സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂൾ പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
അബുദാബി: ക്യാപിറ്റൽ മാൾ ലുലു ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് മുസ്സഫ സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂൾ ഡിപ്പാർട്ട്മെന്റ് ഓഫ് സസ്റ്റൈനബിലിറ്റി ആൻഡ് ബിഹേവിയറൽ സയൻസ് ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിപുലമായ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. പുകയിലയുടെ മാരകമായ ദോഷങ്ങളെക്കുറിച്ച് പൊതുസമൂഹത്തെ ബോധവൽക്കരിക്കാനും പുകയിലരഹിത ജീവിതശൈലി പ്രോത്സാഹിപ്പിക്കാനുമായിരുന്നു പരിപാടി. അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിന്റെ “ഒരുമിച്ച് പുകയിലരഹിത അബുദാബിയിലേക്ക്” എന്ന ആഹ്വാനത്തിന് പിന്തുണയേകിയായിരുന്നു ക്യാമ്പയിൻ. കൂടാതെ 2026 ലെ ‘കുടുംബ വർഷം’ എന്ന പ്രമേയവും പരിപാടിയിൽ ഉയർത്തിക്കാട്ടി.

സൺറൈസ് സ്കൂളിലെ സൈക്കിൾ 3 വിഭാഗം വിദ്യാർത്ഥികൾ ക്യാപിറ്റൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചാണ് ക്യാമ്പയിന് നേതൃത്വം നൽകിയത്. പുകയില വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ കൈയെഴുത്ത് പ്ലക്കാർഡുകളുമേന്തിയാണ് വിദ്യാർത്ഥികൾ എത്തിയത്. ക്യാപിറ്റൽ മാൾ ലുലു ജനറൽ മാനേജർ ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. യുവതലമുറ പുകയില ഉൽപ്പന്നങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി.തുടർന്ന് സി.ബി.എസ്.ഇ അഡോളസെന്റ് പിയർ എഡ്യൂക്കേറ്റർ മിസ് ഹാദിയ അൻസാറിന്റെ നേതൃത്വത്തിൽ പങ്കെടുത്തവർ പുകയില വിരുദ്ധ പ്രതിജ്ഞ എടുത്തു. പുകയില വിരുദ്ധ അംബാസഡർ മിസ് ഇഷാനിക സുധാകർ ചടങ്ങിൽ സംസാരിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ഡോ. താക്കൂർ മൂൽചന്ദാനി, വൈസ് പ്രിൻസിപ്പൽ തോമസ് ഫ്രാൻസിസ്, സസ്റ്റൈനബിലിറ്റി സ്കൂൾ കോർഡിനേറ്റർ മിസ് സീജ എന്നിവർ ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. എൽ ആൻഡ് ഡി മാനേജർ ഷിജിൻ കുര്യാക്കോസ്, ട്രെയിനിംഗ് എക്സിക്യൂട്ടീവ് റഷീദ് എന്നിവർ വിദ്യാർത്ഥി അംബാസഡർമാർക്കായി നയിച്ച സെഷൻ കുട്ടികൾക്ക് ആരോഗ്യകരമായ ജീവിതശൈലിയുടെ വക്താക്കളാകാൻ പ്രചോദനമേകുന്നതായി.
മാളിൽ തടിച്ചുകൂടിയ പൊതുജനങ്ങളുമായി സംവദിച്ച് വിദ്യാർത്ഥികൾ ഒപ്പുശേഖരണവും വിപുലമായ ബോധവൽക്കരണവും നടത്തി. ‘നുക്കാഡ് നാടക്’ (തെരുവ് നാടകം) എന്ന കലാരൂപത്തിലൂടെ വിദ്യാർത്ഥികൾ പുകയില വിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് എത്തിച്ചു.
മാളിൽ തടിച്ചുകൂടിയ പൊതുജനങ്ങളുമായി സംവദിച്ച് വിദ്യാർത്ഥികൾ ഒപ്പുശേഖരണവും വിപുലമായ ബോധവൽക്കരണവും നടത്തി. ‘നുക്കാഡ് നാടക്’ (തെരുവ് നാടകം) എന്ന കലാരൂപത്തിലൂടെ വിദ്യാർത്ഥികൾ പുകയില വിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് എത്തിച്ചു.