അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻററിന്റെ പുതിയ കമ്മിറ്റിയുടെ പ്രവർത്തനോൽഘാടനവും മെംബേർസ് നൈറ്റും വിവിധ പരിപാടികളോടെ നടന്നു.
അബുദാബി: അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻററിന്റെ പുതിയ കമ്മിറ്റിയുടെ പ്രവർത്തനോൽഘാടനവും മെംബേർസ് നൈറ്റും വിവിധ പരിപാടികളോടെ നടന്നു. യു.എ.ഇ ഫോക്ക്‌ലോർ റിവൈവൽ അസോസിയേഷൻ തയ്യാറാക്കിയ സോളിഡാരിറ്റി വീഡിയോയുടെ പ്രദർശനത്തോടെയാണ് സെന്റർ പ്രധാന വേദിയിൽ പരിപാടികൾക്ക് തുടക്കമായത്. ഐ.എസ്.സി ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശേഷം നിലവിളക്ക് കൊളുത്തി പുതിയ ഭരണസമിതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ് ആശംസകൾ നേർന്നു. ഐ എസ് സി പ്രസിഡന്റ് ബിജി എം. തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ലിംസൺ ജേക്കബ്, വൈസ് പ്രസിഡന്റ് ഷിബോൺ എം.എസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. എമിറാത്തി ജനകീയ കവി മുഹമ്മദ് സയീദ് അൽ ഹില്ലി, അൽ ഹല്ലാമി ഗ്രൂപ്പ് ചെയർമാൻ ഒംറാൻ സുൽത്താൻ മാതർ അൽ ഹല്ലാമി, ദുബൈ കോടതികളുടെ മുൻ ജഡ്ജിയും പ്രോസിക്യൂട്ടറുമായിരുന്നും നിലവിൽ അറ്റ് അക്കോർഡ് ഇന്റർനാഷണലിന്റെ സ്ഥാപകനും സി.ഇ.ഒയുമായ അഡ്വ. മുഹമ്മദ് ഒബൈദ് ഖൽഫാൻ അൽ റദ്ദ അൽസ്വൈദി, യു.എ.ഇ. ഫോക്ലോർ റിവൈവൽ അസോസിയേഷന്റെ സെക്രട്ടറി ജനറലും ഐക്യരാഷ്ട്ര സഭയുടെ സുപ്രീം കൗൺസിൽ ഫോർ അറബ്-ആഫ്രിക്കൻ ഇക്കണോമിയുടെ ചെയർമാൻ ഹൈ കമ്മീഷണറുമായ മുസ്തഫ അലി അമ്ഷാൻ ബിൻ നഭാൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഐ.എസ്.സി ട്രഷററായ സി.എ. ജോൺ ജോസഫിനെയും ജെമിനി ഗ്രൂപ്പ് സി.ഇ.ഒ വിനീഷ് ഗണേഷ് ബാബുവിനെയും ജനറൽ ഗവർണർമാരായി ചടങ്ങിൽ പ്രഖ്യാപിച്ചു. തുടർന്ന് വിവിധ സാംസ്കാരിക പരിപാടികളും സംഗീതവിരുന്നും അരങ്ങേറി.