PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHഷാർജയിൽ ദൃശ്യവിരുന്നൊരുക്കാൻ എക്സ്പോഷർ ഫോട്ടോഗ്രഫി ഫെസ്റ്റിവൽ ; പതിനൊന്നാം പതിപ്പ് 2027 മാർച്ച് 18 മുതൽ

ഷാർജയിൽ ദൃശ്യവിരുന്നൊരുക്കാൻ എക്സ്പോഷർ ഫോട്ടോഗ്രഫി ഫെസ്റ്റിവൽ ; പതിനൊന്നാം പതിപ്പ് 2027 മാർച്ച് 18 മുതൽ

ഷാർജയിൽ ദൃശ്യവിരുന്നൊരുക്കാൻ എക്സ്പോഷർ ഫോട്ടോഗ്രഫി ഫെസ്റ്റിവൽ ; പതിനൊന്നാം പതിപ്പ് 2027 മാർച്ച് 18 മുതൽ

ഷാർജ : പതിനൊന്നാമത് എക്സ്പോഷർ രാജ്യാന്തര ഫോട്ടോഗ്രഫി ഫെസ്റ്റിവൽ 2027 മാർച്ച് 18 മുതൽ 24 വരെ ഷാർജ അൽജാദയിൽ നടക്കുമെന്ന് ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ (എസ്ജിഎംബി) അറിയിച്ചു. സ്ക്രീനുകളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ചിത്രങ്ങൾ അതിവേഗം പ്രചരിക്കപ്പെടുകയും ക്യാമറയില്ലാതെ തന്നെ നിർമിതബുദ്ധി(എ െഎ) ഉപകരണങ്ങൾ ഉപയോഗിച്ച് യഥാർഥ ചിത്രങ്ങളെ വെല്ലുന്ന ദൃശ്യങ്ങൾ നിർമിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് മേള സംഘടിപ്പിക്കുന്നത്.ദൃശ്യ സാങ്കേതികവിദ്യ വികസിക്കുന്ന പശ്ചാത്തലത്തിൽ ഒരു ചിത്രം യാഥാർഥ്യത്തെയാണോ അതോ കലാപരമായ ഭാവനയെയാണോ പ്രതിഫലിപ്പിക്കുന്നത് എന്ന് തിരിച്ചറിയുന്നതും ചിത്രത്തിന്റെ ഉറവിടവും പശ്ചാത്തലവും മനസ്സിലാക്കുന്നതും ഏറെ പ്രധാനമാണ്. ചിത്രങ്ങൾ അതിവേഗം ഉൽപാദിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും ലോകത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ മെച്ചപ്പെടുത്തണമെന്നില്ലെന്ന് എസ്ജിഎംബി ഡയറക്ടർ ജനറൽ താരിഖ് സയീദ് അല്ലായ് പറഞ്ഞു. ഫോട്ടോകൾ പകർത്തുന്ന രീതി മനസ്സിലാക്കുന്നതുപോലെ തന്നെ ദൃശ്യങ്ങളെ തിരിച്ചറിയുകയും വേണം.

അവിടെയാണ് എക്സ്പോഷർ മേളയുടെ പ്രാധാന്യം വർധിക്കുന്നത്. ദൃശ്യങ്ങൾക്ക് പിന്നിലെ കഥകളിലേക്കും അവ സൃഷ്ടിച്ചവരിലേക്കും മേള വെളിച്ചം വീശുന്നു. മാറ്റങ്ങൾക്ക് വിധേയമാകുന്ന സാങ്കേതികവിദ്യകൾക്കിടയിലും മനുഷ്യജീവിതവും സാമൂഹിക മാറ്റങ്ങളും അടയാളപ്പെടുത്തുന്ന മാധ്യമമായി ഫോട്ടോഗ്രഫി നിലനിൽക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ പതിപ്പുകളിൽ ഫോട്ടോ ജേണലിസം, ഡോക്യുമെന്ററി, പ്രകൃതി, വന്യജീവി, പോർട്രെയ്റ്റ്, ഫൈൻ ആർട്ട് ഫോട്ടോഗ്രഫി, ഡോക്യുമെന്ററി ഫിലിമുകൾ എന്നിവയുടെ വിപുലമായ ശേഖരമാണ് എക്സ്പോഷർ അവതരിപ്പിച്ചത്. പ്രദർശനങ്ങൾ, പാനൽ ചർച്ചകൾ, ശിൽപശാലകൾ, വിദഗ്ധരുടെ കൂടിച്ചേരലുകൾ എന്നിവയിലൂടെ പഠിക്കാനും അനുഭവങ്ങൾ പങ്കുവയ്ക്കാനും കഴിവുകൾ വികസിപ്പിക്കാനും ഫോട്ടോഗ്രാഫർമാർക്ക് അവസരം ലഭിക്കുന്നു.

രണ്ടാം പതിറ്റാണ്ടിലേക്ക് കടക്കുന്ന ഫെസ്റ്റിവൽ, 2026 തുടക്കത്തിൽ നടന്ന പത്താം പതിപ്പിന്റെ തുടർച്ചയായാണ് സംഘടിപ്പിക്കുന്നത്. 95 കലാപ്രദർശനങ്ങൾ ഉൾപ്പെടുത്തിയ പത്താം പതിപ്പിൽ 34,000 സന്ദർശകരാണ് എത്തിയത്. ലോകത്തെങ്ങുമുള്ള ഫോട്ടോഗ്രാഫർമാരെയും ചലച്ചിത്രപ്രവർത്തകരെയും ആസ്വാദകരെയും എക്സ്പോഷർ ഒരുമിപ്പിക്കും. 108 രാജ്യങ്ങളിൽ നിന്നായി 22,000-ത്തിലേറെ ഫോട്ടോ, ഫിലിം എൻട്രികളാണ് എക്സ്പോഷർ രാജ്യാന്തര ഫോട്ടോഗ്രഫി അവാർഡ്സ് 2026–2027 ലേക്ക് ലഭിച്ചത്. വിജയികളെ പതിനൊന്നാം പതിപ്പിൽ പ്രഖ്യാപിക്കും.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment