അബുദാബി കേരള സോഷ്യൽ സെന്റർ സമ്മർ ക്യാമ്പ് ‘വേനൽ തുമ്പികൾ 2025’ നു തുടക്കമായി.
അബുദാബി: അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ‘വേനൽ തുമ്പികൾ 2025’ നു തുടക്കമായി.ക്യാമ്പിന്റെ ഉദ്ഘാടനം സെന്റർ മിനി ഹാളിൽ നടന്നു. നാട്ടിൽ നിന്നും എത്തിയ അധ്യാപകൻ അഡ്വ: പ്രദീപ് പാണ്ടനാടും, കേരളത്തിന്റെ AI അത്ഭുത ബാലൻ എന്നറിയപ്പെടുന്ന റൗൾ ജോൺ അജുവും ചേർന്നാണ് ഈ വർഷത്തെ ക്യാമ്പ് നയിക്കുന്നത്. ജൂലൈ 28 മുതൽ ഓഗസ്റ്റ് 17 വരെ ശനി ഞായർ ഒഴികെയുള്ള ദിനങ്ങളിൽ രാത്രി ആറു മണിമുതൽ ഒൻപത് മണിവരെയാണ് ക്യാമ്പ് നടക്കുക. ഉദ്ഘാടന ചടങ്ങിൽ കെ എസ് സി പ്രസിഡന്റ് – മനോജ് ടി കെ അധ്യക്ഷനായി, വൈസ് പ്രസിഡന്റ്- ശങ്കർ ആർ, ട്രഷറർ – അനീഷ് ശ്രീദേവി, ക്യാമ്പ് ഡയറക്ടർ ലതീഷ് ശങ്കർ, അസിസ്റ്റന്റ് ക്യാമ്പ് ഡയറക്ടർ പ്രിയ ബാലു , ബാലവേദി കമ്മിറ്റി അംഗം അധീന ഫാത്തിമ, മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി തുടങ്ങിയവർ സംസാരിച്ചു.
പ്രായത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളിലായാണ് വേനൽ തുമ്പികൾ സമ്മർ ക്യാമ്പ് ഒരുക്കുക. ചിത്രരചന, ഗണിതം, ശാസ്ത്രം ,നാടൻ പാട്ടുകൾ,കരകൗശല വസ്തുക്കളുടെ നിർമ്മാണം, എ ഐ , റോബോട്ടിക്‌സ് , കരാട്ടെ , കളരി , യോഗ തുടങ്ങിയവ എല്ലാം ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്. 5 വയസ്സുമുതൽ 15 വയസ്സുവരെയുള്ള നൂറ്റമ്പതോളം കുട്ടികളാണ് ഇത്തവണ ക്യാമ്പിൽ പങ്കെടുക്കുന്നത്. കുട്ടികളിലെ സർഗാത്മകതയെ വളർത്തുവാനും, ഭയമില്ലാതെ പ്രശ്നങ്ങളെ നേരിടുന്നതിനും, പഠിക്കേണ്ടുന്ന കാര്യങ്ങള്‍ വിനോദങ്ങളിലൂടെ കുട്ടികളിലേക്ക് എത്തിക്കുവാനും ഇത്തരം ക്യാമ്പുകൾ സഹായകമാകുന്നു. കൂടാതെ കുട്ടികളെ ലക്ഷ്യപ്രാപ്തിയുള്ളവരും, സ്വയം പര്യാപ്തരുമാക്കുക എന്നത് കൂടി ക്യാമ്പ് ലക്ഷ്യമിടുന്നുണ്ട്. കെ എസ് സി ജനറൽ സെക്രട്ടറി സജീഷ് നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കലാവിഭാഗം സെക്രട്ടറി ഹാരിസ് ടി എച്ച് നന്ദി രേഖപ്പെടുത്തി.