10 പുതിയ ബ്രെയിൽ പുസ്തകങ്ങൾ പ്രകാശനം ചെയ്ത് കലിമത്ത് ഫൗണ്ടേഷൻ
ഷാർജ: കുട്ടികളുടെ വായനാവകാശം സംരക്ഷിക്കുന്നതിെൻറയും എല്ലാവരെയും ഉൾക്കൊള്ളുന്ന വായനാസംസ്കാരം വളർത്തുന്നതിെൻറയുഒ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി കലിമത്ത് ഫൗണ്ടേഷൻ 10 പുതിയ ബ്രെയിൽ കഥാപുസ്തകങ്ങൾ പ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നടന്ന ചടങ്ങിൽ, ആറ് പ്രസാധകരുടെ പ്രശസ്തമായ ബാലസാഹിത്യ കൃതികളാണ് കാഴ്ചപരിമിതിയുള്ള കുട്ടികൾക്കായി ബ്രെയിൽ ലിപിയിൽ പുറത്തിറക്കിയത്. ഫൗണ്ടേഷന്റെ ‘അറ‘ പദ്ധതിക്ക് കീഴിൽ സായിദ് അതോറിറ്റി ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷനുമായി സഹകരിച്ചാണ് ഈ പുസ്തകങ്ങൾ തയാറാക്കിയത്. മൂന്ന് വയസ്സ് മുതൽ ഒ വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വരെ വായിക്കാൻ കഴിയുന്ന വിവിധ പുസ്തകങ്ങൾ ഈ ശേഖരത്തിലുണ്ട്. കലിമത്ത് ഗ്രൂപ്പിന്റെ അഞ്ച് പുസ്തകങ്ങൾക്ക് പുറമെ, അൽതഫാറൂദ്, റാബി, ഹുദ്ഹുദ്, വൗ പബ്ലിഷിങ്, തഖാഫ എന്നീ പ്രസാധകരുടെ ഓരോ കൃതികളും ഇതിൽ ഉൾപ്പെടുന്നു. വായന ഏതൊരു കുട്ടിയുടെയും അവകാശമാണെന്നും ബ്രെയിൽ പുസ്തകങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കലിമത്ത് ഫൗണ്ടേഷൻ ഡയറക്ടർ അംന അൽ മസ്മി പറഞ്ഞു.
ആഘോഷങ്ങളുടെ ഭാഗമായി സ്റ്റാളിൽ കഥപറച്ചിൽ, കരകൗശല ശില്പശാലകൾ എന്നിവ സംഘടിപ്പിച്ചു. കൂടാതെ, വേനൽക്കാല വായനാ കാമ്പയിനായ ‘യുനൈറ്റഡ് ബൈ സ്റ്റോറീസിൽ’ മികച്ച പ്രകടനം കാഴ്ചവെച്ച ഷാർജ നാഷനൽ ചാരിറ്റി പ്രൈവറ്റ് സ്കൂളിലെ മൂന്ന് വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. പുസ്തകമേളയോട് അനുബന്ധിച്ച് എമിറേറ്റ്സ് റീപ്രോഗ്രാഫിക് റൈറ്റ്സ് മാനേജ്മെന്റ് അസോസിയേഷനുമായി ചേർന്ന് രണ്ട് പ്രത്യേക സെഷനുകളും ഫൗണ്ടേഷൻ സംഘടിപ്പിച്ചു. മാരാകേഷ് ഉടമ്പടി നടപ്പിലാക്കുന്നതിലെ യു.എ.ഇയുടെ അനുഭവങ്ങളും, എ.ഐ ഉപയോഗിച്ച് പുസ്തകങ്ങൾ എളുപ്പത്തിൽ ബ്രെയിൽ ഉൾപ്പെടെയുള്ള രൂപങ്ങളിലേക്ക് മാറ്റുന്നതിനുള്ള സാങ്കേതികവിദ്യകളും ഈ ചർച്ചകളിൽ അവതരിപ്പിച്ചു. കുട്ടികളിൽ വായന വളർത്തുന്നതിനായി കലിമത്ത് ഫൗണ്ടേഷൻ ഇഎൽ സീഡ് ഉൽപന്നങ്ങളുടെ പ്രദർശനവും മേളയിലുണ്ടായിരുന്നു. ഇതിൽ നിന്നുള്ള വരുമാനം പിന്നാക്ക മേഖലകളിലെ കുട്ടികൾക്ക് പുസ്തകങ്ങൾ എത്തിക്കുന്ന ‘പ്ലെഡ്ജ് എ ലൈബ്രറി’ പദ്ധതിക്കായി വിനിയോഗിക്കും. 2016-ൽ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി സ്ഥാപിച്ച കലിമത്ത് ഫൗണ്ടേഷൻ, കുടിയേറ്റവും പരിമിതികളും നേരിടുന്ന കുട്ടികൾക്ക് അറിവിന്റെ വാതിലുകൾ തുറന്നുകൊടുക്കാനാണ് പ്രവർത്തിക്കുന്നത്. 2026 ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം, ‘പ്ലെഡ്ജ് എ ലൈബ്രറി’ പദ്ധതിയിലൂടെ 36 രാജ്യങ്ങളിലായി 240 സഞ്ചരിക്കുന്ന ലൈബ്രറികളും 30,000ത്തിലധികം പുസ്തകങ്ങളും വിതരണം ചെയ്തിട്ടുണ്ട്. ഇതിലൂടെ 1.7 ലക്ഷത്തിലധികം കുട്ടികൾക്ക് പ്രയോജനം ലഭിച്ചു.