PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅങ്കമാലി എൻആർഐ അസോസിയേഷൻ അബുദാബിയുടെ ‘ഓണനിറവ് 2026’ ശ്രദ്ധേയമായി

അങ്കമാലി എൻആർഐ അസോസിയേഷൻ അബുദാബിയുടെ ‘ഓണനിറവ് 2026’ ശ്രദ്ധേയമായി

അങ്കമാലി എൻആർഐ അസോസിയേഷൻ അബുദാബിയുടെ ‘ഓണനിറവ് 2026’ ശ്രദ്ധേയമായി

അബുദാബി: അങ്കമാലി എൻആർഐ അസോസിയേഷൻ (ആൻറിയ) അബുദാബിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം ‘ഓണനിറവ് 2026’ വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളോടെയും മത്സരങ്ങളോടെയും ശ്രദ്ധേയമായി. 2026 സെപ്റ്റംബർ 6 ഞായറാഴ്ച, അബുദാബി യാസ് ഐലൻഡിലെ യാസ് അമേരിക്കൻ അക്കാദമിയിൽ നടന്ന ആഘോഷത്തിൽ അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും സജീവമായി പങ്കെടുത്തു. രാവിലെ രജിസ്ട്രേഷനോടെയാണ് പരിപാടികൾക്ക് തുടക്കമായത്. വിവിധ പ്രായവിഭാഗങ്ങൾക്കായി സംഘടിപ്പിച്ച മത്സരങ്ങൾക്കു പിന്നാലെ കേരളത്തിന്റെ ഓണപ്പാരമ്പര്യം വിളിച്ചോതുന്ന മാവേലി എഴുന്നള്ളത്ത് ആഘോഷത്തിന് മാറ്റുകൂട്ടി.

തുടർന്ന് നടന്ന ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങിൽ ആൻറിയ അബുദാബി പ്രസിഡന്റ് ലതീഷ് ചുള്ളി അധ്യക്ഷത വഹിച്ചു. ‘ഓണനിറവ് 2026’ കൺവീനർ അനിൽ അഗസ്റ്റി സ്വാഗതം ആശംസിച്ചു. പരിപാടിയുടെ ടൈറ്റിൽ സ്പോൺസറായ സത്വ ആയുർവേദയുടെ  സി ഇ ഓ  ഗോപിക ആനന്ദ് ‘ഓണനിറവ് 2026’ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലതീഷ് ചുള്ളി അധ്യക്ഷപ്രസംഗം നടത്തി. ഉദ്ഘാടനച്ചടങ്ങിൽ ആൻറിയ അബുദാബി  വൈസ് പ്രസിഡന്റ് ഫിമി റിജു, ജോയിന്റ് സെക്രട്ടറി ഷാജു വർഗീസ്, ജോയിന്റ് ട്രഷറർ മാർട്ടിൻ തോമസ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി സുരേഷ് പരമേശ്വരൻ, ട്രഷറർ പ്രകാശ് ജെയ്സൺ എന്നിവർ ഓണാശംസകൾ നേർന്ന് സംസാരിച്ചു. വൈസ് പ്രസിഡന്റ് ജിനു പാപ്പച്ചൻ പൊതുയോഗത്തിന് നന്ദി രേഖപ്പെടുത്തി.

ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ വിവിധ കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറി. ഓണാഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ തിരുവാതിര, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ എന്നിവ സദസ്സിന്റെ ശ്രദ്ധ നേടി.വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിന്റെ മറ്റൊരു പ്രധാന ആകർഷണമായി. തുടർന്ന് അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി വിവിധ വിനോദമത്സരങ്ങൾ സംഘടിപ്പിച്ചു. ആവേശകരമായ വടംവലി ഉൾപ്പെടെയുള്ള മത്സരങ്ങൾ ആഘോഷത്തിന് കൂടുതൽ ഉത്സവാന്തരീക്ഷം പകർന്നു.വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണവും ലക്കി ഡ്രോയും പരിപാടിയുടെ ഭാഗമായി നടന്നു. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവരുടെ സജീവ പങ്കാളിത്തം ‘ഓണനിറവ് 2026’നെ പ്രവാസലോകത്തെ ഒരു വലിയ കുടുംബസംഗമമാക്കി മാറ്റി.

അനിൽ അഗസ്റ്റി പരിപാടിയുടെ കൺവീനറായും അനിറ്റ ജോയ്, നെൽവിൻ ടി. എന്നിവർ ജോയിന്റ് കൺവീനർമാരായും പ്രവർത്തിച്ചു. രജിസ്ട്രേഷൻ, സ്വീകരണം, ഭക്ഷണവിതരണം, കലാപരിപാടികൾ, മത്സരങ്ങൾ, സമ്മാനവിതരണം, വേദി ക്രമീകരണം തുടങ്ങി വിവിധ മേഖലകളിൽ അസോസിയേഷൻ ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും വോളന്റിയർമാരും നേതൃത്വം നൽകി. അങ്കമാലിയിലെയും പരിസരപ്രദേശങ്ങളിലെയും പ്രവാസികളെ ഒരുമിപ്പിച്ച് സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനൊപ്പം കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ഓണത്തിന്റെ സ്നേഹത്തിന്റെയും ഒരുമയുടെയും സന്ദേശവും പുതുതലമുറയിലേക്ക് പകർന്നു നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ആൻറിയ അബുദാബി  ‘ഓണനിറവ് 2026’ സംഘടിപ്പിച്ചത്. രണ്ടുമാസത്തിലേറെ നീണ്ട കൂട്ടായ തയ്യാറെടുപ്പിന്റെയും അംഗങ്ങളുടെയും കുടുംബങ്ങളുടെയും സജീവ സഹകരണത്തിന്റെയും ഫലമായാണ് പരിപാടി വിജയകരമായി സംഘടിപ്പിക്കാനായതെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, വോളന്റിയർമാർ, സ്പോൺസർമാർ, കലാകാരന്മാർ, മത്സരാർത്ഥികൾ, കുടുംബാംഗങ്ങൾ തുടങ്ങി എല്ലാവർക്കും അസോസിയേഷൻ നന്ദി അറിയിച്ചു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment