‘ഹോർമുസ് ആശങ്ക’ മറികടക്കാൻ കരുത്തേറും നീക്കവുമായി യുഎഇയും സൗദിയും.
യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലുണ്ടാകുന്ന തടസ്സങ്ങൾ വിപണിയെ ബാധിക്കാതിരിക്കാനാണ് ഈ നീക്കം. ഷാർജയിലെ ഖോർഫക്കാൻ തുറമുഖം വഴിയുള്ള കടൽയാത്രയും തുടർന്ന് ദമാമിലേക്കുള്ള കരമാർഗവും ചേരുന്നതാണ് പുതിയ റൂട്ട്. നിലവിലുള്ള പരമ്പരാഗത പാതകളേക്കാൾ സുരക്ഷിതവും വേഗമേറിയതുമാണ് ഇതെന്നതാണ് പ്രത്യേകത. ഷിപ്പിങ് കാലതാമസം കുറയ്ക്കാനും വിതരണ ശൃംഖലയിലെ അനിശ്ചിതത്വം ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.
സൗദി പോർട്സ് അതോറിറ്റിയും പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയായ ഗൾഫ് ടെയ്നറും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തുറമുഖങ്ങളെയും ഉൾനാടൻ വിതരണ കേന്ദ്രങ്ങളെയും നേരിട്ട് ബന്ധിപ്പിക്കുന്നതിലൂടെ അതിർത്തി കടന്നുള്ള ചരക്കുനീക്കം അതിവേഗത്തിലാകും. വ്യാപാര സ്ഥാപനങ്ങൾക്ക് തങ്ങളുടെ ഉൽപന്നങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ വിപണിയിലെത്തിക്കാൻ ഈ പുതിയ സംവിധാനം വഴിയൊരുക്കും.
സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കുന്നതിനൊപ്പം, മേഖലയിലെ മൊത്തം വ്യാപാര വളർച്ചയ്ക്കും ഈ തന്ത്രപ്രധാന നീക്കം കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സുരക്ഷിതവും വഴക്കമുള്ളതുമായ ലോജിസ്റ്റിക്സ് സംവിധാനത്തിലേക്കുള്ള ഗൾഫ് രാജ്യങ്ങളുടെ വലിയൊരു ചുവടുവെപ്പാണിത്.