അബുദാബി ആർട് ഇനി പുതിയ രൂപത്തിലേയ്ക്ക്.
അബുദാബി : എമിറേറ്റ്‌സിന്റെ സാംസ്കാരിക രംഗത്ത് 17 വർഷമായി നിറഞ്ഞുനിന്ന അബുദാബി ആർട് ഇനി പുതിയ രൂപത്തിലേയ്ക്ക്. ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസവും (ഡിസിടി അബുദാബി) പ്രശസ്ത ആഗോള ആർട്ട് പ്ലാറ്റ്‌ഫോമായ ഫ്രൈസും (Frieze) കൈകോർക്കുന്നതോടെ മേള ‘ഫ്രൈസ് അബുദാബി’ എന്ന പേരിൽ അറിയപ്പെടും. ആഗോള കലാ കലണ്ടറിലെ അബുദാബിയുടെ സ്ഥാനം കൂടുതൽ ശക്തമാക്കുന്നതാണ് ഈ പങ്കാളിത്തം. മധ്യപൂർവദേശത്ത് നിന്നും ലോകത്തെങ്ങുനിന്നുമുള്ള പ്രമുഖ ഗാലറികളെ ഒരുമിച്ച് കൊണ്ടുവരുന്ന ‘ഫ്രൈസ് അബുദാബി’യുടെ പ്രഥമ പതിപ്പ് 2026 നവംബറിൽ മനാറത്ത് അൽ സാദിയാത്തിൽ നടക്കും. എന്നാൽ, ഈ വർഷം (2025) അബുദാബി ആർട്ട് നിലവിലെ രൂപത്തിൽ തന്നെ നടക്കുമെന്നും പുതിയ മാറ്റങ്ങൾ 2026-ലെ പതിപ്പ് മുതലായിരിക്കും പ്രാബല്യത്തിൽ വരികയെന്നും അധികൃതർ അറിയിച്ചു.
ലോകോത്തര മ്യൂസിയങ്ങളും ആർട്ടിസ്റ്റ് റെസിഡൻസികളും വളർന്നുവരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങളും ഉൾപ്പെടുന്ന അബുദാബിയുടെ സാംസ്കാരിക പശ്ചാത്തലത്തിൽ ഈ മാറ്റം സ്വാഭാവികമായ വളർച്ചയുടെ ഭാഗമാണ്. ഫ്രൈസിൻ്റെ രാജ്യാന്തര ശൃംഖലകളും വിദഗ്ധ പരിജ്ഞാനവും ചേരുമ്പോൾ മേളയുടെ പ്രശസ്തി ലോകമെമ്പാടും എത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
ഏകദേശം രണ്ട് പതിറ്റാണ്ടായി അബുദാബി ആർട്ട് സംസ്കാരത്തോടുള്ള തങ്ങളുടെ കാഴ്ചപ്പാടാണെന്നും ഫ്രൈസ് അബുദാബിയുടെ വരവ് ഈ യാത്രയുടെ സ്വാഭാവികമായ പരിണാമമാണെന്നും ഡിസിടി അബുദാബി ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. അബുദാബിയുടെ സാംസ്കാരിക നേതൃത്വവും ലോകോത്തര നിലവാരമുള്ള സ്ഥാപനങ്ങളുമാണ് ഈ സഹകരണത്തിന് അടിത്തറയെന്ന് ഫ്രൈസിൻ്റെ സിഇഒ സൈമൺ ഫോക്സ് പറഞ്ഞു. പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച കലാകേന്ദ്രമെന്ന അബുദാബിയുടെ സ്ഥാനം ഈ പങ്കാളിത്തം ഊട്ടിയുറപ്പിക്കും.