മാതൃസ്മരണയിൽ “സ്വർഗ്ഗത്തിന്റെ സ്വർണ്ണവാതിലുകൾ” പ്രകാശനം ചെയ്തു.
അബുദാബി: അബൂദാബിയിലെ 28 എഴുത്തുകാർ ചേർന്നെഴുതിയ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായ സ്വർഗ്ഗത്തിന്റെ സ്വർണ്ണവാതിലുകൾ എന്ന പുസ്തകം പ്രകാശനം ചെയ്തു. പ്രിയപ്പെട്ട മാതാവിനെക്കുറിച്ച് എഴുത്തുകാർ ഹൃദയം തൊട്ടെഴുതിയ കുറിപ്പുകളാണ് ഈ പുസ്തകത്തിൽ. പ്രമുഖ കവി കമറുദ്ദീൻ ആമയം ചടങ്ങ് ഉദ്ഘാടനം ചെയ്തു. കവിയും സാംസ്കാരിക പ്രവർത്തനുമായ കെ. ഗോപിനാഥൻ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. അബുദാബിയിലെ സാംസ്കാരികരംഗത്ത് സജീവസാന്നിധ്യമായ വി.പി.കെ അബ്ദുല്ല പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരനായ മുസ്തഫ വാഫി പുസ്തകം പരിചയപ്പെടുത്തി. മാതൃസ്നേഹം എന്ന വിഷയത്തെ അധികരിച്ച് നടന്ന ചർച്ചയിൽ എഴുത്തുകാരായ ഡോ. ഹസീന ബീഗം, ഹുസ്ന റാഫി, ഷെറീന ടീച്ചർ എന്നിവർ സംസാരിച്ചു. ടി. ഹിദായത്തുള്ള,, ടി.കെ അബ്ദുസ്സലാം, സഫറുള്ള പാലപ്പെട്ടി, അഷ്റഫ് പൊന്നാനി, ഷാനവാസ് പുളിക്കൽ, റഷീദ് പട്ടാമ്പി തുടങ്ങിയവർ സംസാരിച്ചു. പുസ്തകം യാഥാർത്ഥ്യമായതിന്റെ നാൾവഴികളെ കുറിച്ച് എഡിറ്റർ കൂടിയായ ജുബൈർ വെള്ളാടത്ത് സംസാരിച്ചു. ഫത്താഹ് മുള്ളൂർക്കരയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സുഹൈൽ നിസാമി പ്രാർത്ഥനയും ജാഫർ കുറ്റിക്കോട് സ്വാഗതവും മുത്തലിബ് അരയാലൻ നന്ദിയും പറഞ്ഞു.