അറേബ്യൻ ട്രാവൽ മാർക്കറ്റിന് ദുബായിൽ തുടക്കം
ദുബായ്: ആഗോള സഞ്ചാര, ടൂറിസം മേഖലകളുടെ കുതിപ്പിന് വഴിതുറന്ന് 33-ാമത് അറേബ്യൻ ട്രാവൽ മാർക്കറ്റിന് (എടിഎം 2026) ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായി. ഇന്ന് മുതൽ 17 വരെ നടക്കുന്ന മേളയിൽ വിമാനക്കമ്പനികൾ, ഹോട്ടൽ ശൃംഖലകൾ, ടൂറിസം അതോറിറ്റികൾ, ട്രാവൽ ഏജൻസികൾ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ സ്ഥാപനങ്ങളും പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്. ഇന്ത്യൻ ടൂറിസം, കേരള ടൂറിസം വിഭാഗങ്ങളും പങ്കെടുക്കുന്നു.കഴിഞ്ഞ ഏതാനും മാസങ്ങളായി മേഖലയിൽ നിലനിന്നിരുന്ന പ്രതിസന്ധികൾക്ക് ശേഷം വ്യവസായ മേഖലയെ വീണ്ടും സജീവമാക്കാനും പുതിയ പങ്കാളിത്തങ്ങൾ സ്ഥാപിക്കാനുമുള്ള വലിയ അവസരമായാണ് മേഖലയിലെ പ്രമുഖർ ഈ മേളയെ കാണുന്നത്. ‘ട്രാവൽ 2040: ഡ്രൈവിങ് ന്യൂ ഫ്രണ്ടിയേഴ്സ് ത്രൂ ഇന്നവേഷൻ ആൻഡ് ടെക്നോളജി’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഇത്തവണത്തെ ചർച്ചകൾ.നിർമിതബുദ്ധി (എഐ), റോബട്ടിക്സ്, മറ്റ് സ്മാർട്ട് സാങ്കേതികവിദ്യകൾ എന്നിവ പ്രയോജനപ്പെടുത്തി വിനോദസഞ്ചാര അനുഭവങ്ങളും ഹോട്ടൽ സേവനങ്ങളും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ മേളയിൽ അവതരിപ്പിക്കുന്നു. യാത്രക്കാരുടെ താൽപര്യങ്ങൾ ലളിതമായ ഹോട്ടൽ താമസത്തിൽ നിന്ന് മാറി സംസ്കാരം, പൈതൃകം, സാഹസികത, ആരോഗ്യം എന്നിവ കോർത്തിണക്കിയുള്ള അനുഭവങ്ങളിലേക്ക് മാറുന്നതിനെക്കുറിച്ചും വിദഗ്ധർ ചർച്ച ചെയ്യുന്നുണ്ട്.യുഎഇയുടെ മുൻനിര വിമാനക്കമ്പനികളായ എമിറേറ്റ്സ്, ഇത്തിഹാദ് എന്നിവയുൾപ്പെടെയുള്ള പ്രമുഖർ വലിയ പങ്കാളിത്തമാണ് ഉറപ്പാക്കിയിട്ടുള്ളത്. ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പിന്റെ പവലിയന് കീഴിൽ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയും (ഡിസിഎഎ) മേളയിൽ സജീവമാണ്. വ്യോമയാന, ടൂറിസം മേഖലകളുടെ സംയോജിത വളർച്ചയ്ക്ക് കരുത്തേകുന്ന സുരക്ഷിതവും നൂതനവുമായ നിയന്ത്രണ ചട്ടക്കൂടുകൾക്ക് രൂപം നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡിസിഎഎ ഡയറക്ടർ ജനറൽ മുഹമ്മദ് അബ്ദുള്ള ലെൻഗാവി പറഞ്ഞു.