മലയാളം മിഷൻ അബുദാബി പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്ററിനു കീഴിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
സീനിയർ വിദ്യാർത്ഥികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളോടെയാണ് പ്രവേശനോത്സവത്തിനു തുടക്കം കുറിച്ചത്. പ്രവേശനോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി അദ്ധ്യക്ഷത വഹിച്ചു.

കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി. കെ. മനോജ്, മലയാളം മിഷൻ മേഖല കോർഡിനേറ്റർമാരായ രമേശ് ദേവരാഗം, പ്രീത നാരായണൻ, ഷൈനി ബാലചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. മലയാളം മിഷൻ അബുദാബി ചാപ്റ്റർ സെക്രട്ടറി ബിജിത് കുമാർ സ്വാഗതവും കൺവീനർ എ. പി. അനിൽകുമാർ നന്ദിയും പറഞ്ഞു.ആമ്പൽ വിദ്യാർത്ഥിനികളായ അദിതി സുധീഷ്, നിഹാരിക പ്രമോദ് എന്നിവർ അവതരിപ്പിച്ച അർദ്ധ ശാസ്ത്രീയ നൃത്തം, സൂര്യകാന്തി വിദ്യാർത്ഥിനി ഇഷാനി യുടെ സിനിമ ഗാനം, വസിഷ്ട് ഷെറീന്‍ അവതരിപ്പിച്ച ഇൻസ്ട്രുമെന്റൽ മ്യൂസിക്, കണിക്കൊന്ന വിദ്യാർത്ഥികളായ അസബ്, നിമേഷിക, അഗ്നിക, സിദ്ധാർഥ്, ബിൻലിയ എന്നിവർ അവതരിപ്പിച്ച സംഘ കവിത, സുജ സവിധം ചിട്ടപ്പെടുത്തി മലയാളം മിഷൻ അധ്യാപകർ ആലപിച്ച ശീർഷകഗാനം എന്നിവ പ്രവേശനോത്സവത്തിനു പകിട്ടേകി.

അബുദാബി ചാപ്റ്ററിനു കീഴിൽ ഇത് ഒൻപതാമത്തെ പ്രവേശനോത്സവമാകുന്നു. ഇതിനകം അഞ്ച് മേഖലകളിലായി 114 പഠനകേന്ദ്രങ്ങളിലായി 128 അധ്യാപകരുടെ കീഴിൽ രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾ മാതൃഭാഷയുടെ മാധുര്യം സൗജന്യമായി നുകർന്നു വരുന്നു. പ്രവേശനോത്സവത്തിലൂടെ നൂറോളം വിദ്യാർത്ഥികൾ പുതുതായി മലയാളം മിഷനിലേയ്ക്ക് പ്രവേശനം നേടിയിട്ടുണ്ട്.