപന്നങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. 4000 ചതുരശ്ര അടിക്ക് മുകളിൽ വിസ്തീർണമുള്ള സൂപ്പർമാർക്കറ്റുകൾ അവരുടെ കാഷ് കൗണ്ടറിന് അടുത്തോ, പ്രവേശന കവാടത്തിലോ ഇത്തരം ഭക്ഷ്യവസ്തുക്കൾ പ്രദർശിപ്പിക്കരുത്. ഓൺലൈൻ പേജുകളിൽ പോപ് പരസ്യമായോ, ഹോം പേജിലോ, ചെക്ക് ഔട്ട് പേജിലോ ഇത്തരം ഭക്ഷ്യോൽപന്നങ്ങൾ വിൽപന പ്രോൽസാഹിപ്പിക്കുന്ന വിധം പ്രദർശിപ്പിക്കാൻ പാടില്ല. അബൂദബി പൊതുജനാരോഗ്യ കേന്ദ്രം ആരോഗ്യത്തിന് ഹാനികരമെന്ന് കണക്കാക്കുന്ന ഭക്ഷ്യവസ്തുക്കളും ഇത്തരത്തിൽ പ്രദർശിപ്പിക്കരുത്. ആരോഗ്യകരമായ ഭക്ഷണം പ്രോൽസാഹിപ്പിക്കാനും മറ്റുള്ള നിരുൽസാഹപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ നടപടി.