ഷാർജ അന്താരാഷ്ട്ര പുസ്തകമേള ; യുവതലമുറ വായന ഉപേക്ഷിച്ചിട്ടില്ലെന്ന് ഇന്ത്യൻ എഴുത്തുകാർ
ഷാർജ: പുതുതലമുറക്ക് വായനയോട് താൽപര്യം കുറഞ്ഞിട്ടില്ലെന്നും, ഡിജിറ്റൽ ഉപകരണങ്ങളോടുള്ള അമിത ആശ്രയത്വം യുവാക്കൾക്ക് മാത്രമുള്ള പ്രശ്നമല്ലെന്നും പ്രമുഖ ഇന്ത്യൻ എഴുത്തുകാരായ റിയ ചോപ്രയും ദുർജോയ് ദത്തയും അഭിപ്രായപ്പെട്ടു. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ‘ലവ്, ലൈഫ് ആൻഡ് ദി സ്റ്റോറീസ് വി ടെൽ’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു ഇരുവരും. അവതാരകൻ നിനിൻ കാസിം നയിച്ച ചർച്ചയിൽ, സാങ്കേതികവിദ്യയും മാറുന്ന സാമൂഹിക സാഹചര്യങ്ങളും യുവതലമുറയുടെ വായനാശീലത്തെയും വ്യക്തിബന്ധങ്ങളെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് അവർ സംസാരിച്ചു.
യുവാക്കൾ വായിക്കുന്നില്ലെന്ന പൊതുധാരണയെ തള്ളിക്കളഞ്ഞ റിയ ചോപ്ര, കോവിഡ് കാലത്ത് സജീവമായ ‘ബുക്ക്‌ടോക്ക്’ ‘ബുക്ക്സ്റ്റാഗ്രാം’ തുടങ്ങിയ ഓൺലൈൻ വായനാ കൂട്ടായ്മകളുടെ വളർച്ച ഇതിന് തെളിവാണെന്ന് ചൂണ്ടിക്കാട്ടി. ‘നെവർ ലോഗ്ഡ് ഔട്ട്’ എന്ന പുസ്തകത്തിെൻറ രചയിതാവാണ് റിയ. യുവതലമുറയ്ക്ക് തങ്ങളുമായി ബന്ധപ്പെട്ട കഥകൾ ലഭിച്ചാൽ അവർ തീർച്ചയായും വായിക്കുമെന്നും എഴുത്തുകാർ അവരിലേക്ക് എത്താനുള്ള പുതിയ വഴികൾ കണ്ടെത്തണമെന്നും അവർ പറഞ്ഞു. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയം കുറയുന്നതും ഡിജിറ്റൽ ആശ്രയത്വവും മുതിർന്നവരിലും ഒരുപോലെ കാണപ്പെടുന്ന പ്രവണതയാണെന്ന് പ്രശസ്ത നോവലിസ്റ്റ് ദുർജോയ് ദത്ത അഭിപ്രായപ്പെട്ടു. വിവാഹം, മാതാപിതാക്കളാകൽ, പരമ്പരാഗത ബന്ധങ്ങൾ എന്നിവയോടുള്ള യുവതലമുറയുടെ മാറുന്ന മനോഭാവവും ചർച്ചയിൽ വിഷയമായി. സന്തോഷകരവും പൂർണവുമായ ജീവിതത്തിന് വിവാഹവും കുട്ടികളും അനിവാര്യമല്ലെന്ന് ദുർജോയ് ദത്ത പറഞ്ഞു.

അവിവാഹിതരായി തുടരാനും, നല്ല സൗഹൃദങ്ങൾ വളർത്താനും, കരിയറിനും മറ്റ് താൽപര്യങ്ങൾക്കും മുൻഗണന നൽകാനും തീരുമാനിക്കുന്നവർക്ക് അതിലൂടെയും ജീവിതവിജയവും സംതൃപ്തിയും കണ്ടെത്താൻ സാധിക്കും. ഇത്തരം ജീവിതരീതികൾ തിരഞ്ഞെടുക്കുന്നവരെ സമൂഹം കൂടുതൽ അംഗീകരിച്ചു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ സമൂഹത്തിൽ വിവിധതരം ബന്ധങ്ങൾക്ക് പരമ്പരാഗതമായി നൽകിവരുന്ന മുൻഗണനാക്രമങ്ങളെ റിയ ചോപ്രയും ചോദ്യം ചെയ്തു. മാറുന്ന ചിന്താഗതികൾ നിലവിലുള്ള സാമൂഹിക പ്രതീക്ഷകളെ പുനർവിചിന്തനം ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് അവർ വ്യക്തമാക്കി. സാങ്കേതികവിദ്യയും മാറുന്ന സാംസ്കാരിക കാഴ്ചപ്പാടുകളും വരുംതലമുറയെ എങ്ങനെ രൂപപ്പെടുത്തുമെന്നതിനെക്കുറിച്ചുള്ള ചോദ്യോത്തര വേളയോടെയാണ് സെഷൻ അവസാനിച്ചത്.