റാസൽഖൈമയിൽ ഇന്ത്യൻ പ്രവാസികൾക്ക് ശ്മശാനം അനുവദിച്ചു
കേന്ദ്രത്തിന്റെ നിർമാണം, ഭരണനിർവഹണം, ഭാവി പരിപാലനം എന്നിവയുടെ ചുമതല ഇന്ത്യൻ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വിവിധ ഇന്ത്യൻ സംഘടനാ പ്രതിനിധികൾ ഉൾപ്പെട്ട കോർ കമ്മിറ്റിക്കായിരിക്കും. പദ്ധതി നിർവഹണത്തിന്റെ തുടക്കമെന്ന നിലയിൽ റാസൽഖൈമ മുനിസിപ്പാലിറ്റി നൽകിയ ലാൻഡ് മാപ്പ് കോർ കമ്മിറ്റിക്ക് കോൺസൽ ജനറൽ കൈമാറിയതായും ഐ.ആർ.സി വാർത്താക്കുറിപ്പിൽ അറിയിച്ചു.
യു.എ.ഇയിലെ സേവനകാലാവധി പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങുന്ന സതീഷ്‌കുമാർ ശിവനെ ചടങ്ങിൽ ഐ.ആർ.സി കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. ഐ.ആർ.സി പ്രസിഡൻറ് ഡോ. നിഷാം നൂറുദ്ദീൻ, അഡ്മിനിസ്‌ട്രേറ്റർ സി. പത്മരാജ് എന്നിവർ കോൺസൽ ജനറലിനെ സ്വീകരിച്ചു. രാജീവ് രഞ്ജൻ സിങ്, സുപ്രിയ ഘോഷ്, പ്രദീപ് വർമ, ശ്രീധരൻ പ്രസാദ്, അനിൽ വിദ്യാധരൻ, നാസർ അൽദാന തുടങ്ങിയവർ സംസാരിച്ചു. കോൺസൽ പബിത്രകുമാർ മജുംദാർ ചടങ്ങിൽ സംബന്ധിച്ചു.റാസൽഖൈമയിൽ ഇലക്ട്രിക് ക്രിമേറ്റോറിയം ഇല്ലാത്തതിനാൽ, യുഎഇയിൽ തന്നെ ദഹനകർമം നടത്താൻ ആഗ്രഹിക്കുന്ന പല ഇന്ത്യൻ പ്രവാസി കുടുംബങ്ങളും ഇതുവരെ ഷാർജയിലെ ക്രിമേറ്റോറിയത്തെയാണ് ആശ്രയിച്ചിരുന്നത്. റാസൽഖൈമയിൽ സ്ഥാപിക്കപ്പെടുന്ന പുതിയ ക്രിമേറ്റോറിയം കേന്ദ്രം യുഎഇയിൽ തന്നെ മരണാനന്തര ചടങ്ങുകൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക്, നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും പൂർത്തിയാക്കാൻ സഹായകമാകും. അൽ ഫുലയ കേന്ദ്രീകരിച്ച് റാസൽഖൈമയിൽ നിലവിൽ പൊതു ശ്മശാനം പ്രവർത്തിക്കുന്നുണ്ട്.