ഫോർബ്സ് മിഡിൽ ഈസ്റ്റ് പട്ടികയിൽ ഇടം നേടി മലയാളി മാർക്കറ്റിങ് പ്രഫഷനൽ വി. നന്ദകുമാർ
അബുദാബി : മധ്യപൂർവദേശത്തെ ഏറ്റവും സ്വാധീനശേഷിയുള്ള മാർക്കറ്റിങ് പ്രഫഷനലുകളെ ഉൾപ്പെടുത്തി ഫോർബ്സ് മിഡിൽ ഈസ്റ്റ് പ്രസിദ്ധീകരിച്ച ‘‘മോസ്റ്റ് ഇൻഫ്ലുവൻഷ്യൽ സിഎംഒ 2026’’ പട്ടികയിൽ ലുലു ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റിങ് & കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ ഇടം നേടി. വിവിധ മേഖലകളിലെ മുൻനിര സ്ഥാപനങ്ങളിൽ നിന്നുള്ള 101 മാർക്കറ്റിങ് പ്രതിഭകളെ ഉൾപ്പെടുത്തിയുള്ളതാണ് ഈ അഭിമാന പട്ടിക. അഡ്‌നോക്, ഇ&, ദുബായ് ഹോൾഡിങ്, അബുദാബി ഇസ് ലാമിക് ബാങ്ക്, അൽ ഫുത്തൈം ഗ്രൂപ്പ്, ഡിഐഎഫ്സി ദുബായ്, ക്ലീവ്‌ലാൻഡ് ക്ലിനിക് അബുദാബി, ഖത്തർ ഫിനാൻഷ്യൽ സെന്റർ തുടങ്ങിയ പ്രമുഖ രാജ്യാന്തര കോർപറേറ്റ് സ്ഥാപനങ്ങളുടെ മാർക്കറ്റിങ് തലവന്മാർക്കൊപ്പമാണ് വി. നന്ദകുമാറും ഈ നേട്ടം സ്വന്തമാക്കിയത്. മുൻപ് ഫോർബ്സ് മിഡിൽ ഈസ്റ്റ് 2020-ൽ പ്രസിദ്ധീകരിച്ച പട്ടികയിലും ഇദ്ദേഹം ഇടം നേടിയിരുന്നു. രണ്ട് പതിപ്പുകളിലും തുടർച്ചയായി അംഗീകാരം നേടുന്ന അപൂർവ്വ നേട്ടമാണ് ഈ മലയാളി പ്രഫഷനൽ കൈവരിച്ചത്.

തിരുവനന്തപുരം സ്വദേശിയായ വി. നന്ദകുമാർ കഴിഞ്ഞ 26 വർഷമായി ലുലു ഗ്രൂപ്പിനൊപ്പമാണ് പ്രവർത്തിക്കുന്നത്. മാധ്യമ, മാർക്കറ്റിങ്, കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെയുള്ള അനുഭവസമ്പത്തുണ്ട്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ നേതൃത്വത്തിന് കീഴിൽ ഗ്രൂപ്പിന്റെ ആഗോള ബ്രാൻഡ് വികസനം, ഡിജിറ്റൽ മാർക്കറ്റിങ്, ഇ-കോമേഴ്സ് തന്ത്രങ്ങൾ എന്നിവ ആവിഷ്കരിക്കുന്നതിൽ നന്ദകുമാർ നിർണായക പങ്ക് വഹിച്ചു വരുന്നു. ലുലു ഗ്രൂപ്പിന്റെ ‘ഹാപ്പിനസ്’ ലോയൽറ്റി പ്രോഗ്രാമിന്റെ വികസനത്തിലും 2025-ൽ തുടക്കമിട്ട ഡിജിറ്റൽ റീട്ടെയ്ൽ മീഡിയ ഇക്കോസിസ്റ്റം വിജയകരമാക്കിയതിലും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം മികച്ച സംഭാവനയാണ് നൽകിയത്. ഈജിപ്ത്, യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രഫഷനലുകൾ വലിയ തോതിൽ ആധിപത്യം പുലർത്തിയ ഫോർബ്സ് പട്ടികയിലാണ് ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയായി വി. നന്ദകുമാർ സ്ഥാനം പിടിച്ചത്. ഗൾഫ് മേഖലയുടെ സമഗ്ര വികസനത്തിലും ആഗോള റീട്ടെയ്ൽ രംഗത്തും മികച്ച സംഭാവനകൾ നൽകുന്ന മലയാളികൾക്കുള്ള വലിയൊരു അംഗീകാരമായാണ് ഈ ഫോർബ്സ് പട്ടികയിലെ നേട്ടം വിലയിരുത്തപ്പെടുന്നത്.