45 വർഷത്തെ പ്രവാസജീവിതത്തിന് വിരാമം; അബ്ദുൽ കരീമിന് വീക്ഷണം ഫോറത്തിന്റെ യാത്രയയപ്പ്
അബുദാബി: നാലരപ്പതിറ്റാണ്ട് നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബുദാബി മലയാളി സമാജം മുൻ വൈസ് പ്രസിഡന്റും, ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം മുൻ പ്രസിഡന്റും, ഇൻകാസ് അബുദാബി വർക്കിംഗ് പ്രസിഡന്റുമായ സി. എം. അബ്ദുൽ കരീമിന് ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം അബുദാബിയുടെ ആഭിമുഖ്യത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി.കഴിഞ്ഞ 45 വർഷമായി യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ആർക്കൈവ്സിൽ സേവനമനുഷ്ഠിച്ചിരുന്ന അബ്ദുൽ കരീം, പ്രവാസജീവിതത്തിലുടനീളം സാമൂഹിക, സാംസ്കാരിക, പൊതുപ്രവർത്തന മേഖലകളിൽ നൽകിയ നിസ്വാർത്ഥ സേവനങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. അബുദാബിയിലെ മലയാളി സമൂഹത്തിന്റെ വിവിധ സംഘടനകളുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും അദ്ദേഹം നൽകിയ നേതൃത്വവും സംഭാവനകളും ചടങ്ങിൽ അനുസ്മരിക്കപ്പെട്ടു.

വീക്ഷണം ഫോറം അബുദാബി പ്രസിഡന്റ് ടി. എം. നിസാർ അധ്യക്ഷനായ ചടങ്ങ് വീക്ഷണം ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എൻ. പി. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷാജികുമാർ സ്വാഗതവും ട്രഷറർ രാജേഷ് വടകര നന്ദിയും രേഖപ്പെടുത്തി.ചടങ്ങിൽ വീക്ഷണം ഫോറം മുൻ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് കൂടിയായ ശ്രീ. സി. എം. അബ്ദുൽ കരീമിന് സെൻട്രൽ കമ്മിറ്റിയുടെ സ്നേഹോപഹാരം പ്രസിഡന്റ് എൻ. പി. മുഹമ്മദാലി, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ എം. യു. ഇർഷാദ്, നിബു സാം ഫിലിപ്പ്, അനീഷ് ബാലകൃഷ്ണൻ എന്നിവർ ചേർന്ന് സമർപ്പിച്ചു. ചടങ്ങിൽ വീക്ഷണം ഫോറത്തിന്റെയും ഇൻകാസ് അബുദാബിയുടെയും വിവിധ ഭാരവാഹികളും പ്രവർത്തകരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്ത് ശ്രീ. അബ്ദുൽ കരീമിന് ആശംസകൾ നേർന്നു.